'ഫുൾടൈം കള്ളു കുടിച്ചും ബീഡി വലിച്ചും നടന്നാൽ എങ്ങനെ മികച്ച സ്വഭാവ നടനാകും? അവാർഡ് കിട്ടാൻ ഇതെല്ലാം ഒഴിവാക്കണം'; ഷൈൻ

'അവാര്‍ഡ് കിട്ടണമെങ്കിൽ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. മുഴുവൻ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന കഥാപാത്രമായതുകൊണ്ടാകാം കുറുപ്പ് സിനിമയിലെ അഭിനയത്തിന് തനിക്കു സ്വഭാവനടനുളള പുരസ്കാരം ലഭിക്കാതെ പോയത്. അവാർഡ് കിട്ടാൻ ഇനി ഇതെല്ലാം ഒഴിവാക്കി അഭിനയിക്കണമെന്നും ഷൈൻ പറഞ്ഞു. കുറുപ്പ് സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കിയതിലും താരം അതൃപ്തി രേഖപ്പെടുത്തി. 

കുറുപ്പിന്റെ കലാ സംവിധാനം, കോസ്റ്റ്യൂം, ഛായാ​ഗ്രഹണം എന്നിവ മികച്ചതായിരുന്നിട്ടും പുരസ്കാരം ലഭിച്ചില്ല എന്നാണ് ഷൈൻ പറഞ്ഞത്. വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ് കുറുപ്പ്. സിനിമ ജൂറി അംഗങ്ങൾ കണ്ടിട്ടില്ലെന്നു വിചാരിച്ച് ആശ്വസിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. നല്ല രീതിയിൽ പ്രൊഡക്‌ഷൻ ഡിസൈന്‍ ചെയ്ത സിനിമയാണ് കുറുപ്പ്. പണ്ടത്തെ കാലഘട്ടത്തെ സത്യസന്ധമായാണ് അവർ സ്ക്രീനിലെത്തിച്ചത്. സെറ്റ് വർക്കുകൾ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകൾക്കാണ് പണ്ട് അവാർഡുകൾ കിട്ടുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് റിയൽ ആണെന്ന് തോന്നിയതുകൊണ്ടാകാം ആർട് ഡയറക്‌ഷൻ ഇല്ലെന്ന് തോന്നിയത്. പിന്നെ കോസ്റ്റ്യൂംസ്, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല.- ഷൈൻ പറഞ്ഞു. 

അഭിനയത്തിന്റെ കാര്യത്തിൽ എല്ലാ വർഷവും ഓരോ വർഷവും അക്കാദമിയിൽ മാറ്റങ്ങൾ വരുത്താറുണ്ടെന്നും എന്നാലും ബെസ്റ്റ് ആക്ടറും ബെസ്റ്റ് ക്യാരക്ടർ ആക്ടറും തമ്മിലുള്ള വ്യത്യാസമെന്തെന്ന് തനിക്ക് മനസിലായിട്ടില്ല എന്നുമാണ് ഷൈൻ പറയുന്നത്. ബെസ്റ്റ് ആക്ടറിന് ക്യാരക്ടർ ഇല്ലേ? ബെസ്റ്റ് ക്യാരക്ടർ ആക്ടറിനുള്ള അവാർഡ് എന്താണേലും എനിക്ക് കിട്ടാൻ പോകുന്നില്ല. പ്രത്യേകിച്ച് കുറുപ്പിലെ കഥാപാത്രത്തിന്. മുഴുവൻ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവാർഡ് കിട്ടും. ഇനി അവാര്‍ഡ് കിട്ടണമെങ്കിൽ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം.’’–ഷൈൻ ടോം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com