കുട്ടികളൊക്കെ വളർന്നു പോയി, ബറോസിന്റെ ഷൂട്ട് ചെയ്ത രം​ഗങ്ങളെല്ലാം ഒഴിവാക്കി; ആദ്യം മുതൽ തുടങ്ങാൻ മോഹൻലാൽ

ആദ്യം ഷൂട്ട് ചെയ്ത രം​ഗങ്ങളെല്ലാം ഒഴിവാക്കി ആദ്യം മുതൽ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
ചിത്രങ്ങൾ: ഫേസ്ബുക്ക്
ചിത്രങ്ങൾ: ഫേസ്ബുക്ക്


മോഹൻലാൽ ആദ്യമായി സംവിധായകന്റെ വേഷമിടുകയാണ് ബറോസ് എന്ന ചിത്രത്തിലൂടെ. കുട്ടികൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ ഇതാ ബറോസിന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കാനൊരുങ്ങുകയാണ് മോഹൻലാൽ. ഈ മാസം 15നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. 

മോഹൻലാൽ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. എന്നാൽ ആദ്യം ഷൂട്ട് ചെയ്ത രം​ഗങ്ങളെല്ലാം ഒഴിവാക്കി ആദ്യം മുതൽ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ച കുട്ടികൾ വളർന്നുപോയതുകൊണ്ടും പലർക്കും വരാൻ കഴിയാത്ത അവസ്ഥയായതുകൊണ്ടുമാണ് ഷൂട്ട് ചെയ്ത രം​ഗങ്ങൾ ഒഴിവാക്കുന്നത്. 

മോഹൻലാലിന്റെ വാക്കുകൾ

കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടിവരുന്നത്. ബറോസില്‍ അഭിനയിച്ചിരുന്ന കുട്ടിക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. വിദേശത്തുള്ള ചിലര്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ ചിത്രീകരിച്ചത് അത്രയും ഷെല്‍വ് ചെയ്യുകയാണ്.- മോഹൻലാൽ പറഞ്ഞു. 

നിധി കാക്കുന്ന ഭൂതത്തിന്റെ സിനിമ

ഫാന്റസി സിനിമ എന്ന നിലയില്‍ ലോകത്തിന് കാണിച്ച് കൊടുക്കാവുന്ന പലതും ബറോസിലുണ്ടെന്നാണ് താരം പറയുന്നത്. പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ - സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com