'സിനിമയില്‍ എത്താതെ പോയതിന്‍റെ നിരാശ, അവർ സാഡിസ്റ്റുകൾ'; തിയറ്ററുകളിൽ കയറ്റരുതെന്ന് റോഷൻ ആൻഡ്രൂസ്

'ഇവര്‍ എന്‍റെ സിനിമയ്ക്ക് മാര്‍ക്കിടാന്‍ വരേണ്ടതില്ല. അവര്‍ക്ക് അതിന് ആരാണ് അധികാരം നല്‍കിയത്'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സിനിമ നിരൂപണങ്ങളെക്കുറിച്ചുള്ള സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ പരാമർശം വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ തന്റെ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. സിനിമയിൽ എത്താതെ പോയതിന്റെ നിരാശയാണ് സിനിമ നിരൂപണങ്ങളിലൂടെ ചിലർ പ്രകടിപ്പിക്കുന്നതെന്നും അവർ സാഡിസ്റ്റുകളാണ് എന്നുമാണ് സംവിധായകൻ പറയുന്നത്. ഇത്തരക്കാരെ തിയറ്ററിൽ കയറ്റരുതെന്നുംറോഷൻ പറഞ്ഞു. 

സിനിമ നിരൂപണവും റിവ്യൂവും രണ്ടാണ്. പണ്ടും മാധ്യമങ്ങളില്‍ റിവ്യൂ വരാറുണ്ട് അത് മാന്യമായിരുന്നു വ്യക്തിഹത്യ അല്ല. ഇവിടെ റിവ്യൂ ചെയ്യുന്നവര്‍ സിനിമയില്‍ എത്താതെ പോയതിന്‍റെ നിരാശയാണ് പ്രകടിപ്പിക്കുന്നത്. സാഡിസ്റ്റുകളാണ് ഇവര്‍. ഇവര്‍ എന്‍റെ സിനിമയ്ക്ക് മാര്‍ക്കിടാന്‍ വരേണ്ടതില്ല. അവര്‍ക്ക് അതിന് ആരാണ് അധികാരം നല്‍കിയത്. യൂട്യൂബ് വരുമാനത്തിന് വേണ്ടി സിനിമയെ കൊന്നു തിന്നേണ്ടതില്ല. ഇവര്‍ സിനിമ പ്രേക്ഷകരുടെ പ്രതിനിധിയായി സ്വയം കരുതുന്നു. മലയാളത്തില്‍ നല്ല റിവ്യൂ ചെയ്യുന്ന യൂട്യൂബ് നിരൂപകരും ഉണ്ട്. പക്ഷെ അവര്‍ വളരെ കുറവാണ്. - റോഷൻ ആൻഡ്രൂസ്  മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

തന്റെ പുതിയ ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷൻ ചടങ്ങിനിടെയാണ് റോഷൻ സിനിമ നിരൂപകരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. കൊറിയയിൽ സിനിമയെ മോശം പറയാറില്ല എന്നു പറഞ്ഞത് ട്രോളുകൾക്ക് കാരണമായിരുന്നു. എന്നാൽ തന്റെ  അഭിപ്രായങ്ങള്‍ വിവാദത്തിനായി വളച്ചൊടിച്ചുവെന്നാണ് റോഷന്‍ പറയുന്നത്. നിരൂപണം നടത്തുന്നവര്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘമാണെന്നും, മോശം റിവ്യൂ നല്‍കും എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തുവരുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കി. 

യൂട്യൂബ് നിരൂപകർ തിയേറ്ററിൽ ഇടിച്ചുകയറി ഇടവേളയിൽ ആഭിപ്രായം ചോദിക്കുകയാണ്. അപ്പോൾ സിനിമയെ കുറിച്ച് നല്ലതും മോശവും പറയുന്ന ആളുകൾ ഉണ്ടാകും. ഇത് കാണിച്ച് നിർമ്മാതാവിനെ ഭീഷണിപ്പെടുത്തുകയാണ് പലരും ചെയ്യുക. ഇത്തരക്കാരെ തിയേറ്ററിൽ കയറ്റാതിരിക്കാൻ തിയേറ്റർ ഉടമകൾ ശ്ര​ദ്ധിക്കണം. ഇന്ന് ഇടവേളയിൽ വരുന്നവർ നാളെ സിനിമ തുടങ്ങി 10 മിനിറ്റിനകം തിയേറ്ററിനുള്ളിൽ നിന്ന് ലൈവ് ചെയ്യും. സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം. ഇത്തരക്കാരെ തിയേറ്ററിൽ കയറ്റരുതെന്ന് നിർമ്മാതാവും തിയേറ്റർ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ട് അഭ്യർഥിച്ചിട്ടുണ്ട്. - റോഷൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com