'ഞാൻ ഇനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ?'; പിക്കറ്റ് 43 പോലൊരു സിനിമ എടുക്കാൻ മേജർ രവിയോട് അൽഫോൺസ് പുത്രൻ

ചിത്രം കണ്ടപ്പോൾ തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും ഫേയ്സ്ബുക്കിൽ കുറിച്ചു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് പിക്കറ്റ് 43. ഇന്ത്യ- പാക് അതിർത്തിയിലെ രണ്ടു സൈനികരുടെ സൗഹൃദം പറഞ്ഞ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ മേജർ രവിയോട് ഒരു ആവശ്യവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. പിക്കറ്റ് 43 പോലെയൊരു സിനിമ സംവിധാനം ചെയ്യാനാണ് അൽഫോൺസ് ആവശ്യപ്പെട്ടത്. ചിത്രം കണ്ടപ്പോൾ തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും ഫേയ്സ്ബുക്കിൽ കുറിച്ചു. 

‘‘മേജർ രവി സാർ.. ദയവായി പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യൂ. ഈ ചിത്രം കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. യുദ്ധത്തെക്കുറിച്ചുള്ള സിനിമയാണ് പിക്കറ്റ് 43 എന്നാണു ഞാൻ കരുതിയത്, പക്ഷേ ചിത്രം കണ്ടു തുടങ്ങിയപ്പോൾ ആ ധാരണയെല്ലാം മാറി. താങ്കളെപ്പോലെ ധീരനായ ഒരു ഓഫിസറിൽനിന്ന് പട്ടാളക്കാരെക്കുറിച്ച് വളരെ വ്യത്യസ്തമായൊരു ഉൾക്കാഴ്ചയാണ് ചിത്രം തന്നത്. അത്തരമൊരു ചിത്രം വീണ്ടും ചെയ്യാൻ ഞാനിനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ. ഹൃദയസ്പർശിയായ വളരെ നല്ലൊരു സിനിമയായിരുന്നു അത്. ഞാൻ വെറുതെ വിഡ്ഢിത്തം പറയുകയല്ലെന്ന് ഈ പോസ്റ്റിനു കിട്ടുന്ന ലൈക്കുകളിൽനിന്ന് താങ്കൾക്ക് മനസിലാകും’’. അൽഫോൻസ് പുത്രൻ കുറിച്ചു.

അതിനു പിന്നാലെ മറുപടിയുമായി മേജർ രവി രം​ഗത്തെത്തി. പിക്കറ്റ് 43 തന്റെ ഹൃദയമായിരുന്നെന്നും കഴിഞ്ഞ 4 വർഷമായി താൻ അത്തരത്തിലുള്ള ഒരു കാര്യത്തിനു പിന്നാലെയാണെന്നുമാണ് മേജർ രവി കുറിച്ചത്. ‘‘പ്രിയ സഹോദരാ, പിക്കറ്റ് 43 എനിക്കുമൊരു അദ്ഭുതമായിരുന്നു. അതെന്റെ ഹൃദയമായിരുന്നു. കഴിഞ്ഞ 4 വർഷമായി ഞാൻ അത്തരത്തിലുള്ള ഒരു കാര്യത്തിനു പിന്നാലെയാണ്. ഞാനത് ഉടൻ തന്നെ വെളിപ്പെടുത്തും. നിങ്ങൾക്കും അത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അത്തരമൊരു പ്രഖ്യാപനവുമായി മാത്രമേ ഞാൻ മടങ്ങിവരൂ. ലവ് യു ബ്രോ, ഉടൻ തന്നെ നമുക്ക് നേരിൽ കാണാം. ജയ്ഹിന്ദ്.’’- മേജർ രവി മറുപടി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com