'കാണാൻ കൊള്ളാത്തതു കൊണ്ട് എന്നെ പടത്തിൽ എടുക്കുന്നില്ലെന്ന് പറഞ്ഞു, സെക്കൻഡ് ഷോയിൽ അഭിനയിച്ചത് അവരോട് വാശിതീർക്കാൻ; ഗൗതമി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2021 12:52 PM |
Last Updated: 17th January 2021 12:52 PM | A+A A- |
ഗൗതമി/ ഇൻസ്റ്റഗ്രാം
ദുൽഖർ സൽമാന്റെ നായികയായി എത്തി മലയാളികളുടെ മനസു കവർന്ന നായികയാണ് ഗൗതമി. പിന്നീട് ഫഹദ് ഫാസിലിനൊപ്പമുള്ള ഡയമണ്ട് നെക്ലസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ സിനിമയോടുള്ള താൽപ്പര്യം കൊണ്ടല്ല അഭിനയത്തിലേക്ക് എത്തിയത് എന്നാണ് താരം പറയുന്നത്. ചിലരോടുള്ള വാശി തീർക്കാനായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്.
'2011 ലായിരുന്നു ആ ഓഡിഷൻ നടന്നത്. പുതിയ ഡയറക്ടറുടെ സിനിമയായിരുന്നു. വലിയ താരങ്ങളൊക്കെയുണ്ടെന്നാണ് പറഞ്ഞത്. അവര്‍ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകള്‍ക്ക് ശേഷം അതില്‍ വര്‍ക്ക് ചെയ്യുന്നൊരു ചേട്ടന്‍ എന്നോട് പറഞ്ഞു, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ കാണാന്‍ കൊള്ളില്ലാത്തത് കൊണ്ട് അവരെന്നെ ആ പടത്തില്‍ എടുക്കുന്നില്ലെന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെയെനിക്ക് വാശിയായിരുന്നു. ആ സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കന്‍ഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു. അവരും ഓഡിഷന്‍ നടത്തുന്നുണ്ടായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ട് അവർ ഓഡിഷന് വിളിച്ചു. ആ വാശിപ്പുറത്താണ് ഞാന്‍ സെക്കന്‍ഡ് ഷോ യില്‍ അഭിനയിക്കുന്നത്''- ഗൗതമി പറഞ്ഞു.
ആ സംഭവം നടന്ന ഒരു മാസത്തിന് ശേഷമാണ് സെക്കൻഡ് ഷോയിലെ നായികയായി തന്നെ പ്രഖ്യാപിക്കുന്നത്. അതോടെ തന്റെ വാശിയും പോയെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ സംവിധാന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. വൃത്തം എന്ന ചിത്രത്തിലൂടെയാണ് താരം സംവിധായികയായി അരങ്ങേറുന്നത്.