പ്രണവ് ഹൃദയത്തിൽ ചെയ്തത്, ഞാൻ 40 വർഷം മുൻപ് മോഹൻലാലിൽ പരീക്ഷിച്ച ടെക്നിക്; വിഡിയോയുമായി ബാലചന്ദ്രമേനോൻ

'നാല്‍പത് വര്‍ഷം മുമ്പ് താൻ ഉപയോഗിച്ച ഒരു സൈക്കോളജിക്കല്‍ ട്രീറ്റ്‍മെന്റ് ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ കാണുകയെന്ന് പറയുമ്പോള്‍ അങ്ങേയറ്റം സന്തോഷമുണ്ടായി'
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അരുൺ എന്ന കഥാപാത്രമായാണ് പ്രണവ് എത്തിയത്. പ്രണവിന്റെ പ്രണയവും സൗഹൃദവുമൊക്കെയാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംവിധായകൻ ബാലചന്ദ്ര മേനോൻ പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 40 വർഷം മുൻപ് താൻ സംവിധാനം ചെയ്ത ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രവുമായി പ്രണവിന്റെ അരുണിനുള്ള ബന്ധത്തെക്കുറിച്ചാണ് ബാലചന്ദ്രമേനോൻ പറയുന്നത്. 

കേൾക്കാത്ത ശബ്ദത്തിലെ സൈക്കോളജിക്കൽ ട്രീറ്റ്മെന്റ്

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത് 1982ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'കേള്‍ക്കാത്ത ശബ്‍ദം'. ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഈ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനായി താൻ ഉപയോ​ഗിച്ച ഒരു ടെക്നിക് ഹൃദയത്തിലും കാണാമെന്നാണ് അദ്ദേഹം പറയുന്നത്. 

മോഹന്‍ലാലിന്റെ കഥാപാത്രം തയാറാക്കിയപ്പോള്‍ സൂഷ്മമായ മനശാസ്ത്രം ഞാന്‍ സെറ്റ് ചെയ്തു. സ്ത്രീകളെ ആകര്‍ഷിക്കുന്നത് എങ്ങനെയെന്ന ടെക്‌നിക് അതിലുണ്ടായിരുന്നു. നാല്‍പത് വര്‍ഷം മുമ്പ് താൻ ഉപയോഗിച്ച ഒരു സൈക്കോളജിക്കല്‍ ട്രീറ്റ്‍മെന്റ് ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ കാണുകയെന്ന് പറയുമ്പോള്‍ അങ്ങേയറ്റം സന്തോഷമുണ്ടായി. നമ്മുടെ ചിന്തകള്‍ക്ക് വീണ്ടും ഒരു പ്രസക്തിയുണ്ടെന്ന് വരുമ്പോള്‍ നിങ്ങളുമായി പങ്കുവയ്‍ക്കണമെന്ന് തോന്നി. അനുനരണങ്ങള്‍ പോലെയാണ്. പ്രണവിനെയും വിനീത് ശ്രീനിവാസനെയും താൻ അഭിനന്ദിക്കുന്നുവെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

ഹൃദയത്തിൽ ഉപയോ​ഗിച്ച ടെക്നിക് ഇത്

ദർശനയോട് പ്രണയം പറഞ്ഞതിന് പിന്നാലെ മുടി അഴിച്ചിട്ടാൽ കൂടുതൽ സുന്ദരിയാണെന്ന് അരുൺ പറയുന്നത്. ഈ ഭാ​ഗത്തെക്കുറിച്ചാണ് ബാലചന്ദ്രമേനോൻ പറയുന്നത്. 'കേള്‍ക്കാത്ത ശബ്‍ദ'ത്തില്‍ ഇത്തരത്തിൽ രണ്ട് രം​ഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഈ പച്ചസാരി നല്ല ചേര്‍ച്ചയുണ്ട്, പൂര്‍ണിമയ്‍ക്ക് നിറമുള്ളതോണ്ടാ' എന്നാണ് നായികയോട് മോഹൻലാൽ പറയുന്നത്. കൂടാതെ നെക്ലെസിന്റെ ഭം​ഗിയെക്കുറിച്ചും ഇതുപോലെ പറയുന്നുണ്ട്. സിനിമകളിലെ രം​ഗങ്ങളും ബാലചന്ദ്ര മേനോൻ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

'കേള്‍ക്കാത്ത ശബ്‍ദം' എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിച്ചത്. നെടുമുടി വേണു ആയിരുന്നു ചിത്രത്തില്‍ നായക കഥാപാത്രമായി എത്തിയത്. ബാലചന്ദ്ര മേനോൻ തന്നെ ചിത്രത്തിന് തിരക്കഥ എഴുതി. ജോണ്‍സണ്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com