മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ തന്നെ; ഒത്തുതീര്‍പ്പു ശ്രമം പരാജയം, ഇനി ചര്‍ച്ചയില്ല

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍- അറബിക്കടലിന്റെ സിംഹം ഒടിടിയിലൂടെ റിസീല് ചെയ്യും
മരക്കാർ പോസ്റ്റർ
മരക്കാർ പോസ്റ്റർ

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍- അറബിക്കടലിന്റെ സിംഹം ഒടിടിയിലൂടെ റിസീല് ചെയ്യും. ചിത്രം തിയറ്ററിലുടെ റിലീസ് ചെയ്യുന്നതിന് നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാവാത്ത സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിനു നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

ആമസോണ്‍ പ്രൈമുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് തീയറ്റര്‍ റിലീസിനായി ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫിലിം ചേംബര്‍ ഇടപെട്ട് മധ്യസ്ഥത്തിനു ശ്രമിച്ചിരുന്നു.

തീയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ചെയ്തില്ലെന്ന് ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു. ഇനിയും ചര്‍ച്ചകളുമായി മുന്നോട്ടുപോവാനില്ലെന്നും ചേംബര്‍ വ്യക്തമാക്കി.

മിനിമം ഗ്യാരണ്ടി നല്‍കാനാവില്ല

തിയേറ്റര്‍ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് തിയേറ്ററുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇരുപക്ഷത്തിനും ധാരണയില്‍ എത്താനായില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന ആന്റണി പെരുമ്പാവൂരിന്റെ ആവശ്യത്തിലാണ് ചര്‍ച്ചകള്‍ അലസിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയും തുക നല്‍കാനാവില്ലെന്ന് തിയേറ്ററുടമകള്‍ പറഞ്ഞു. . 

100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. 


പ്രതിഷേധത്തിന് പിന്നാലെ രാജി

മരക്കാര്‍ റിലീസ് വിവാദമായിരിക്കെ തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവച്ചിരുന്നു. ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ കൈവശമാണ് രാജിക്കത്ത് നല്‍കിയത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണമെന്നുമാണ് അദ്ദേഹം കത്തില്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com