ബ്രാഹ്മണരെ അപമാനിച്ചെന്ന് ആരോപണം, ധ്രുവ സർജയുടെ ചിത്രത്തിലെ 14 രം​ഗങ്ങൾ വെട്ടിമാറ്റി

രശ്മിക മന്ദാന നായികയായി എത്തുന്ന പൊ​ഗരു എന്ന ചിത്രത്തിലെ 14 രം​ഗങ്ങളാണ് മാറ്റിയത്
പൊ​ഗരുവിൽ ധ്രുവ സർജ
പൊ​ഗരുവിൽ ധ്രുവ സർജ

ബ്രാഹ്മണരെ അപമാനിച്ചെന്ന് ആരോപിച്ച് വിമർശനം ഉയർന്നതിനെ തുടർന്ന് നടൻ ധ്രുവ സർജയുടെ പുതിയ ചിത്രത്തിലെ രം​ഗങ്ങൾ വെട്ടിമാറ്റി. രശ്മിക മന്ദാന നായികയായി എത്തുന്ന പൊ​ഗരു എന്ന ചിത്രത്തിലെ 14 രം​ഗങ്ങളാണ് മാറ്റിയത്. ചിത്രത്തിലെ ചില ഡയലോ​ഗുകൾ വിവാ​ദമായതിന് പിന്നാലെയാണ് നടപടി. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റെടെയ്‍നറാണ്. 

ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്നാണ് ചിത്രത്തിനെതിരെ ഉയർന്ന ആരോപണം. സിനിമയ്ക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കർണാടക ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡും ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും നടത്തിയ ചർച്ചയിലാണ് വിവാദരംഗങ്ങൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. കഥയില്‍ മാറ്റങ്ങള്‍ വരാത്ത രീതിയിലാണ് രംഗങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്.  

പൂജ ചെയ്തുകൊണ്ടിരിക്കുമ്പോൾ പൂജാരിയെ നടൻ ആക്രമിക്കുന്നത് ഉൾപ്പടെയുള്ള രം​ഗങ്ങൾക്കാണ് കത്രിക വീണത്. ഏതെങ്കിലും വിഭാ​ഗത്തിന്റെ വികാരം വ്രണപ്പെടുത്താനായി അറിഞ്ഞുകൊണ്ടല്ല രം​ഗങ്ങൾ ഉൾപ്പെടുത്തിയതെന്നാണ് ധ്രുവ പറയുന്നത്. ചിത്രത്തിൽ ശിവ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ ദുഷ്ടത്തരം കാണിക്കുവാനാണ് ഇത്തരത്തിലുള്ള രം​ഗങ്ങൾ ഉൾപ്പെടുത്തിയത് എന്നാണ് പത്രക്കുറിപ്പിലൂടെ ധ്രുവ പറയുന്നത്. ലോക്ക്ഡൗണിന് ശേഷം കന്നഡയിൽ റിലീസ് ചെയ്ത ബി​ഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. മികച്ച വിജയമാണ് ചിത്രം നേടുന്നത്. അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ എന്ന നിലയിലാണ് ധ്രുവ സർജ മലയാളികൾക്കിടയിൽ ശ്രദ്ധേയനാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com