'ചാക്കോമാഷെ കടുവയെന്ന് വിളിച്ച് ആക്ഷേപിച്ചത് ഞാനാണ്'; സ്ഫടികത്തിലെ അറിയാക്കഥ പറഞ്ഞ് ആലപ്പി അഷ്റഫ്

ചാക്കോമാഷേ കടുവയെന്ന് വിളിച്ച ശബ്ദത്തിന് ഉടമ താനാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്
സ്ഫടികം ചിത്രത്തിൽ നിന്ന്, ആലപ്പി അഷ്റഫ്/ ഫേയ്സ്ബുക്ക്
സ്ഫടികം ചിത്രത്തിൽ നിന്ന്, ആലപ്പി അഷ്റഫ്/ ഫേയ്സ്ബുക്ക്

ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും തിലകനും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. അതിനാൽ ആടുതോമയും ചാക്കോമാഷും സിനിമാ പ്രേമികൾക്കിടയിൽ ഇന്നും ചർച്ചയാണ്. ഇവർക്കൊപ്പം ആരാധകരുടെ കയ്യടി വാങ്ങുന്ന മറ്റൊരാൾ കൂടിയുണ്ട്. ആടുതോമയുടെ കയ്യിൽ നിന്ന് പഴം വാങ്ങി തിന്ന് ചാക്കോമാഷേ കടുവയെന്ന് വിളിച്ച് പരിഹസിക്കുന്ന മൈന. ചാക്കോമാഷേ പേടിയില്ലാത്ത ഒരേ ഒരാൾ ഈ മൈനയായിരിക്കും. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഒരു അറിയാക്കഥ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ചാക്കോമാഷേ കടുവയെന്ന് വിളിച്ച ശബ്ദത്തിന് ഉടമ താനാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ചിത്രത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. 

ആലപ്പി അഷ്റഫിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക് 
വിളിച്ച് എൻ്റെ പേര് ആലേഖനംചെയ്ത ഒരു ഷീൽഡ് നല്കി എനിക്ക് ആദരവ് തന്നു. എന്തിനന്നോ... 
ആ സിനിമയിൽ ഞാനും ശബ്ദം നല്കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല.. പിന്നയോ.. ? അതിലെ അതികായകനായ ചാക്കോ മാഷ്നെ " കടുവാ കടുവാ " എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി,

ആ ശബ്ദം നല്കിയിരുന്നത് ഞാനായിരുന്നു. സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു.  ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു . റി റിക്കാർഡിംഗിൻ്റെ അവശ്യത്തിലേക്കുള്ള  ശബ്ദങ്ങൾക്കായ് അന്ന് ലാലിൻ്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.

ലാലിന് വേണ്ടി ഡബ്ബ്  ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു.  മൈനക്ക് വേണ്ടിയുള്ള എൻ്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിൻ്റെ കാര്യത്തിൽ അങ്ങിനെ തീരുമാനമായ്.

സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി. അവരും എന്നെ വിളിച്ചു. ഈ കിളിയുടെ ശബ്ദം ചെയ്യാൻ, "ഇവിടെ ഇത് ചെയ്യാൻ ആളില്ല സാർ.."  മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരെയെന്ന് ഞാൻ ചോദിച്ചു. ഇല്ല സാർ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാർഗ്ഗമൊന്നുമില്ല സഹായിക്കണം.
കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി , സ്ഫടികം മോഡൽ ശബ്ദത്തിൽ "കരടി കരടി " എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com