അന്ന് സൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു, ഈ ശബ്ദം സിനിമയ്ക്ക് കൊള്ളില്ലെന്ന് പറഞ്ഞ് ഒഴിവാക്കി; ലോകം കീഴടക്കിയ മാജിക്കൽ വോയ്സ്

1940കളുടെ തുടക്കത്തിലാണ് ലതാ മങ്കേഷ്കർ സിനിമയിലേക്കുള്ള വഴി തേടുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ഴുപതിറ്റാണ്ടു നീണ്ടു നിൽക്കുന്ന സം​ഗീത യാത്ര 36 ഭാഷകളിലായി 35,000ൽ അധികം ​ഗാനങ്ങൾ. ഇന്ത്യയുടെ വാനമ്പാടി വിടപറയുമ്പോൾ സം​ഗീതലോകത്തിനേറ്റ നഷ്ടം നികത്താനാവാത്തതാണ്. 13 വയസു മുതലുള്ള ലതാ മങ്കേഷ്കറിന്റെ ജീവിതം സം​ഗീതത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു. നേർത്ത മനോഹരമായ ശബ്ദത്തിലൂടെ അവർ തീർത്ത സം​ഗീതലോകത്തിന് പകരം വയ്ക്കാനായി ഒന്നുമില്ല. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ലതാ മങ്കേഷ്കറിന്റെ ചലച്ചിത്ര​ഗാനരം​ഗത്തിലേക്കുള്ള യാത്ര. 

ഹെവി വോയ്സിനിടയിൽ തിരസ്കരിക്കപ്പെട്ട നേർത്ത ശബ്ദം

1940കളുടെ തുടക്കത്തിലാണ് ലതാ മങ്കേഷ്കർ സിനിമയിലേക്കുള്ള വഴി തേടുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. കുഞ്ഞു ലതയുടെ മാജിക്കൽ വോയ്സ് ആദ്യം തിരിച്ചറിയുന്നത് സം​ഗീത സംവിധായകൻ ​ഗുലാഭ് ഹൈദർ ആണ്. ലതയെ സിനിമയിലേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹം പ്രമുഖനായ പ്രൊഡ്യൂസർ ശശിധർ മുഖർജിയെ സമീപിച്ചു. എന്നാൽ വോയ്സ് ടെസ്റ്റ് നടത്തിയപ്പോൾ ഈ ശബ്ദം സിനിമയ്ക്ക് 
ചേരില്ലെന്നാണ് ശശിധർ മുഖർജി പറഞ്ഞത്. ഇത്ര നേർത്ത ശബ്ദത്തെ സിനിമയിൽ ഉപയോ​ഗിക്കാനാവില്ലെന്നായിരുന്നു നിലപാട്. അക്കാലത്തെ ​ഗായകരെല്ലാം ഹെവി വോയ്സിലാണ് പാടിയിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായതിനാലാണ് തിരസ്കരിക്കപ്പെട്ടത്. 

പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയര്‍ത്തിയത്. 1942ല്‍ കിതി ഹസാല്‍ എന്ന മറാഠി ചിത്രത്തില്‍ നാച്ചുയാഗഡേ, കേലു സാരി എന്നതായിരുന്നു ആദ്യഗാനം. എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പാടി. 

ഈ സ്വരം ഒരുദിനം ഇന്ത്യ കീഴടക്കും

വിനായകിന്റെ വിയോ​ഗത്തോടെ പ്രതിസന്ധിയിലായ ലതാ മങ്കേഷ്കർക്ക് പിന്നീട് വഴികാട്ടിയാവുന്നത് സംഗീത സംവിധായകന്‍ ഗുലാം ഹൈദറാണ്  . സ്വരം മോശമാണെന്ന പേരില്‍ അവസരങ്ങള്‍ പലവട്ടം ലതാ മങ്കേഷ്കറിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സ്വരം ഒരുദിനം ഇന്ത്യ കീഴടക്കുമെന്ന് ഹൈദറിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം സംഗീതമൊരുക്കിയ മജ്ബൂര്‍ എന്ന സിനിമയിലെ ഗാനം തന്നെ വഴിത്തിരിവായി. ലതയുടെ സ്വരം ഇന്ത്യ താല്‍പര്യത്തോടെ കേള്‍ക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്.

പ്രമുഖ ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്‌കര്‍ മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന 'കദളി കണ്‍കദളി ചെങ്കദളി പൂ വേണോ... ' എന്ന പാട്ടാണ്. അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മിച്ചു. 

അവസാന ​ഗാനം 2015ൽ

ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. അസുഖങ്ങളെത്തുടർന്ന് വർഷങ്ങളായി ചലച്ചിത്ര ​ഗാനരം​ഗത്തുനിന്ന് മാറി നിൽക്കുകയായിരുന്നു ലതാ മങ്കേഷ്കര്‌‍. 2015ലാണ് അവസാനമായി സിനിമയിൽ ആലപിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com