'സൂര്യയെ വലിച്ചിഴക്കുന്നത് അനീതി, എല്ലാത്തിനും കാരണക്കാരന്‍ ഞാന്‍'; ജയ് ഭീം വിവാദത്തില്‍ മാപ്പു പറഞ്ഞ് സംവിധായകന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 12:25 PM  |  

Last Updated: 22nd November 2021 12:25 PM  |   A+A-   |  

JAI_BHIM_GNANAVEL

ചിത്രം; ഫേയ്സ്ബുക്ക്

 

സൂര്യ പ്രധാന വേഷത്തിലെത്തിയ ജയ് ഭീമിനെതിരെ വന്നിയാര്‍ സമുദായം രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ടിജെ ഗ്നാനവേല്‍. വന്നിയാര്‍ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയതില്‍ അദ്ദേഹം മാപ്പു പറഞ്ഞു.

സൂര്യയെ ലക്ഷ്യമിടുന്നത് അനീതി

ഗ്നാനവേല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയായിരുന്നു പ്രതികരണം. വിവാദത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുത്ത അദ്ദേഹം സൂര്യയെ ലക്ഷ്യമിടുന്നത് അനീതിയാണെന്നും പറയുന്നുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ എല്ലാ സംഭവങ്ങളുടേയും ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുകയാണ്. വിവാദത്തിന് കാരണം സൂര്യയാണെന്ന് പറയുന്നത് അനീതിയാണ്. അദ്ദേഹത്തോടും എല്ലാവരോടും ക്ഷമ പറയുന്നു- ഗ്നാനവേല്‍ കുറിച്ചു.

വിവാദത്തിന് കാരണമായ ഷോട്ട്

പ്രത്യേകവിഭാഗത്തെ എടുത്തുകാണിക്കണമെന്ന ഉദ്ദേശത്തോടെയല്ല കലണ്ടറിന്റെ ഷോട്ട് കാണിച്ചത്. 1995 ലെ കഥയാണെന്ന് കാണിക്കുന്നതിനു വേണ്ടിയായിരുന്നു. സെക്കന്റുകള്‍ മാത്രം വരുന്ന ഷോട്ട് പോസ്റ്റ് പ്രൊഡക്ഷനില്‍ ശ്രദ്ധിക്കാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസായതിനു പിന്നാലെയാണ് ഷോട്ട് ശ്രദ്ധയില്‍പ്പെട്ടതെന്നും അടുത്ത ദിവസം തന്നെയാണ് മാറ്റിയെന്നും ഗ്നാനവേല്‍ വ്യക്തമാക്കി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമെന്നും ട്രൈബല്‍ ആളുകളുടെ വേദന കാണിക്കാനാണ് ശ്രമിച്ചതെന്നും ഗ്നാനവേല്‍ വ്യക്തമാക്കി.