മുൻ ആരാധകർ ഫ്ളാറ്റ് ഒഴിയുന്നില്ല; പൊലീസിൽ പരാതി നൽകി വിജയ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 11:41 AM |
Last Updated: 10th January 2021 11:41 AM | A+A A- |
വിജയ്/ഫയല്‍ ചിത്രം
സൂപ്പർതാരം വിജയിന്റെ മാസ്റ്റർ റിലീസിന് ഒരങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം എത്തുന്നത്. അതിനിടെ തന്റെ മുൻ ആരാധകർക്ക് എതിരെ പരാതിയുമായി പൊലീസിന് സമീപിച്ചിരിക്കുകയാണ് താരം. സാലിഗ്രാം പ്രദേശത്ത് വിജയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് ഒഴിയുന്നില്ലെന്ന് കാട്ടിയാണ് താരത്തിന്റെ പരാതി.
നടന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തകരായിരുന്ന രവി രാജ്, എ.സി കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി ഇവർ ഈ അപ്പാർട്ട്മെന്റുകളിലാണ് താമസിച്ചിരുന്നത്. എന്നാൽ അടുത്തിടെ ഇരുവരേയും സംഘടനയുടെ അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെ ഫ്ളാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിജയ്‌യുടെ അഭിഭാഷകർ വിരുഗമ്പാക്കം സ്റ്റേഷനിൽ പോലീസ് പരാതി നൽകിയത്.
രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ വിജയ്‌യുടെ പിതാവ് എസ്.എൻ.ചന്ദ്രശേഖറുമായി ഇരുവരും കൈകോർത്തു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കിയത്. പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങി. അതിനിടെ ഇരുവരും ഫ്ളാറ്റ് ഒഴിയാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിജയ് മക്കൾ ഇയക്കത്തിലെ മുൻ അംഗങ്ങളെ ചേർത്ത് പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് റിപ്പോർട്ടുകൾ. എസ് എ ചന്ദ്രശേഖർ മക്കൾ ഇയക്കം എന്ന പേരിലാണ് പാർട്ടി രൂപീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അച്ഛൻ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും വിജയ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.