കഥാപാത്രങ്ങൾ സഭ്യമായ ഭാഷയിലേ സംസാരിക്കാവൂ എന്ന് പറയാനാകില്ല, സംവിധായകരുടെ കലാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; ഹൈക്കോടതി

കലാപരമായ സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചാല്‍ ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ചെയ്യാം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കൊച്ചി; സിനിമാ സംവിധായകരുടെ കലാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

കലാപരമായ സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെട്ടാൽ ക്രിമിനല്‍ കേസെടുക്കാം

കലാപരമായ സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കണം. ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ചെയ്യാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു. സിനിമയിലെ കഥാപാത്രങ്ങൾ സഭ്യമായ ഭാഷയിലേ സംസാരിക്കാവൂ എന്ന് പറയാനാകില്ലെന്നും സിനിമയുടെ ഭാഷയുടെ പേരില്‍ കോടതി ഇടപെടാന്‍ തുടങ്ങിയാല്‍ അതിന് അവസാനമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

നിയമത്തില്‍നിന്ന് ഒളിച്ചോടിയവരുടെ കഥയാണ് 'ചുരുളി' എന്ന സിനിമയില്‍ പറയുന്നത്. അവര്‍ സഭ്യമായ ഭാഷയിലേ സംസാരിക്കാവൂ എന്ന് പറയാനാകില്ല. ചലച്ചിത്രകാരന്‍ അദ്ദേഹത്തിന്റെ കലാപരമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. തീര്‍ച്ചയായും അത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിലാകണം.ചുരുളിയില്‍ നിയമത്തെ മറികടക്കുന്ന ഒന്നുമില്ലെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. അതിനാല്‍ സിനിമ ഒടിടിയില്‍നിന്ന് നീക്കംചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല.

ഹർജിക്കാരിയുടെ ശ്രമം ശ്രദ്ധയാകർഷിക്കാനെന്ന് സംശയം

സിനിമ കാണാത്തവരാണ് ചുരുളിയിലെ ഭാഷ തെറിയും അശ്ലീലവുമാണെന്ന് അഭിപ്രായപ്പെടുന്നത്. ഹര്‍ജിക്കാരിയും സിനിമ കണ്ടിട്ടില്ലെന്നുവേണം കരുതാന്‍. ശ്രദ്ധ ആകര്‍ഷിക്കാന്‍വേണ്ടിയാണ് ഹര്‍ജി നല്‍കിയതെന്നും സംശയിക്കണം. പിഴയോടുകൂടി തള്ളുകയാണ് ചെയ്യേണ്ടത്. എന്നാല്‍, അത് ഒഴിവാക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. തൃശ്ശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്. 'ചുരുളി ഭാഷ' എന്നൊരു പ്രയോഗംതന്നെ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിനിമകണ്ട് മനസ്സിലാകാത്തവരാണ് ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതെന്നും കോടതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com