'കടയ്ക്കൽ ചന്ദ്രനെ കണ്ടു പഠിക്കൂ', ജ​ഗൻമോഹന്‌‍ റെഡ്ഡിയോട് സ്വന്തം പാർട്ടിയുടെ നേതാവ്

ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കടയ്ക്കൽ ചന്ദ്രനെപ്പോലെയാകാൻ ആന്ധ്രാ മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡിയോട് പറയുകയാണ് വൈഎസ്ആർ കോൺഗ്രസ് എംപി കെ രഘുരാമകൃഷ്‍ണരാജു
വണ്ണിൽ മമ്മൂട്ടി, ജ​ഗൻമോഹൻ റെഡ്ഡി/ ഫയൽ ചിത്രം
വണ്ണിൽ മമ്മൂട്ടി, ജ​ഗൻമോഹൻ റെഡ്ഡി/ ഫയൽ ചിത്രം

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയ ചിത്രമാണ് വൺ. ചിത്രം നെറ്റ്ഫ്ളികിസിൽ റിലീസ് ചെയ്തതോടെ അന്യഭാഷയിൽ നിന്നുള്ളവരും ചിത്രത്തെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അന്ധ്രപ്രദേശിൽ നിന്നുള്ള ഒരു എംപി വണ്ണിനെക്കുറിച്ച് കുറിച്ച വാക്കുകളാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കടയ്ക്കൽ ചന്ദ്രനെപ്പോലെയാകാൻ ആന്ധ്രാ മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡിയോട് പറയുകയാണ് വൈഎസ്ആർ കോൺഗ്രസ് എംപി കെ രഘുരാമകൃഷ്‍ണരാജു. 

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്നതിൻറെ തെളിവാണെന്നും നമ്മുടെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയോടും ആന്ധ്രയിലെ ജനങ്ങളോടും ചിത്രം കാണാൻ താൻ നിർദേശിക്കുകയാണെന്നും രഘുരാമകൃഷ്‍ണരാജു ട്വിറ്ററിൽ കുറിച്ചു.  "മമ്മൂട്ടി നായകനായ മലയാള ചിത്രം വൺ നെറ്റ്ഫ്ളിക്സിൽ കണ്ടു. ഒരു മുഖ്യമന്ത്രിയുടെ റോളിലാണ് അദ്ദേഹം എത്തുന്നത്. ഒരു മാതൃകാ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്നു മനസിലാക്കുന്നതിനായി ഈ ചിത്രം കാണണമെന്ന് നമ്മുടെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയോടും ജനങ്ങളോടും ഞാൻ നിർദേശിക്കുന്നു. മസ്റ്റ് വാച്ച്", എന്നായിരുന്നു എംപിയുടെ ട്വീറ്റ്.

ജഗൻമോഹൻ റെഡ്ഡിക്കെതിരെ പരസ്യ നിലപാട് എടുത്ത് പാർട്ടിയിൽ നിന്നുകൊണ്ട് വിമതസ്വരം ഉയർത്തുന്ന എംപിയാണ് Jര​​ഘുരാമകൃഷ്ണ രാജു. അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായതോടെ നിലപാടിനെ എതിർത്തും അനുകൂലിച്ചും വൈഎസ്ആർ കോൺഗ്രസ് അണികൾ പ്രതികരിക്കുന്നുണ്ട്. സ്വത്തുസമ്പാദനക്കേസിൽ സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികൾ എടുത്ത കേസിൽ ജഗൻമോഹൻ റെഡ്ഡിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു അദ്ദേഹം. അതേസമയം കോടികളുടെ ബാങ്ക് തട്ടിപ്പിന് രഘുരാമകൃഷ്‍ണരാജുവിനെതിരെയും നിലവിൽ കേസുണ്ട്.

ജനോപകാരികളല്ലാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ റൈറ്റ് ടു റിക്കോൾ നിയമം പാസ്സാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ആണ്. രഞ്ജിത്ത്, ജോജു ജോർജ്, ശങ്കർ രാമകൃഷ്‍ണൻ, സലിംകുമാർ, നിമിഷ സജയൻ, ഗായത്രി അരുൺ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. തിയറ്റർ റിലീസിനു ശേഷം ഏപ്രിൽ 27ന് നെറ്റ്ഫ്ളിക്സിൽ ആണ് ചിത്രം എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com