'എനിക്കും ആ​ഗ്രഹമുണ്ടായിരുന്നു പ്രണവിനെപ്പോലെ നടക്കാൻ, 30 വർഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം'; മോഹൻലാൽ

'പ്രണവിന് സിനിമയിൽ അഭിനയിക്കാൻ ഒരു താല്പര്യവും ഇല്ലായിരുന്നു. വളരെ നിർബന്ധിച്ചതിന് ശേഷമാണ് സിനിമയിൽ എത്തിയത്'
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

പ്രണവിനെപ്പോലെ യാത്രകൾ ചെയ്ത് സ്വതന്ത്ര്യനായി നടക്കാൻ തനിക്കും താൽപ്പര്യമുണ്ടായിരുന്നു എന്ന് നടൻ മോഹൻലാൽ. തന്റെ ആ​ഗ്രഹം സാധിക്കാതെ പോയെന്നും എന്നാൽ പ്രണവ് ഇഷ്ടത്തിന് അനുസരിച്ച് നടക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മരക്കാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

പ്രണവ് ഇങ്ങനെ നടക്കുന്നതു കാണുമ്പോൾ സന്തോഷം

പ്രണവ് യാത്ര ചെയ്യുമ്പോലെ എനിക്കും ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. ഒരു പക്ഷേ അന്ന് എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിരുന്നുവെങ്കിൽ ഞാനും ഇങ്ങനെ പോയേനെ. ഞാൻ ചെയ്യാൻ ആ​ഗ്രഹിച്ചതും എനിക്ക് സാധിക്കാത്തതുമായ കാര്യങ്ങൾ അയാള് ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നു. സ്വതന്ത്രനായി നടക്കുന്നു, അതിന്റെ സന്തോഷമുണ്ട് എനിക്ക്. ഇടയ്ക്ക് സിനിമകൾ ചെയ്യുന്നു. നമ്മളും ആ​ഗ്രഹിച്ച കാര്യമാണ് ഇതൊക്കെ, വേണമെങ്കിൽ ഒരു മുപ്പത് വർഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം', മോഹൻലാൽ പറഞ്ഞു. 

പ്രണവിന് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നു

മരക്കാറിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവാണ്. കുഞ്ഞു കുഞ്ഞാലി ആയാണ് താരം ചിത്രത്തിൽ എത്തുന്നത്. എന്നാൽ പ്രണവ് സിനിമ കണ്ടില്ലെന്നും താരമിപ്പോൾ പോർച്ചു​ഗലിലാണെന്നും മോഹൻലാൽ പറഞ്ഞു. സിനിമയിലേക്ക് പ്രണവ് താൽപ്പര്യം ഇല്ലാതെയാണെന്നും എന്നാൽ ഇപ്പോൾ മലയാളം പഠിക്കാനും പുസ്തകങ്ങൾ വായിക്കാനും താൽപ്പര്യമാണെന്നും താരം വ്യക്തമാക്കി. 'പ്രണവിന് സിനിമയിൽ അഭിനയിക്കാൻ ഒരു താല്പര്യവും ഇല്ലായിരുന്നു. വളരെ നിർബന്ധിച്ചതിന് ശേഷമാണ് സിനിമയിൽ എത്തിയത്. പക്ഷേ ഇപ്പോൾ മലയാളം പഠിക്കണമെന്നുണ്ട് പ്രണവിന്. ബഷീറിന്റെ പുസ്തകങ്ങൾ വായിക്കുന്നു. ഇപ്പോൾ മലയാളം പഠിച്ചു കഴിഞ്ഞു. പ്രണവ് നല്ല രീതിയിൽ എഴുതുന്ന ആള് കൂടിയാണ്. അതോക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു', മോഹൻലാൽ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com