കളിചിരിയുമായി ജൂനിയർ ചീരു, മകനെ പരിചയപ്പെടുത്തി മേഘ്ന; വൈറലായി വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 12:36 PM |
Last Updated: 14th February 2021 12:36 PM | A+A A- |
ജൂനിയർ ചീരു, മേഘ്നയും കുഞ്ഞും ചിരഞ്ജീവി സർജയുടെ ചിത്രത്തിന് സമീപം/ വിഡിയോ ദൃശ്യം
തന്റെ പ്രിയതമന്റെ ഏറ്റവും വലിയ പ്രണയസമ്മാനം ആരാധകർക്ക് പരിചയപ്പെടുത്തി നടി മേഘ്ന രാജ്. മകൻ ജൂനിയർ ചീരുവിന്റെ മുഖമാണ് താരം പുറത്തുവിട്ടത്. മനോഹരമായ വിഡിയോയിലൂടെയായിരുന്നു താരം കുഞ്ഞിനെ പരിചയപ്പെടുത്തിയത്. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കത്തും മേഘ്ന ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അമ്മയ്ക്കും അപ്പയ്ക്കും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.. നിരുപാധികം സ്‌നേഹിക്കുന്ന കുടുംബം'- മേഘ്ന കുറിച്ചു. ജൂനിയർ ചീരുവിന്റെ ചിരിയും കളിയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. കൂടാതെ ചിരഞ്ജീവി സർജയുടെ ചിത്രത്തിന് അരികെ നിൽക്കുന്ന മേഘ്നയുടേയും കുഞ്ഞിന്റേയും ചിത്രവും കാണാം. വിഡിയോ ആരാധകരുടെ മനം കവരുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായി വിടപറയുന്നത്. ആ സമയം നാലു മാസം ഗർഭിണിയായിരുന്നു മേഘ്ന. പ്രിയതമന്റെ വേർപാടിൽ തളരാതെ പിടിച്ചു നിന്ന മേഘ്ന ആരാധകരുടെ ഹൃദയത്തിൽ ഇടംനേടിയിരുന്നു. 2020 ഒക്ടോബറിലാണ് താരത്തിന് ആൺകുഞ്ഞ് പിറക്കുന്നത്.