'ഞാന്‍ വേറെ കല്യാണം കഴിക്കില്ല, നമുക്കിങ്ങനെ കഴിയാം'; ഭരതന്‍ വേദനയോടെ പറഞ്ഞു; എല്ലാത്തിനും കൂട്ടായി പദ്മരാജന്‍, സിനിമക്കഥ പോലൊരു പ്രണയം

ലളിത ആത്മഹത്യയുടെ വക്കിലായിരുന്നു. സമാധാനിപ്പിക്കാനായി ഭരതന്‍ നെറ്റിയില്‍ വലിയ വട്ടപ്പൊട്ടു തൊടീച്ചു
കെപിഎസി ലളിതയുടെയും ഭരതന്റെയും കുടുംബ ചിത്രം
കെപിഎസി ലളിതയുടെയും ഭരതന്റെയും കുടുംബ ചിത്രം

രതന്റെ ആദ്യ പ്രണയത്തിന് കാവലാവുക, പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരിക, അസാധാരണമായൊരു പ്രണയ കഥയാണ് കെപിഎസി ലളിതയുടെയും ഭരതന്റെയും. രജിസ്റ്റര്‍ മാര്യേജും ഒളിച്ചോട്ടവും പിന്നെയും താലികെട്ടലും ഒക്കെ ചേര്‍ന്ന സിനിമാക്കഥ പോലെ സംഭവ ബഹുലമായ പ്രണയകാലം. 

ശശികുമാര്‍ സംവിധാനം ചെയ്ത 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമയില്‍ രാജകുമാരിയുടെ വേഷമായിരുന്നു ലളിതയ്ക്ക്. അതിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ലളിതയുടെയും ഭരതന്റെയും വിവാഹം. 1978 മെയ് 21നായിരുന്നു കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചത്. 22ന് ആദ്യത്തെ താലികെട്ട്. 23ന് രജിസ്‌ട്രേഷന്‍.  26ന് വീണ്ടും പെണ്ണുകാണല്‍, ജൂണ്‍ 2ന് പിന്നെയും വിവാഹം!

കല്യാണം കഴിഞ്ഞ വിവരമറിഞ്ഞ് സിനിമയുടെ സെറ്റ് ആഘോഷപ്പന്തലായി മാറി. മണവാളന്‍ ജോസഫിന്റെയും ശ്രീലതയുടെയും ഗാനമേള, എം.ജി.രാധാകൃഷ്ണന്റെയും പത്മരാജന്റെയും മറ്റു സിനിമാതാരങ്ങളുടെയും സാന്നിധ്യം.എല്ലാംകൊണ്ടും ആഹ്ലാദത്തിമര്‍പ്പ്. പക്ഷേ, കല്യാണത്തിന്റെ നിമിഷംവരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു ലളിത. 

അക്കാലത്തെ പ്രമുഖ നടി ശ്രീവിദ്യയായിരുന്നു ഭരതന്റെ ആദ്യ പ്രണയിനി. ചെന്നൈയില്‍ പരാംഗുശപുരത്തു താമസിക്കുന്ന ഭരതന്‍, ലളിത താമസിക്കുന്ന സ്വാമിയാര്‍ മഠത്തിലെ വീട്ടില്‍ എത്തിയാണ് ശ്രീവിദ്യയെ ഫോണ്‍ ചെയ്തിരുന്നത്.  പെണ്ണുങ്ങള്‍ വിളിച്ചാലേ ശ്രീവിദ്യയ്ക്കു ഫോണ്‍ കൊടുക്കൂ. 'പ്രയാണം'  സംവിധാനം ചെയ്തശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ് ഭരതന്‍ കലാസംവിധായകനായി തിരിച്ചുവന്ന സമയമാണ്. സിനിമാഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേര്‍ന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ പുരോഗതി  ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് ലളിത എഴുതിയിട്ടുണ്ട്. അസൂയയോ കുശുമ്പോ ഒന്നുമല്ല, ആകാംക്ഷമാത്രം. 'രാജഹംസ'ത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ എന്തോ കാര്യം പറഞ്ഞ് ഭരതനും ശ്രീവിദ്യയും പിണങ്ങി.

ഭരതനും ലളിതയും തമ്മില്‍ നേരത്തേതന്നെ അടുപ്പം ഉണ്ടായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാനൊക്കെ ഭരതന്‍ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ, ആ അടുപ്പം പ്രണയമെന്ന തരത്തില്‍ സിനിമാക്കാര്‍ക്കിടയില്‍ പടര്‍ന്നു. 'രതിനിര്‍വേദ'ത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ തേടി ഭരതന്‍ എത്തി. 'നമുക്കിത് സീരിയസായി എടുക്കാം' മനസ്സ് തുറന്നു ഭരതന്‍ പറഞ്ഞു. 

ലളിതയ്ക്കു സമ്മതമായിരുന്നു. പക്ഷേ, ഗുരുസ്ഥാനത്തുള്ള തോപ്പില്‍ഭാസിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു. ഭരതനെ അറിയാവുന്ന തോപ്പില്‍ഭാസിക്കും സമ്മതം. പക്ഷേ, വിവരമറിഞ്ഞപ്പോള്‍ ഭരതന്റെ മാതാപിതാക്കള്‍ക്ക് പടപ്പുറപ്പാട് നടത്തി. അവര്‍ വടക്കാഞ്ചേരിയില്‍നിന്നു നേരേ മകനെ തേടി ചെന്നൈയിലെത്തി. മകന്‍ എത്ര വിശദീകരിച്ചിട്ടും അവര്‍ വഴങ്ങിയില്ല. എതിര്‍ക്കാന്‍ ഭരതനു ധൈര്യവുമില്ല.

'ഞാന്‍ വേറെ കല്യാണം കഴിക്കില്ല. നമുക്കിങ്ങനെ കഴിയാം'- ഭരതന്‍ വേദനയോടെ ലളിതയോടു പറഞ്ഞു. ലളിത ആത്മഹത്യയുടെ വക്കിലായിരുന്നു. സമാധാനിപ്പിക്കാനായി ഭരതന്‍ നെറ്റിയില്‍ വലിയ വട്ടപ്പൊട്ടു തൊടീച്ചു. എടുത്തുചാടി ഒന്നും ചെയ്യരുതെന്നും കുറേക്കാലം നല്ല സുഹൃത്തുക്കളായി കഴിയാമെന്നും അപ്പോഴേക്കും എല്ലാം ശരിയാകുമെന്നും സമാധാനിപ്പിച്ച് ലളിതയെ പറഞ്ഞയച്ചു.

1978 മേയ് 21ന് മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതന്‍ ആളെ വിട്ടു വിളിപ്പിച്ചു. അന്നു പുളിമൂട്ടിലെ 'നികുഞ്ജം' ഹോട്ടലിലാണ് ഭരതന്‍, പത്മരാജന്‍ എന്നിവരുടെ താവളം. അവര്‍ നടത്തിയ കൂടിയാലോചനയില്‍ വിവാഹം വച്ചുനീട്ടേണ്ടതില്ലെന്നു തീരുമാനിച്ചതോടെയാണ് ലളിതയെ വിളിക്കാന്‍ ആളുവന്നത്. പിറ്റേന്നു തന്നെ കല്യാണം നടത്താനായിരുന്നു തീരുമാനം. രഹസ്യം പുറത്താവാതാരിക്കാന്‍ തക്കലയ്ക്കടുത്ത് കുമരന്‍കോവില്‍ കല്യാണത്തിനായി തിരഞ്ഞെടുത്തു. നികുഞ്ജം കൃഷ്ണന്‍നായരുടെ കാറിലായിരുന്നു യാത്ര. മുന്‍കൂട്ടി അപേക്ഷ നല്‍കാഞ്ഞതിനാല്‍ അമ്പലത്തിനു പുറത്തുവച്ചായിരുന്നു കല്യാണം. പിറ്റേന്നുതന്നെ വിവാഹം റജിസ്റ്റര്‍ ചെയ്യണം. രഹസ്യമായി റജിസ്ട്രാറെ വീട്ടിവരുത്താന്‍ തീരുമാനിച്ചു. സംവിധായകന്റെ അനുമതിയില്ലാതെ സെറ്റില്‍നിന്നു പോകാനൊക്കില്ല. ഒടുവില്‍ കാര്യങ്ങളെല്ലാം ശശികുമാറിനോടു തുറന്നുപറഞ്ഞു. അദ്ദേഹം അനുഗ്രഹിച്ചയയ്ക്കുകമാത്രമല്ല, മടങ്ങിവരുമ്പോള്‍ ഭരതനെ കൂടെ കൂട്ടണമെന്നും നിര്‍ദേശിച്ചു. 

ചടങ്ങുകഴിഞ്ഞ് രാത്രി എത്തുമ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് സെറ്റില്‍ കല്യാണാഘോഷം പൊടിപൊടിക്കുകയായിരുന്നു. പിറ്റേന്നു നിലമ്പൂരിലേക്കു ഷൂട്ടിങ്ങിനു പുറപ്പെടുമ്പോള്‍ ട്രെയിനില്‍ ഭരതനും കയറി. വീട്ടില്‍ വിവരം അറിയിക്കാനായി അദ്ദേഹം ഷൊര്‍ണൂരില്‍ ഇറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴേക്ക് പത്രങ്ങളിലെ വാര്‍ത്തയും പടവും കണ്ട് എല്ലാവരും കലിതുള്ളിയിരിക്കയായിരുന്നു. ഒരുവിധത്തില്‍ ഭരതന്‍, അച്ഛനെ അനുനയിപ്പിച്ചു. അങ്ങനെ വീണ്ടുമൊരു വിവാഹാഘോഷം ജൂണ്‍ 2ന് ഗുരുവായൂരില്‍വച്ച്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com