'പൊത്തം പൊത്തം നൂത്തന്തു' വൈറലായി, മലയാളം പഠിച്ച് കയാദു, ഈ വിഡിയോ കണ്ടാൽ ഞെട്ടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 02:30 PM |
Last Updated: 29th March 2021 02:30 PM | A+A A- |
കയാദു/ ഇൻസ്റ്റഗ്രാം
കന്നട നടി കയാദുവാണ് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ നായികയായി എത്തുന്നത്. നായികയെ പരിചയപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പുറത്തിറക്കിയിരുന്നു. എന്നാൽ കയാദുവിനെ വൈറലാക്കിയത് അവരുടെ മലയാളമാണ്. തന്റെ ആദ്യ മലയാളം സിനിമയെ പരിചയപ്പെടുത്തിക്കൊണ്ടൊരു വിഡിയോ അവർ പങ്കുവെച്ചിരുന്നു. അതിൽ പത്തൊൻപതാം നൂറ്റാണ്ട് എന്നതിനു പകരം ‘പൊത്തം പൊത്തം നൂത്തന്തു’ എന്നായിരുന്നു പറഞ്ഞിരുന്നത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കയാദുവിനെക്കുറിച്ചുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചിത്രത്തിന്റെ പേരു പോലും അറിയാത്തയാളാണോ നായിക എന്നായിരുന്നു വിമർശനം. ഇപ്പോൾ താരം പങ്കുവെച്ച വിഡിയോ ആരാധകരെ ഞെട്ടിക്കുകയാണ്. മലയാളം പഠിച്ച് മണിമണിയായി സംസാരിക്കുകയാണ് കയാദു. പത്തൊൻപതാം നൂറ്റാണ്ട് എന്നു മാത്രമല്ല ആരാധകർക്ക് ഹോളി ആശംസകളും നേരുന്നത് മലയാളത്തിൽ തന്നെയാണ്.
‘എല്ലാവർക്കും നമസ്കാരം. ഞാനിപ്പോൾ പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കേഷനിലാണ്. എല്ലാവർക്കും എന്റെ ഹോളി ആശംസകൾ’ കയാദു പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് വിഡിയോ. കുതിരപ്പുറത്ത് പാഞ്ഞെത്തി മലയാളത്തിൽ സംസാരിക്കുന്ന കയാദുവിനെയാണ് വിഡിയോയിൽ കാണുന്നത്. എന്തായാലും കുറഞ്ഞ സമയം കൊണ്ട് മലയാളം പഠിച്ചെടുത്ത കയാദുവിനെ പ്രശംസിക്കുകയാണ് ആരാധകർ.
പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കയാദു അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ പരിശീലനവും കഠിന പ്രയത്‌നവും പൂര്‍ത്തിയാക്കിയാണ് കയാദു നങ്ങേലിയുടെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി കുതിരയോട്ടവും നടി അഭ്യസിച്ചു. മുകില്‍ പെട്ട എന്ന കന്നട സിനിമയാണ് നടിയുടെ ആദ്യ സിനിമ. തിരുവിതാംകൂര്‍ ചരിത്രം പറയുന്ന ചിത്രത്തില്‍ നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കാണ് സിജു വില്‍സണ്‍ ജീവന്‍ നല്‍കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.