''അമൃതം ഗമയ'യിലെ മോഹൻലാലിനെ പ്രണവ് ഓർമ്മിപ്പിച്ചു, വിനീത് അസാമാന്യ കഴിവുകളുള്ള ജീനിയസ്'; ഹൃദയത്തെക്കുറിച്ച് ടിഎൻ പ്രതാപൻ

'സ്‌കൂളിലും കോളജിലും പ്രണയിച്ചവർക്ക്, അഭൗമമെന്ന് തോന്നിക്കുന്ന മനുഷ്യ ബന്ധങ്ങളുണ്ടായിരുന്നവർക്ക്, സൗഹൃദത്തിന്റെ വേനലും മഴയും മഞ്ഞും അനുഭവിച്ചവർക്ക് ഈ ചിത്രം ഉള്ളം 'തൊടാതെ കണ്ടുതീർക്കാനാവില്ല'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ടിഎൻ പ്രതാപൻ എംപി. ഹൃദയഹാരിയായ ഒരു സിനിമാനുഭവമായിരുന്നു ഹൃദയം എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യയ്ക്കും മകനുമൊപ്പമാണ് അദ്ദേഹം തിയറ്ററിലെത്തി സിനിമ കണ്ടത്. സ്‌കൂളിലും കോളജിലും പ്രണയിച്ചവർക്ക്, അഭൗമമെന്ന് തോന്നിക്കുന്ന മനുഷ്യ ബന്ധങ്ങളുണ്ടായിരുന്നവർക്ക്, സൗഹൃദത്തിന്റെ വേനലും മഴയും മഞ്ഞും അനുഭവിച്ചവർക്ക് ഈ ചിത്രം ഉള്ളം തൊടാതെ കണ്ടുതീർക്കാനാവില്ലെന്നാണ് പ്രതാപൻ പറയുന്നത്. പ്രണവ് മോഹൻലാലിന്റെ പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു. ചില രം​ഗങ്ങളിൽ മോഹൻലാലിനെ പ്രണവ് ഓർമിപ്പിച്ചെന്നും പ്രതാപൻ കുറിച്ചു. വിനീത് മലയാള സിനിമക്ക് ലഭിച്ച അസാമാന്യ കഴിവുകളുള്ള ഒരു ജീനിയസാണെന്നും അദ്ദേഹം പറയുന്നു. 

ടിഎൻ പ്രതാപന്റെ കുറിപ്പ് വായിക്കാം 

ഹൃദയഹാരിയായ ഒരു സിനിമാനുഭവമായിരുന്നു വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച മെരിലാൻഡ് സിനിമയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിച്ച 'ഹൃദയം.'  സിനിമ കാണാത്തവർ വായിക്കരുത്.

റിലീസായ ആദ്യ ദിവസം തന്നെ പ്രിയതമ രമയുടെയും മകൻ ആഷികിന്റെയും കൂടെ തിയറ്ററിൽ പോയി ചിത്രം കണ്ടു. ഒരു പുതിയകാല ഭാവുകത്വമാണ് ഈ സിനിമ എന്നറിയാമായിരുന്നെകിലും വിനീത് ശ്രീനിവാസന്റെ ചിത്രം എന്ന വലിയ പ്രതീക്ഷയാണ് തിയറ്ററിൽ കയറാൻ പ്രേരിപ്പിച്ചത്. ദിനേനയുള്ള സാധാരണ തിരക്കുകളൊഴിഞ്ഞെന്നു തോന്നിയപ്പോൾ രാത്രി സിനിമ കണ്ടു. പതിവുള്ള ചെറിയ ക്ഷീണമൊക്കെ ഞാനും മനസ്സും ശരീരവും മറന്നു. തുടക്കം മുതൽ മൂന്ന് മണിക്കൂറോളമുള്ള സിനിമാനുഭവത്തിലുടനീളം കാലം, ഇടം തുടങ്ങിയ ഭൗതിക തലങ്ങൾ അപ്രസക്തമായി.

അത്രമേൽ ഹൃദയത്തിലേക്ക് നീട്ടിവെച്ച ഈണങ്ങൾ, താളങ്ങൾ, ദൃശ്യ മുഹൂർത്തങ്ങൾ. വിനീത് ശ്രീനിവാസന്റെ അവസാന ചിത്രമായ ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഇറങ്ങി അഞ്ചുവര്ഷങ്ങൾക്കിപ്പുറമാണ് ഹൃദയം നമ്മൾ കാണുന്നത്. സംഗീതവും സിനിമയോടുള്ള അഭിനിവേശവും കലയോടുള്ള ആത്മാർത്ഥയും തീർത്ഥം ചെയ്തെടുത്ത ഒരു മനസ്സാണ് വിനീതിന് ഇതുപോലെ ഒരു മനോഹര സിനിമ സാധ്യമാക്കാൻ ത്രാണി നൽകുന്നത് എന്നെനിക്കുറപ്പുണ്ട്.

സ്‌കൂളിലും കോളജിലും പ്രണയിച്ചവർക്ക്, അഭൗമമെന്ന് തോന്നിക്കുന്ന മനുഷ്യ ബന്ധങ്ങളുണ്ടായിരുന്നവർക്ക്, സൗഹൃദത്തിന്റെ വേനലും മഴയും മഞ്ഞും അനുഭവിച്ചവർക്ക് ഈ ചിത്രം ഉള്ളം തൊടാതെ കണ്ടുതീർക്കാനാവില്ല. എന്റെ വിദ്യാർത്ഥി കാലഘട്ടത്തിലെ ഒരു പശ്ചാത്തലമേയല്ല ഈ സിനിമ. എന്നിട്ടും എനിക്കത് മനസ്സിൽ കൊള്ളുന്ന ഒരനുഭവമാകുന്നു. പ്രണവിന്റെ അരുണും ദർശനയുടെ ദർശനയും കല്യാണിയുടെ നിത്യയും ഒട്ടും അതിശയോക്തിയില്ലാത്ത പച്ച ജീവിതങ്ങളാണ് എന്ന് എന്റെ മനസ്സ് വിശ്വസിക്കുന്നു. ആന്റണി താടിക്കാരനും, മായയും, സെൽവയും, കാളിയും നമ്മുടെ ജീവിതത്തിൽ ഇതുപോലെയോ ഇതിനു സമാനമായതോ അല്ലെങ്കിൽ ഇതേ വികാരങ്ങളോടെ മറ്റേതൊക്കെയോ ഭാവത്തിൽ വന്നിറങ്ങിപോയ ജീവിതങ്ങളാണെന്ന് നമ്മൾ തിരിച്ചറിയുന്ന നിമിഷങ്ങൾ വല്ലാത്ത അനുഭവമാണ്.

അരുൺ എന്ന എൻജിനീയറിങ് വിദ്യാർഥി പഠനകാലത്ത് നേരിടുന്ന വിവിധ ജീവിത പാഠങ്ങളാണ് കഥയുടെ അടിസ്ഥാനം. പ്രണയം, സൗഹൃദം, പഠനം, മാനവികത എന്നിങ്ങനെ ഒരു യുവാവ് തന്റെ ജീവിത നിമിത്തങ്ങൾക്ക് നേരെനിന്ന് അന്ധാളിച്ചുപോകുന്നത് നമുക്ക് ഈ ചിത്രത്തിൽ കാണാം. എൻജിനിയറിങ് ജോലി ചെയ്യുമ്പോഴും ജീവിതത്തിന്റെ അർഥം തേടുന്ന 'സമാധാനം' അന്വേഷിക്കുന്ന ഒരു യുവാവ് നമ്മളെല്ലാവരും കടന്നുപോകുന്നതോ കടന്നുകഴിഞ്ഞതോ ആയ ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. പ്രണവ് മോഹൻലാൻ അരുൺ എന്ന ഈ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. 'ഹൃദയം' എന്ന ചിത്രത്തെ കുറിച്ച് ഏറ്റവും കൂടുതൽ ആളുകൾക്കുണ്ടായിരുന്ന ആകാംക്ഷ ഒരുപക്ഷേ പ്രണവിന്റെ പ്രകടനം തന്നെയായിരിക്കും. അതാവട്ടെ ഗംഭീരമാക്കിയിരിക്കുന്നു. പ്രത്യേകിച്ചും നെഗറ്ററ്റീവ് ഭാവങ്ങളോടെയുള്ള പ്രകടനങ്ങൾ അതിഗംഭീരമാണ് എന്നെനിക്ക് തോന്നി. 

റാഗിങ്ങ് രംഗങ്ങളിൽ 'അമൃതം ഗമയ'യിലെ മോഹൻലാലിനെ പ്രണവ് ഓർമ്മിപ്പിച്ചു. പ്രണവ് മാത്രമല്ല, ദർശനയും കല്യാണിയും അശ്വിത് ലാലും വിജയരാഘവനും ജോണി ആന്റണിയും അജു വർഗീസും (എനിക്ക് ഈ അജു വർഗ്ഗീസിനെ സ്‌ക്രീനിൽ കാണുന്നത് തന്നെ വലിയ സന്തോഷം നൽകുന്ന സംഗതിയാണ്) എന്നുതുടങ്ങി സ്‌ക്രീനിൽ വന്ന എല്ലാവരും അവരുടെ ഇടം ഭദ്രമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അണിയറക്കാർ കാണിച്ച കൃത്യത അഭിനന്ദനം അർഹിക്കുന്നതാണ്.

അരുൺ എന്ന കഥാപാത്രം അച്ഛനാകുന്ന നിമിഷം, താൻ തേടുന്നതെന്താണോ അത് തന്നെ തേടുന്നുണ്ട് എന്ന ജലാലുദ്ധീൻ റൂമിയുടെ വചനത്തെ അർഥമാക്കുന്ന തന്റെ ഭാര്യയെയും കുഞ്ഞിനേയും കുറിച്ച് അരുൺ ദർശനയോട് അവളുടെ കല്യാണത്തലേന്ന് പറയുന്ന വാക്കുകൾ, ഭൂതകാലത്ത് വന്നുപോയ വികാരവായ്പുകൾക്കപ്പുറത്തേക്ക് വർത്തമാനത്തിലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലും ജീവിക്കുന്ന യാഥാർഥ്യ ബോധമുള്ള മനുഷ്യൻ എന്നതൊക്കെ ഓരോ കുടുംബ പ്രേക്ഷകരെയും ആഴത്തിൽ തഴുകുന്ന അനുഭവമാകുന്നു. വിനീതിന്റെ എഴുത്തും സംവിധാനവും വിശ്വജിത്തിന്റെ കാമറയും ഹിശാമിന്റെ സംഗീതത്തോടൊപ്പം ചേരുന്ന വേളയിലാണ് ഈ സിനിമ ഹൃദ്യമാകുന്നത്.

എന്തുമാത്രം മാസ്മരികതയുള്ള സംഗീതമാണ് ഹിഷാം ഈ ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. അതും വിവിധ ഭാവങ്ങളുള്ള പാട്ടുകളാണ് ഓരോന്നും. ക്‌ളാസിക്കൽ തുടങ്ങി ആധുനിക സംഗീതം അടക്കം സൂഫി സംഗീതം വരെയും നീളുന്ന വിവിധ പാട്ടുകളും പശ്ചാത്തല സംഗീതവും പിന്നെ ഗൃഹാതുരത്വം കൊണ്ടുവരുന്ന പഴയ പാട്ടുകളുടെയും നാടൻ പാട്ടുകളുടെയും ചെറിയ അടരുകളും തിയറ്റർ അനുഭവം ഒരു പ്രത്യേക ആത്മീയാനുഭവമാക്കിത്തീർക്കുന്നു.

ഗൃഹാതുരത്വം, കോളേജ് ജീവിതം, പ്രണയം തുടങ്ങിയ പ്രമേയങ്ങൾ നിരവധി തവണ ആവർത്തിച്ചിട്ടുള്ളതാണ്. പക്ഷെ, സ്വന്തം ജീവിതത്തിൽ നിന്നുള്ള അദ്ധ്യായങ്ങളാണ് ഹൃദയത്തിലൂടെ വിനീത് അവതരിപ്പിക്കുന്നത്. മൂന്ന് മണിക്കൂർ സിനിമ എന്ന രീതിയൊക്കെ വളരെ കുറഞ്ഞ ഒരു കാലത്ത് ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു സിനിമ കാഴ്ചവെക്കുക എന്നത് പ്രമേയത്തിലെ പുതുമയും പഴമയുമല്ല അവതരണത്തിലെ ബ്രില്യൻസാണ് തീരുമാനിക്കുന്നത് എന്ന് പറയുന്ന സിനിമയാണ് 'ഹൃദയം.'

എന്നെ ഏറ്റവും തൊട്ട ഒരു ഭാഗം അരുണും നിത്യയും തങ്ങളുടെ മകന് പേരിടുന്ന ഭാഗമാണ്. പലർക്കും നേരത്തേ പ്രവചിക്കാൻ കഴിഞ്ഞ ഒരു സന്ദർഭമായിരിക്കാം ഇതെങ്കിൽ കൂടി മനുഷ്യ ബന്ധത്തെ കുറിച്ചുള്ള ഏറ്റവും മനോഹരമായ ഒരു പ്രസ്താവ്യമായി ഈ രംഗം മാറുകയാണ്. ആ സമയത്ത് തിയറ്ററിൽ മുഴുവൻ ആ ഒരു വൈകാരികത നിറഞ്ഞുമുറ്റിയതായി എനിക്ക് അനുഭവപ്പെട്ടു. സെൽവ എന്ന കഥാപാത്രവും അവൻ ഉണ്ടാക്കിയ പഠന വൃത്തവും അമ്മയും അച്ഛനും സമാധാനത്തോടെ ഉറങ്ങുന്ന വേളയാണ് ആകെയുള്ള തന്റെ ജീവിത ലക്ഷ്യമെന്ന സെൽവയുടെ വാക്കുകളും തീരെ ചെറുതല്ലാത്ത സന്ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

കത്തെഴുതിയെറിഞ്ഞും പുസ്തകത്തിൽ ഒളിപ്പിച്ചു വെച്ചും പിന്നാലെ നടന്നും വഴിയിൽ കാത്തുനിന്നും ഒളിച്ചും മറഞ്ഞും പ്രണയം പ്രകടിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നുമാറി പിറകെ നടക്കുന്നതും ചൂഴ്ന്നുനോക്കി നിൽക്കുന്നതുമൊക്കെ മോശം പരിപാടിയാണെന്ന് അരുണിന്റെ കഥാപാത്രം പറയുന്നത് ഒരുപക്ഷെ സിനിമയിലെ കഥ നടക്കുന്ന കാലത്തെ ചിന്തയായിട്ടല്ല; പകരം വർത്തമാനകാലത്തെ പ്രേക്ഷകനോട് നേരിട്ടുള്ള ഓർമ്മപ്പെടുത്തലാണ്. സിനിമയിലെ നർമ്മ രംഗങ്ങൾക്കും ഉണ്ട് വലിയ പ്രത്യേകത. വിനീതിന്റെ എഴുത്തിലെ ഭംഗിയാണത്. ഒപ്പം ജോണി ആൻറണി, അശ്വിത് ലാൽ, അഭിഷേക് ജോസഫ് എന്നിവരുടെ അസാമാന്യ പ്രകടനവും കൂടിയാവുമ്പോൾ തിയറ്ററിൽ മനസ്സറിഞ്ഞ ചിരിയുണരുന്നു.

എനിക്കേറ്റവും അതിശയവും സന്തോഷവും തോന്നിയ ഒരു കാര്യം, തുടക്കത്തിലും ഒടുക്കത്തിലും വിനീത് ശ്രീനിവാസൻ എന്ന പേരെഴുതിക്കാണിക്കുമ്പോൾ പ്രേക്ഷകർ അതിയായ സന്തോഷത്തോടെ എഴുനേറ്റുനിന്ന് കൈയ്യടിക്കുന്ന സന്ദർഭമാണ്. അതൊരു അംഗീകാരമാണ്. പ്രേക്ഷകന്റെ മനസ്സറിഞ്ഞ് പടം പിടിക്കാനുള്ള ബ്രില്യൻസിന് ലഭിക്കുന്ന അംഗീകാരം. വിനീത് മലയാള സിനിമക്ക് ലഭിച്ച അസാമാന്യ കഴിവുകളുള്ള ഒരു ജീനിയസാണ് എന്ന് ഞാൻ പറയും. നന്ദി വിനീത്, പ്രണവ്, ഹിഷാം, വിശാഖ്... നിങ്ങളുടെ; അല്ല നമ്മുടെ ഈ ഹൃദയത്തിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com