നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്നാണ് നിർമാതാക്കളുടെ സംഘടന അറിയിച്ചത്. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടിയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് നിർമാതാക്കൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
ശ്രീനാഥ് ഭാസിക്ക് എതിരെയുള്ള പരാതി പിൻവലിച്ചതായി പരാതിക്കാരിയോ ശ്രീനാഥ് ഭാസിയോ അറിയിച്ചിട്ടില്ലെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് പറഞ്ഞു. പരാതി നിലനിൽക്കുന്നില്ലങ്കിൽ ശ്രീനാഥ് ഭാസി സിനിമയുമായി മുന്നോട്ട് പോകട്ടെയെന്നാവും തീരുമാനമെന്നും അടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാഥ് ഭാസി ഷൂട്ടിങ്ങിന് സമയത്ത് എത്തുന്നില്ലെന്നും അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നുമുള്ള നിർമ്മാതാക്കളുടെ പരാതിയുണ്ടെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.
"മമ്മൂട്ടി പറഞ്ഞത് ശരിയാണ് തൊഴിൽ നിഷേധിക്കുന്നത് ശരിയല്ല. ആരുടെയും തൊഴിൽ അസോസിയേഷൻ നിഷേധിച്ചിട്ടില്ല. ശ്രീനാഥ് ഭാസിയെക്കുറിച്ച് നിർമ്മാതാക്കൾ പരാതി പറയുകയും വിഷമം പറയുകയും ചെയിതിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവർക്കൊക്കെ മറ്റ് സിനിമകൾ ഉള്ളതാണ്. അവർ ഡേറ്റ് കൊടുത്തിട്ടുണ്ടാകും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഒരു കരാർ ഉണ്ട്, ഡേറ്റ് ചാർട്ട് ചെയത് കൊടുക്കണം. അത് പ്രൊഡ്യൂസേഴ്‌സിനെ സാമ്പത്തികമായി ബാധിക്കും. ആകെ ആശയക്കുഴപ്പത്തിൽ ആണ്. അല്ലാതെ തൊഴിൽ നിഷേധിക്കുന്നതിന് ശ്രീനാഥ് ഭാസിയോട് വിരോധമൊന്നുമില്ല", സജി നന്ത്യാട്ട് പറഞ്ഞു.
ചട്ടമ്പിയെന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാൻ ആവശ്യപ്പെട്ട നടൻ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതി. ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെ വിലക്കിയത്. സെപ്റ്റംബർ 30ന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേയും ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതി തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക