രാജീവ് രവിയുടെ റിയലിസ്റ്റിക് കേസന്വേഷണം, 'കുറ്റവും ശിക്ഷയും' റിവ്യൂ

കമ്മട്ടി പാടം റിലീസ് ചെയ്ത് ആറു വര്‍ഷത്തിനു ശേഷമാണ് ഒരു രാജീവ് രവി ചിത്രം തിയറ്ററിലെത്തുന്നത്
രാജീവ് രവിയുടെ റിയലിസ്റ്റിക് കേസന്വേഷണം, 'കുറ്റവും ശിക്ഷയും' റിവ്യൂ

കാസര്‍കോട് നടന്ന ഒരു ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്ക് പോകുന്ന ഒരു സംഘം പൊലീസ്. ഏറെ വെല്ലുവിളികള്‍ക്കൊടുവില്‍ അവര്‍ ദൗത്യം പൂര്‍ത്തിയാക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സംഭവമാണിത്. നെഞ്ചിടിപ്പേറ്റുന്ന അന്വേഷണ വഴികളെക്കുറിച്ച് മലയാളികള്‍ ആദ്യമായി അറിയുന്നത് പൊലീസ് ഉദ്യോഗസ്ഥനും നടനും തിരക്കഥാകൃത്തുമായ സിബി തോമസില്‍ നിന്നാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് നമ്മള്‍ അറിഞ്ഞ ആ കേസന്വേഷണത്തിന്റെ ദൃശ്യാവിഷ്‌കരണമാണ് കുറ്റവും ശിക്ഷയും. കമ്മട്ടി പാടം റിലീസ് ചെയ്ത് ആറു വര്‍ഷത്തിനു ശേഷമാണ് ഒരു രാജീവ് രവി ചിത്രം തിയറ്ററിലെത്തുന്നത്. സിബി തോമസിന്റെ അനുഭവത്തെ ഏറ്റവും റിയലായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ രാജീവ് രവിക്കായി. 

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആസിഫ് അലിയുടെ സിഐ സാജന്‍ ഫിലിപ്പില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അടുത്ത ദിവസം നഗരമധ്യത്തിലെ പ്രമുഖ ജ്വല്ലറിയില്‍ മോഷണം നടക്കുന്നു. അതോടെ സാജന്‍ ഫിലിപ്പും സംഘവും മോഷ്ടാക്കളെ അന്വേഷിച്ചിറങ്ങും. ആദ്യ പകുതിയില്‍ തന്നെ മോഷ്ടാക്കള്‍ ആരാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നുണ്ട്. തുടര്‍ന്ന് ഇവരെ പിടികൂടാനായി ഉത്തരേന്ത്യയിലെ ദനാഗഞ്ച് എന്ന സ്ഥലത്തേക്ക് തിരിക്കുകയാണ് സാജന്‍ ഫിലിപ്പും സംഘവും. മോഷ്ടാക്കളുടേയും കുറ്റവാളികളുടേയും നാടാണ് ദനാഗഞ്ച്. ഇവിടെനിന്ന് മോഷ്ടാക്കളെ പിടികൂടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഈ യാത്രയില്‍ പൊലീസ് സംഘം നേരിടുന്ന വെല്ലുവിളികളിലൂടെയാണ് ചിത്രം പോകുന്നത്. 

സാജന്‍ ഫിലിപ്പായി മികച്ച പ്രകടനമാണ് ആസിഫ് അലി കാഴ്ചവയ്ക്കുന്നത്. പൊലീസ് യൂണിഫോമിന്റെ ധാര്‍ഷ്ട്യത്തില്‍ ഒരിക്കല്‍ ചെയ്തുപോകുന്ന തെറ്റിന്റെ പേരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്ന ഒരു പൊലീസുകാരനായാണ് ആസിഫ് എത്തുന്നത്. പക്വതയാര്‍ന്ന പൊലീസുകാരനായുള്ള ആസിഫിന്റെ പ്രകടനം കയ്യടി അര്‍ഹിക്കുന്നുണ്ട്. ബഷീര്‍ എന്ന പൊലീസുകാരനായി എത്തിയ അലന്‍സിയറും മികവ് പുലര്‍ത്തി. സണ്ണി വെയിന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ എത്തിയത്. ഇവരും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി. 

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ പതിവു ചേരുവകള്‍ ഇല്ലാതെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ സിനിമയാക്കുമ്പോള്‍ പലപ്പോഴും സിനിമയെ കൂടുതല്‍ ത്രില്ലിങ്ങാക്കാന്‍ പല കാര്യങ്ങളും സംവിധായകര്‍ കൂട്ടിച്ചേര്‍ക്കാറുണ്ട്. എന്നാല്‍ ഹീറോയിസത്തിനോ കയ്യടിക്കോ നില്‍ക്കാതെ വളരെ റിയലിസ്റ്റിക്കായാണ് രാജീവ് രവി കുറ്റവും ശിക്ഷയും ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രേക്ഷകരുടെ സിനിമാറ്റിക് എക്‌സ്പീരിയന്‍സിനെ സാരമായി ബാധിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളില്‍ ഊന്നിനില്‍ക്കാനുള്ള സംവിധായകന്റെ തീരുമാനം ചിത്രത്തെ ചെറിയരീതിയില്‍ വിരസമാക്കുന്നുണ്ട്. സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഒരു കേസ് അന്വേഷണം എന്ന രീതിയില്‍ മാത്രമല്ല പൊലീസ് അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭയവും ദുഃഖവും അനിശ്ചിതത്വവുമൊക്കെയുള്ള പച്ച മനുഷ്യരായാണ് പൊലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസുകാര്‍ കടന്നുപോകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ജീവിതകാലം മുഴുവന്‍ അവരെ അലട്ടുന്ന ഭയവുമെല്ലാം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ രാജീവ് രവിക്കായി. അതിനൊപ്പം തന്നെ പൊലീസുകാരുടെ തെറ്റുകളെ മറച്ചുവയ്ക്കാനായി നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സിനിമയില്‍ പറഞ്ഞുപോകുന്നുണ്ട്. 

തമിഴ് താരം കാര്‍ത്തിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തീരന്‍ പറയുന്നതും
മോഷ്ടാക്കളെ തേടി ഉത്തരേന്ത്യയിലേക്ക് പൊകുന്ന പൊലീസുകാരുടെ കഥയാണ്. എന്നാല്‍ തീരന്‍ പ്രതീക്ഷിച്ചുപോയാല്‍ നിങ്ങള്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവരും. എന്നാല്‍ യഥാര്‍ത്ഥമായ ഒരു പൊലീസ് കേസും പൊലീസുകാരുടെ യഥാര്‍ത്ഥ ജീവതവും പറയുന്ന റിയലിസ്റ്റിക് ചിത്രം നിങ്ങള്‍ക്ക് കാണാം.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com