'സത്യാ... ഞാന്‍ വരും', ഓർമ തെളിയുമ്പോൾ ലളിത ചേച്ചി വിളിക്കും; മകളുടെ ടീസർ കെപിഎസി ലളിതയ്ക്ക് സമർപ്പിച്ച് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെപിഎസി ലളിത
കെപിഎസി ലളിത, മകൾ ടീസറിൽ നിന്ന്
കെപിഎസി ലളിത, മകൾ ടീസറിൽ നിന്ന്

യറാമിനേയും മീര ജാസ്മിനേയും പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് മകൾ. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് സത്യൻ അന്തിക്കാട്. അന്തരിച്ച നടി കെപിഎസി ലളിതയ്ക്കാണ് അദ്ദേഹം ടീസർ സമർപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ വേഷമിടാൻ കെപിഎസി ലളിത ആ​ഗ്രഹിച്ചിരുന്നെന്നും എന്നാൽ രോ​ഗം വന്ന് സുഖമില്ലാതായതിനാൽ സാധിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സത്യൻ അന്തിക്കാട് സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെപിഎസി ലളിത. 

ജയറാമും മീര ജാസ്മിനും ഭാര്യാഭർത്താക്കന്മാരായാണ് ചിത്രത്തിൽ എത്തുന്നത്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക സഞ്ജയ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് ചിത്രത്തിന്റെ രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്. ഏപ്രില്‍ അവസാനത്തോടെയാവും ചിത്രം റിലീസ് ചെയ്യുക. 

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്

'മകള്‍' ഒരുങ്ങിക്കഴിഞ്ഞു.
ഏപ്രില്‍ അവസാനത്തോടെ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും.
ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോള്‍ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.
ലളിതച്ചേച്ചിക്ക് പങ്കു ചേരാന്‍ കഴിഞ്ഞില്ല എന്നതാണ് ബാക്കി നില്‍ക്കുന്ന സങ്കടം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും ഓര്‍മ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.
'സത്യാ... ഞാന്‍ വരും. എനിക്കീ സിനിമയില്‍ അഭിനയിക്കണം.'
ചേച്ചി വന്നില്ല. ചേച്ചിക്ക് വരാന്‍ സാധിച്ചില്ല.
'മകളു'ടെ ഈ ആദ്യ ടീസര്‍ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമര്‍പ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com