കുമാരനാശാന്റെ ജീവിതം പറഞ്ഞ് ഗ്രാമവൃക്ഷത്തിലെ കുയില്‍; നാളെ തിയറ്ററുകളിലേക്ക്

81ാം വയസിലാണ് കുമാരൻ തന്റെ സ്വപ്ന ചിത്രം സംവിധാനം ചെയ്തത്
ഗ്രാമവൃക്ഷത്തിലെ കുയില്‍ സിനിമയിൽ നിന്ന്
ഗ്രാമവൃക്ഷത്തിലെ കുയില്‍ സിനിമയിൽ നിന്ന്

കുമാരനാശാന്റെ ജീവിതം പറയുന്ന ചിത്രവുമായി സംവിധായകൻ കെപി കുമാരൻ. ​ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന് പേരിട്ട ചിത്രം നാളെ തിയറ്ററുകളിലെത്തും. ആദ്യമായാണ് കുമാരനാശാന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ വരുന്നത്. 

കുമാരനാശാന്റെ ബയോപിക് എന്നു വിളിക്കാവുന്ന ഈ ചിത്രം തന്റെ സ്വപ്‌നപദ്ധതിയായിരുന്നെന്ന് കെ പി കുമാരന്‍ പറഞ്ഞു. സാധാരണ നിലയിലുള്ള ഒരു സമ്പൂര്‍ണ ബയോപിക്കല്ല ഗ്രാമവൃക്ഷത്തിലെ കുയില്‍. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം, 50-ാം വയസ്സില്‍ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ജീവിതത്തിലെ സംഭവങ്ങള്‍ എന്നിവയാണ് സിനിമയില്‍ പ്രതിപാദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 81ാം വയസിലാണ് കുമാരൻ തന്റെ സ്വപ്ന ചിത്രം സംവിധാനം ചെയ്തത്. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  

പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവല്‍സന്‍ ജെ മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്. കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തില്‍ ഗാര്‍ഗ്ഗി അനന്തനും സുഹൃത്ത് മൂര്‍ക്കോത്ത് കുമാരന്റെ വേഷത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനും അഭിനയിക്കുന്നു. ശ്രീനാരായണ ഗുരുവായി മുന്‍ഷി ബൈജുവും സഹോദരന്‍ അയ്യപ്പനായി രാഹുല്‍ രാജഗോപാലും വേഷമിടുന്നു. ശ്രീവത്സന്‍ ജെ മേനോനും കഥകളി ഗായിക മീരാ രാംമോഹനും ആലപിച്ചിരിക്കുന്ന ആശാന്‍ കവിതകളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

സംവിധായകൻ കെപി കുമാരൻ
സംവിധായകൻ കെപി കുമാരൻ

തിരുവനന്തപുരം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേര്‍ത്തല ശ്രീ, കോട്ടയം രമ്യ, എറണാകുളം സവിത, തൃശൂര്‍ ശ്രീ, കോഴിക്കോട് ശ്രീ എ്ന്നിങ്ങനെ എട്ടു കേന്ദ്രങ്ങളിലാണ് റിലീസ്. കെ ജി ജയനാണ് ഛായാഗ്രാഹകന്‍. ശബ്ദലേഖനം ടി. കൃഷ്‌നുണ്ണി. സംഗീതസംവിധാനം ശ്രീവല്‍സന്‍ ജെ മേനോന്‍. എഡിറ്റിംഗ് ബി അജിത്കുമാര്‍. വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍. സബ്ജക്റ്റ് കണ്‍സള്‍ട്ടന്റായി ജി പ്രിയദര്‍ശനന്‍ പ്രവര്‍ത്തിച്ച ചിത്രത്തിനായി പട്ടണം റഷീദ് ഒരുക്കിയ മേക്കപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. 1975ല്‍ അന്നത്തെ ചെറുപ്പക്കാരുടെ കള്‍ട്ട് സിനിമയായി മാറിയ അതിഥിയിലൂടെയാണ് കുമാരൻ രംഗത്തു വന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com