സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് വിരാട പർവം. റാണ ദഗുബാട്ടിയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്റ് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത് യഥാർത്ഥ സംഭവമാണ്.
സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ എന്ന കഥാപാത്രമായാണ് റാണ എത്തുന്നത്. രാവണ്ണയുടെ കവിതകളിലൂടെ അദ്ദേഹത്തോട് പ്രണയത്തിലാവുകയാണ് സായ് പല്ലവിയുടെ കഥാപാത്രം. തന്റെ പ്രണയത്തിനായി വീടുവിട്ടിറങ്ങുന്ന സായിയുടെ ജീവിതവും സഖാവ് രാവണ്ണയുടെ പോരാട്ടവുമാണ് ചിത്രത്തിൽ പറയുന്നത്. ടീസറിൽ നിറഞ്ഞു നിൽക്കുന്നത് സായ് പല്ലവിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ്. പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വേണു ഉഡുഗുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഏപ്രിൽ 30ന് തിയറ്ററുകളിലെത്തും. സുരേഷ് പ്രൊഡക്ഷന്‍സ്, എസ്എല്‍വി സിനിമാസ് എന്നീ ബാനറുകളില്‍ സുധാകര്‍ ചെറുകുറി ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഡാനി സാലൊ, ദിവാകര്‍ മണി. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം സുരേഷ് ബൊബ്ബിളി. സംഘട്ടനം പീറ്റര്‍ ഹെയ്ന്, സ്റ്റെഫാന്‍ റിഷ്റ്റര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ