'വാരിയംകുന്നനിൽ നിന്ന് പിൻമാറിയത് എന്റെ തീരുമാനമല്ല, മറുപടി പറയേണ്ടത് ഞാനല്ല'; പൃഥ്വിരാജ്

'ത​ന്റെ വ്യക്തിജീവിതത്തെ കുറിച്ചും കലാജീവിതത്തെ കുറിച്ചും പുറത്തുള്ളവർ എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാറില്ല'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പ്രഖ്യാപനം മുതൽ വലിയ വിവാദങ്ങൾക്ക് കാരണമായ സിനിമയാണ് വാരിയംകുന്നൻ. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. അവസാനം പൃഥ്വിരാജും ആഷിഖ് അബുവും ചിത്രത്തിൽ നിന്നു പിൻമാറി എന്ന വാർത്തയാണ് പുറത്തുവന്നത്. എന്നാൽ വാരിയൽ കുന്നനിൽ നിന്നു പിന്മാറാനുള്ള തീരുമാനം തന്റേതല്ല എന്നു പറയുകയാണ് പൃഥ്വിരാജ്. പുതിയ ചിത്രം ഭ്രമത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ദുബായിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. 

വാരിയംകുന്നന്‍ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ താനല്ല എന്നും അത് കൊണ്ട് ആ സിനിമ യാഥാര്‍ഥ്യമാകാത്തതിന് മറുപടി പറയേണ്ടത് താനല്ല എന്നും പൃഥ്വിരാജ് പറഞ്ഞു. വാരിയൻകുന്നനുമായി ബന്ധപ്പെട്ട്​ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന്​ ത​ന്റെ വ്യക്തിജീവിതത്തെ കുറിച്ചും കലാജീവിതത്തെ കുറിച്ചും പുറത്തുള്ളവർ എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാറില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

താരത്തിന്റെ പുതിയ ചിത്രം ഭ്രമം യുഎഇയിൽ തിയറ്ററിൽ റിലീസ് ചെയ്തിരുന്നു. സൂപ്പർഹിറ്റായി മാറിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ മലയാളം റീമേക്കാണ് ചിത്രം. പൃഥ്വിരാജിനൊപ്പം മംമ്ത മോ​ഹൻദാസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ത്യയിൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com