മമ്മൂട്ടിയുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മമ്മൂട്ടിയുടേയും ദുൽഖറിന്റേയും പേരിൽ  ചെങ്കൽപ്പെട്ടിലെ കറുപ്പഴിപ്പള്ളത്തുള്ള 40 ഏക്കർ സ്ഥലമാണ് കേസിൽപ്പെട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ; ചെന്നൈയ്ക്കടുത്തുള്ള ചെങ്കൽപ്പെട്ടിൽ നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പിടിച്ചെടുക്കാനുള്ള തമിഴ്‌നാട് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് തിരിച്ചുപിടിക്കാനായിരുന്നു ഉത്തരവ്. മമ്മൂട്ടിയുടേയും ദുൽഖറിന്റേയും പേരിൽ  ചെങ്കൽപ്പെട്ടിലെ കറുപ്പഴിപ്പള്ളത്തുള്ള 40 ഏക്കർ സ്ഥലമാണ് കേസിൽപ്പെട്ടത്. 

മമ്മൂട്ടിയുടേയും ദുൽഖറിന്റേയും പേരിലുള്ള 40 ഏക്കർ സ്ഥലം

വർഷങ്ങൾ നീണ്ടുനിന്ന് നിയമപോരാട്ടത്തിനൊടുവിലാണ് ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയൻ ഉത്തരവിട്ടത്. കേസ് ചൊവ്വാഴ്ച വാദം കേട്ടപ്പോൾ ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ശരിവെച്ചുകൊണ്ട് സർക്കാർ അഭിഭാഷകൻ വാദിച്ചു. സ്വകാര്യസ്ഥലമാണ് മമ്മൂട്ടിയും ദുൽഖറും വാങ്ങിയതെന്ന് അവർക്കുവേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു. വാദം ഏറെ സമയം നീണ്ടുനിന്നു. തുടർന്നാണ് ജസ്റ്റിസ് ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായും റദ്ദാക്കി ഉത്തരവിട്ടത്. അതേസമയം, മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വിശദീകരണം കേട്ട് കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്‌ട്രേഷന് 12 ആഴ്ചയ്ക്കുള്ളിൽ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.

മമ്മൂട്ടി സ്ഥലം വാങ്ങിയത് 1997ൽ

ഈ വർഷം മാർച്ചിലാണ് മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി പിടിച്ചെടുക്കാൻ  സി‌എൽ‌എ ഉത്തരവിടുന്നത്. തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും പറഞ്ഞായിരുന്നു നടപടി. ഇതിനെതിരെയും താരകുടുംബ ജോയിന്റ് റിട്ട് ഫയൽ ചെയ്തത്. 

1997ലാണ് കപാലി പിള്ള എന്നയാളിൽ നിന്നു മമ്മൂട്ടിയും കുടുംബവും 40 ഏക്കർ ഭൂമി വാങ്ങുന്നത്. 1929ൽ 247 ഏക്കർ കൃഷിഭൂമിയുടെ ഭാഗമായിരുന്നു ഈ സ്ഥലം. എന്നാൽ, പിന്നീട് കപാലി പിള്ളയുടെ മക്കൾ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ പട്ടയം സിഎൽഎയും റദ്ദാക്കി. ഇതിനെതിരെ മമ്മൂട്ടി 2007ൽ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാൽ, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 2020 മേയ് മാസത്തിൽ സിഎൽഎ നീക്കം തുടങ്ങിയതോടെയാണു മമ്മൂട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റിൽ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്‌ട്രേഷന് നിർദേശം നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com