'മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല, കരളുറപ്പിന്റെ കരുത്താണ്'; ജോജുവിനെ പിന്തുണച്ച് ലക്ഷ്മി പ്രിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 01:51 PM  |  

Last Updated: 03rd November 2021 01:51 PM  |   A+A-   |  

joju_lakshmi_priya

ചിത്രം: ഫേയ്സ്ബുക്ക്

 

ടൻ ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ. സാധാരണക്കാരുടെ പ്രതിനിധിയാണ് ജോജു എന്നും അതിനാൽ അദ്ദേഹത്തിന്റെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണെന്നുമാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. കടന്നു വന്ന വഴികളിലെ നൂറു കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ് ജോജുവിന്റെ കണ്ണിലുള്ളതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അയാളെ തടയാൻ ഒരാൾക്കും കഴിയില്ല. അയാൾ പ്രതികരിച്ചു കൊണ്ടേ ഇരിക്കുമെന്നും താരം കുറിച്ചു. 

ലക്ഷ്മി പ്രിയയുടെ കുറിപ്പ് വായിക്കാം

ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല! അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറു കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്!

നിരാസങ്ങളുടെ ഇടയിൽനിന്നു സ്വന്തമായി വഴി വെട്ടി മുന്നേറിയവന്റെ നിശ്ചയദാർഢ്യം! ദന്ത ഗോപുരങ്ങൾക്കിടയിൽ നിൽക്കുന്നവരിൽ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിൻബലം അനുഭവങ്ങളുടെ മൂശയിൽ ഉരുകി ഉറച്ച മനക്കരുത്താണ്. ഒരാൾക്കും ഊഹിക്കാൻ പോലും കഴിയാത്തത്ര ബലം അതിനുണ്ട്!

അതുകൊണ്ട് തന്നെ അയാൾ കരയുമ്പോൾ അത് സാധാരണക്കാരന്റെ കരച്ചിൽ ആവുന്നു. അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്. അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്. അയാളുടെ വാക്കുകൾ നമ്മുടെ വാക്കുകളാണ് ! അതേ അയാൾ നമ്മുടെ പ്രതിനിധിയാണ്... പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ.

അയാളെ തടയാൻ ഒരാൾക്കും കഴിയില്ല. അയാൾ പ്രതികരിച്ചു കൊണ്ടേ ഇരിക്കും... കൂടുതൽ കൂടുതൽ കരുതത്തോടെ. ജോജു ജോർജിന് പിന്തുണ. നിങ്ങൾക്ക് തല്ലിത്തകർക്കാൻ നോക്കാം, എന്നാൽ തടയാൻ നിങ്ങൾക്ക് കഴിയില്ല.

നബി : ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിക്ക് ചാൻസ് ഉണ്ടാവാൻ എന്ന കമന്റ് ഇട്ട് സന്തോഷിക്കാൻ നോക്കുന്നവരോട്, ഇത്ര കാലം മലയാള സിനിമയിൽ തുടരാം എന്നും ഇത്ര സിനിമകൾ ചെയ്തു കൊള്ളാം എന്നും ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല.... ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള വകയൊക്കെ ഞാൻ സമ്പാദിച്ചു വച്ചിട്ടുണ്ട്.