'അന്നും ഇന്നും മധുവിനുവേണ്ടി നിലകൊള്ളുന്നത് മമ്മൂട്ടി മാത്രം, ഈ മനുഷ്യൻ എങ്ങനെയാണ് അഹങ്കാരിയായി മുന്ദ്രകുത്തപ്പെട്ടത്'

 'മധു കൊല്ലപ്പെട്ട സമയത്ത് ഒട്ടുമിക്ക സിനിമാക്കാരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അവരെയൊന്നും ഇപ്പോൾ കാണാനില്ല'
ഫയൽ ചിത്രം
ഫയൽ ചിത്രം

ൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് കേസുമായി ബന്ധപ്പെട്ട നിയമസഹായം ലഭ്യമാക്കുമെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. കുടുംബത്തെ നേരിട്ട് ഫോൺവിളിച്ചാണ് താരം സഹായവാ​ഗ്ദാനം നടത്തിയത്. ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ സന്ദീപ് ദാസ്.  മധു കൊല്ലപ്പെട്ട സമയത്ത് ഒട്ടുമിക്ക സിനിമാക്കാരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അവരെയൊന്നും ഇപ്പോൾ കാണാനില്ല. അന്നും ഇന്നും മധുവിനുവേണ്ടി നിലകൊള്ളുന്നത് മമ്മൂട്ടി മാത്രമാണ് എന്നാണ് സന്ദീപ് കുറിക്കുന്നത്. തൻ്റെ പല പിറന്നാളുകളും മമ്മൂട്ടി ആഘോഷിച്ചിട്ടുള്ളത് ആദിവാസികൾക്കൊപ്പമാണ്. സിനിമയിലെ ഒരാൾ അസുഖം ബാധിച്ച് കിടക്കുകയാണെങ്കിൽ ആദ്യം സഹായിക്കാനെത്തുക മമ്മൂട്ടിയാണ്. എന്നിട്ടും എങ്ങനെയാണ് അദ്ദേഹം അഹങ്കാരിയായി മുന്ദ്രകുത്തപ്പെട്ടത് എന്നാണ് സന്ദീപ് ദാസ് ചോദിക്കുന്നത്. 

സന്ദീപ് ദാസിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

മധുവിന്റെ കേസിന് ആവശ്യമായ നിയമസഹായങ്ങൾ മമ്മൂട്ടി നൽകും എന്ന വാർത്ത അത്യധികം ആഹ്ലാദത്തോടെയാണ് കേട്ടത്. ആൾക്കൂട്ടം നിർദ്ദയം കൊന്നുകളഞ്ഞ ഒരു പാവം മനുഷ്യന്റെ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുള്ള ഒരേയൊരു കലാകാരനാണ് മമ്മൂട്ടി. മമ്മൂട്ടി എന്നും അങ്ങനെയാണ്! എന്തുകൊണ്ടാണ് എല്ലാവരും മധുവിനെ മറന്നുപോകുന്നത്? ചിന്തിച്ചിട്ടുണ്ടോ അതിനെക്കുറിച്ച്?

ആൾക്കൂട്ട ആക്രമണങ്ങൾ മലയാളിയുടെ രക്തത്തിൽ ഉള്ളതാണ്. മോഷണക്കുറ്റം ആരോപിച്ചാണ് മധുവിനെ തല്ലിക്കൊന്നത്. മധുവിന്റെ കൊലപാതകത്തോടെ മോബ് അറ്റാക്കുകൾ അവസാനിച്ചുവോ? ഒരിക്കലുമില്ല.‍‍

ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നത് കണ്ടാൽ ഇന്നും ചില അമ്മാവൻമാർക്ക് കുരുപൊട്ടും. അതിനുപിന്നാലെ ചീത്തവിളിയും അടിപിടിയും ഉണ്ടായേക്കാം. കമിതാക്കൾ മാത്രമല്ല,ഭാര്യാ ഭർത്താക്കൻമാരും അത്തരത്തിലുള്ള ആക്രമണം നേരിടാറുണ്ട്.

അപരിചിതനായ ഒരാളെ രാത്രിയിൽ 'സംശയാസ്പദമായ' സാഹചര്യത്തിൽ കണ്ടാൽ കാര്യവും കാരണവും ഒന്നും തിരക്കാതെ അയാളുടെ മേൽ കൈവെയ്ക്കാൻ ആളുകൾ ഉത്സാഹം കാണിക്കാറില്ലേ? നമ്മുടെ സമൂഹം സ്വാഭാവികമായി കണക്കാക്കുന്ന സംഗതികളാണ് ഇതെല്ലാം.

മധു കൊല്ലപ്പെട്ടു എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് അയാൾക്ക് കേരളീയ പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടിയത്. മധുവിന് ജീവൻ നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ ആ മർദ്ദനം തികച്ചും നോർമലായ ഒരു കാര്യമായി എണ്ണപ്പെടുമായിരുന്നു. മധുവിന്റെ മരണം അപ്രതീക്ഷിതമായിരുന്നതുകൊണ്ട് സകലരും നടുക്കം രേഖപ്പെടുത്തി. ആ സംഭവത്തിന്റെ ചൂടാറിയപ്പോൾ എല്ലാവരും അയാളെ മറന്നു. അത്രയേ ഉള്ളൂ കാര്യം.

മധു ഒരു ആദിവാസി ആയതുകൊണ്ട് മറവിയുടെ ശക്തി കൂടി. ആദിവാസികളോട് നമുക്കിന്നും പുച്ഛമാണല്ലോ! കൃത്യമായി കുടിവെള്ളം പോലും കിട്ടാത്ത ജനവിഭാഗമാണ് ആദിവാസികൾ. കാട്ടാനകളും കടുവകളും വകവരുത്തിയ ആദിവാസികൾ ധാരാളമുണ്ട്. അത്തരം മരണങ്ങൾ സമൂഹത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാറില്ല.നെറ്റ്‌ വർക്ക് ലഭിക്കാൻ കുന്നിന്റെ മുകളിലും മരത്തിന്റെ കൊമ്പിലും കയറിയിരിക്കുന്ന ആദിവാസികളുടെ സങ്കടങ്ങൾ മനസ്സിലാക്കാൻ യഥേഷ്ടം ഇന്റർനെറ്റ് ഉപയോഗിക്കുന്ന വ്യക്തികൾക്ക് സാധിക്കുമോ !? ഇത്തരമൊരു സാഹചര്യത്തിൽ മധു വിസ്മൃതിയിലേയ്ക്ക് മറയുന്നതിൽ അത്ഭുതമില്ല.‍

എന്നാൽ മധുവിനെ കൈവിടാൻ മമ്മൂട്ടി തയ്യാറല്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വവും. മധു കൊല്ലപ്പെട്ട സമയത്ത് ഒട്ടുമിക്ക സിനിമാക്കാരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അവരെയൊന്നും ഇപ്പോൾ കാണാനില്ല. അന്നും ഇന്നും മധുവിനുവേണ്ടി നിലകൊള്ളുന്നത് മമ്മൂട്ടി മാത്രമാണ്. 'അനുജൻ' എന്ന് മധുവിനെ വിശേഷിപ്പിച്ച മമ്മൂട്ടി!

മമ്മൂട്ടിയുടെ കീഴിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ 'കെയർ ആൻഡ് ഷെയർ' പതിറ്റാണ്ടുകളായി ആദിവാസികളെ സഹായിച്ചുവരുന്നുണ്ട്. ആദിവാസികൾക്ക് നല്ല വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തുന്ന പ്രസ്ഥാനമാണത്. തൻ്റെ പല പിറന്നാളുകളും മമ്മൂട്ടി ആഘോഷിച്ചിട്ടുള്ളത് ആദിവാസികൾക്കൊപ്പമാണ്.

സിനിമയിലെ ഒരാൾ അസുഖം ബാധിച്ച് കിടക്കുകയാണെങ്കിൽ ആദ്യം സഹായിക്കാനെത്തുന്ന ആൾ മമ്മൂട്ടി ആയിരിക്കും എന്ന് പലപ്പോഴും വായിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റ മരണവീട് പോലും സന്ദർശിക്കാതിരിക്കുകയുമില്ല. ആ മനുഷ്യൻ എങ്ങനെയാണ് അഹങ്കാരിയായി മുദ്രകുത്തപ്പെട്ടത് എന്ന് മനസ്സിലാകുന്നില്ല! മമ്മൂട്ടി ഒരു മോശം നടനാണെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ അദ്ദേഹം ചെയ്തുവെച്ചിട്ടുള്ള നൂറുകണക്കിന് മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ സിനിമ നിലനിൽക്കുന്ന കാലത്തോളം പ്രേക്ഷകരുമായി സംവദിക്കും.

തന്നെ അഹങ്കാരി എന്ന് വിളിക്കുന്നവരെ മമ്മൂട്ടി ഇതുവരെ തിരുത്തിയിട്ടില്ല. അദ്ദേഹത്തിന് അതിൻ്റെ ആവശ്യമില്ല എന്ന് പറയുന്നതാകും ശരി. ഈ നാട്ടിലെ ആദിവാസി ഊരുകൾ മമ്മൂട്ടി എന്ന മനുഷ്യസ്നേഹിയ്ക്കുവേണ്ടി സംസാരിക്കും. മമ്മൂട്ടിയുടെ സിനിമകൾക്കും മമ്മൂട്ടിയുടെ നന്മകൾക്കും മരണമില്ല. കാലത്തെ അതിജീവിക്കുന്ന ക്ലാസിക്കുകളാണ് രണ്ടും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com