'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു, കോടതിയിലെ 15 ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടി'; ഭാവന

താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ചും അതിനു ശേഷം കടന്നുപോകേണ്ടിവന്ന പ്രതിസന്ധിക്കളെക്കുറിച്ചുമാണ് നടി മനസുതുറന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

നീതിക്കു വേണ്ടിയുള്ള അഞ്ച് വര്‍ഷത്തെ തന്റെ പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഭാവന. താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ചും അതിനു ശേഷം കടന്നുപോകേണ്ടിവന്ന പ്രതിസന്ധിക്കളെക്കുറിച്ചുമാണ് നടി മനസുതുറന്നത്. മുതിര്‍ന്ന അഭിഭാഷക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. വനിതാ ദിനവുമായി ബന്ധപ്പെട്ട് വി ദ വിമെന്‍ ഓഫ് ഏഷ്യ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ പങ്കെടുത്താണ് താരം സംസാരിച്ചത്. 15 ദിവസം നീണ്ട കോടതി വിചാരണ വളരെ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നെന്നും താന്‍ തെറ്റു ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നെന്നുമാണ് ഭാവന പറഞ്ഞത്.

ഭാവന അഭിമുഖത്തില്‍ പറഞ്ഞത്

ഞാന്‍ വളരെ അധികം പേടിയോടെയാണ് ഇവിടെയിരിക്കുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളായതുകൊണ്ട് പലകാര്യങ്ങളും എനിക്ക് സംസാരിക്കാനാവില്ല. 2017 ഫെബ്രുവരി 17നാണ് ഇത് സംഭവിച്ചത്. ഇത് സംഭവിച്ചതോടെ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. എന്റെ മനസ് എപ്പോഴും ഈ കുറ്റം ആരോപിക്കാനായി ഇങ്ങനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ എനിക്ക് ഇത് സംഭവിക്കില്ലായിരുന്നു. അടുത്ത ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നെങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു എന്നൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തിയിരുന്നു. കോടതി വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍ ഇര അല്ലെന്നും അതിജീവിതയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞത്.

അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കുറേ ആളുകള്‍ ചാനലില്‍ വന്നിരുന്ന് എന്നെക്കുറിച്ച് മോശമായി പറഞ്ഞു. അവര്‍ക്ക് എന്നെ അറിയില്ല. അവള്‍ രാത്രിയില്‍ യാത്ര ചെയ്യരുതായിരുന്നും എന്നും മറ്റും പറഞ്ഞ് എന്നെ കുറ്റപ്പെടുത്തി. ഇത് കള്ളക്കേസാണെന്നും ഞാന്‍ ഒരുക്കിയ നാടകമാണെന്നും ആരോപണമുണ്ടായി. ഇതെന്നെ തകര്‍ത്തു. ജീവിതത്തിലേക്ക് വീണ്ടും തിരിച്ചുവരണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം ഇതെന്നെ പിന്നോട്ടുവലിച്ചു.

എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത് ശരിയല്ല എന്ന തരത്തില്‍ പലരും പറഞ്ഞു. ഇതെല്ലാം എന്നെ വളരെ അധികം വേദനിപ്പിച്ചു. ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഇല്ലാതിരുന്നതുകൊണ്ട് എനിക്കു സൈബറാക്രമണം നേരിടേണ്ടിവന്നില്ല. 2019 ലാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ വരുന്നത്. അതിനു ശേഷവും എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്നും മരിക്കുന്നതാണ് നല്ലതെന്നും മറ്റും പറഞ്ഞുകൊണ്ട് മെസേജുകള്‍ വന്നിരുന്നു. 

ചില സമയത്ത് ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിയിരുന്നു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു തെളിയിക്കണം എന്ന എന്റെ മനക്കരുത്താണ് എന്നെ മുന്നോട്ടു നയിച്ചത്. കൂടാതെ എന്റെ കുടുംബവും സുഹൃത്തുക്കളും ഡബ്യൂസിസിയും നല്‍കിയ ധൈര്യവും. എനിക്ക് ഇപ്പോഴും പേടിയുണ്ട്. നീതിക്കുവേണ്ടിയുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. 15 ദിവസത്തെ കോടതി വിചാരണയെക്കുറിച്ചും മറ്റും ആലോചിക്കുമ്പോള്‍ ഇപ്പോഴും പേടിയാണ്. 

എന്നെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന് ശേഷം നിരവധി നല്ല മനുഷ്യര്‍ എന്നെ സിനിമയിലേക്ക് തിരിച്ചുവിളിച്ചു. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഭദ്രന്‍, ഷാജി കൈലാസ്, ജയസൂര്യ അങ്ങനെ നിരവധി പേര്‍ വിളിച്ചു. പക്ഷേ ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന് വിചാരിച്ച് വീണ്ടും ഇതേ ഇന്‍ഡസ്ട്രീയിലേക്ക് വരാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. എന്റെ സമാധാനത്തിനു വേണ്ടിയാണ് ഞാന്‍ മാറിനിന്നത്. പക്ഷേ ഞാനിപ്പോള്‍ മലയാളം സ്‌ക്രിപ്റ്റ് കേള്‍ക്കുന്നുണ്ട്. 

എന്നെ പിന്തുണയ്ക്കുന്ന ഒരു സപ്പോര്‍ട്ടിങ് സിസ്റ്റം എനിക്കുണ്ടായിരുന്നു. എന്റെ ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളും പിന്നെ പ്രേക്ഷകരും. സ്‌നേഹവും പിന്തുണയും തന്ന നിരവധി പേരുണ്ട്. അവര്‍ക്കെല്ലാം നന്ദി പറയുന്നു. 2020 ലാണ് കേസിന്റെ വിചാരണയ്ക്കായി ഞാന്‍ കോടതിയില്‍ പോകുന്നത്. ഏഴു മാസത്തില്‍ 15 ദിവസമാണ് ഞാന്‍ കോടതിയില്‍ പോയത്. കോടതിയില്‍ നിന്ന ആ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഓരോ സെക്കന്റും ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു. ഏഴു അഭിഭാഷകരുടെ ചോദ്യങ്ങളും വിചാരണയുമെല്ലാം കാരണം ഞാന്‍ ഒറ്റയ്ക്കാണെന്ന് തോന്നി. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരുന്നത് എന്നെ വല്ലാതാക്കി. ആ ദിവസങ്ങളിലെല്ലാം ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു. ലോകവുമായി യുദ്ധം ചെയ്യുകയാണ് എന്നാണ് എനിക്ക് തോന്നിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com