'ഞാൻ ആകസ്മികമായി സംവിധായകനായ വ്യക്തി, എപ്പോഴും എന്നിൽ വിശ്വസിച്ചതിന് ലാലേട്ടനോട് കടപ്പാട്'; പൃഥ്വിരാജ്  

കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ബ്രോ ഡാഡി കാണണം എന്നാണ് പൃഥ്വിയുടെ ഉപദേശം
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡി നാളെ റിലീസിനെത്തുകയാണ്. ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുമ്പോൾ തികച്ചും അവിചാരിതമായി സംവിധായകൻ ആയതിനോെക്കുറിച്ചും ബ്രോ ഡാഡിയുടെ അനുഭവങ്ങളും പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. തന്നിൽ വിശ്വസിച്ച മോഹൻലാലിനോടും നിർമാതാവ് ആന്റണി പെരുമ്പാവൂരിനോടും കടപ്പെട്ടിരിക്കുന്നെന്നും താരം കുറിച്ചു.  

"ഞാൻ ആകസ്മികമായി സംവിധായകനായ വ്യക്തിയാണ്, അതിന് ഒന്നിലധികം കാരണങ്ങളുണ്ട്. സ്വന്തമായി സിനിമകൾ ചെയ്യണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും ലൂസിഫറിനെ ഞാൻ നയിക്കണമെന്ന് മുരളിഗോപി കരുതിയതുകൊണ്ടാണ് എന്റെ ആദ്യ സംവിധാന സംരംഭം സംഭവിച്ചത്. മറ്റാരേക്കാളും അദ്ദേഹം എന്നെ വിശ്വസിച്ചു. ഇതുപോലെതന്നെ, ഞങ്ങളുടെ സുഹൃത്തായ വിവേക് ​​രാമദേവൻ വഴി ശ്രീജിത്തും ബിബിനും ബ്രോഡാഡിയുടെ തിരക്കഥയുമായി എന്റെ അടുത്തെത്തി. ഈ പ്രോജക്റ്റിന് പറ്റിയ വ്യക്തി ഞാനാണെന്ന് അവർ കരുതിയത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല, പക്ഷേ അവർ അങ്ങനെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്!
ഒരു സിനിമ എന്ന നിലയിൽ, ‌‌ലൂസിഫറിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ബ്രോ ഡാഡി, അതാണ് എന്നെ ഇത് സംവിധാനം ചെയ്യാൻ പ്രേരിപ്പിച്ചത്. പൂർണമായും പുനർവിചിന്തനം ചെയ്യാനും ലൂസിഫറിൽ നിന്നും എംമ്പുരാനിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു ചലച്ചിത്ര നിർമ്മാണ ഭാഷ പരീക്ഷിക്കാനും അത് എനിക്ക് ആവശ്യമായിരുന്നു. എപ്പോഴത്തെ പോലെയും ഇത് വളരെ ആവേശകരമായ റിസ്ക് ആണെന്ന് ഞാൻ കരുതി, ഞാൻ അത് ചെയ്തു!
എല്ലായ്പ്പോഴും എന്നിൽ വിശ്വസിച്ചതിന് ലാലേട്ടനോടും തികഞ്ഞ ബോധ്യത്തോടെ എന്നോടൊപ്പം നിന്നതിന് ആന്റണി പെരുമ്പാവൂരിനോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ടെക്നീഷ്യൻമാർ, അസിസ്റ്റന്റുകൾ, എന്റെ യൂണിറ്റിലെ സുഹൃത്തുക്കൾ, പ്രൊഡക്ഷൻ അം​ഗങ്ങൾ  എല്ലാവർക്കും വലിയ അഭിനന്ദനം. കൂടാതെ, ലൂസിഫറിലെന്നപോലെ, എന്റെ കാഴ്ചപ്പാടിലും എന്നെക്കൊണ്ട് ഇതിന് സാധിക്കുമെന്നും വിശ്വസിച്ച കഴിവുറ്റ അഭിനേതാക്കളെ സംവിധാനം ചെയ്യാൻ സാധിച്ചത് ഒരു അം​ഗീകാരമായി കാണുന്നു. ബ്രോ ഡാഡി ഒരുക്കുമ്പോൾ ഞങ്ങൾ ഏറെ ആസ്വദിച്ചു ‌‌കാണുമ്പോൾ നിങ്ങളും ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ബ്രോ ഡാഡി കാണണം, ഒന്നിച്ചുകാണുമ്പോഴാണ് അത് ഏറ്റവും രസകരം", പൃഥ്വിരാജ് കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com