'സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ സേതു സാർ'

സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

പ്രമുഖ സംവിധായകൻ കെഎസ് സേതുമാധവന് ആദരാഞ്ജലി അർപ്പിച്ച് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സേതുമാധവന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടിയുടെ കുറിപ്പ്. 

മമ്മൂട്ടിയുടെ കുറിപ്പ്

സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ- എന്നാണ് താരം കുറിച്ചത്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. 

ആദരാഞ്ജലിയുമായി മോഹൻലാൽ

മലയാള സിനിമയെ മാറ്റത്തിൻ്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരന്‍ ശ്രീ കെ.എസ് സേതുമാധവന്‍ സാറിന് ആദരാഞ്ജലികള്‍.  മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ തൻ്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര  ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിൻ്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.-  എന്നാണ് മോഹൻലാൽ കുറിച്ചത്. 

ഇന്ന് പുലർച്ചെയായിരുന്നു ചെന്നൈയിലെ വീട്ടിൽ വച്ച് സേതുമാധവൻ വിടപറയുന്നത്. 90 വയസായിരുന്നു. മലയാള സിനിമാ മേഖലയ്ക്ക് അടിത്തറപാകിയ സംവിധായകനാണ് സേതുമാധവൻ. 1960ൽ സിനിമയിലേക്ക് എത്തിയ അദ്ദേഹം 65 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, കടൽപാലം, പണിതീരാത്ത വീട്, അനുഭവങ്ങൾ പാളിച്ചകൾ, പുനർജന്മം തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com