ഇത് ചരിത്രം, ആദ്യ ദിവസം നേടിയത് 257 കോടി; റെക്കോഡുകൾ തകർത്ത് ആർആർആർ

ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ഇന്നലെയാണ് തിയറ്ററിലെത്തിയത്. റാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 257.15 കോടി രൂപയാണ് ചിത്രം വാരിയത്. 

ലോകവ്യാപകമായുള്ള റിലീസിൽ നിന്നാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് നേട്ടം. ഇതോടെ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത്. തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 120 കോടിയിലേറെയാണ് വരുമാനം നേടിയത്. കർണാടകയിൽ നിന്ന് 16.48 കോടിയും. തമിഴ്നാട്ടിൽ നിന്ന് 12.73 കോടിയും നേടി. 4.36 ആണ് കേരളത്തിൽ നിന്നുള്ള കളക്ഷൻ. രാജമൗലിയുടെ തന്നെ ബാഹുബലിയുടെ പോലും റെക്കോർഡുകൾ ആർആർആ‌ർ തകർത്തേക്കുമെന്നാണ് വിലയിരുത്തലുകൾ. 

റാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ചിത്രം നീണ്ട നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് തിയറ്ററിൽ എത്തിയത്. ആദ്യ ഷോയ്ക്ക് ശേഷം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.കേരളത്തില്‍ മാത്രം 500ലധികം സ്‍ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‍തത്. ലോകമെമ്പാടും 10,000 സ്‍ക്രീനുകളിലും 'ആര്‍ആര്‍ആര്‍' റിലീസ് ചെയ്തു. അതിനിടെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് റോക്കേഴ്‌സ് അടക്കമുള്ള വെബ്‌സൈറ്റുകളിലാണ് ചിത്രം വ്യപകമായി പ്രചരിച്ചിരിച്ചു കൊണ്ടിരിക്കുന്നത്. 

ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). 650 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com