പ്രശസ്ത നാടക നടി ജലബാല വൈദ്യ അന്തരിച്ചു

പ്രസിദ്ധമായ അക്ഷര തീയെറ്ററിന്റെ സഹസ്ഥാപകയാണ്
ജലബാല വൈദ്യ/ഫോട്ടോ: പിടിഐ
ജലബാല വൈദ്യ/ഫോട്ടോ: പിടിഐ

ന്യൂഡൽഹി; വിഖ്യാത നാടക നടിയും പ്രസിദ്ധമായ അക്ഷര തീയെറ്ററിന്റെ സഹസ്ഥാപകയുമായ ജലബാല വൈദ്യ അന്തരിച്ചു. 86 വയസായിരുന്നു. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടിയാണ് മരണവാർത്ത പുറത്തുവിട്ടത്. 

എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ സുരേഷ് വൈദ്യയുടെയും ഇംഗ്ലീഷ് ക്ലാസിക്കൽ ഗായിക മാഡ്‌ജ് ഫ്രാങ്കീസിന്റെയും മകളായി ലണ്ടനിലാണ് ജലബാല ജനിച്ചത്. പത്രപ്രവർത്തകയായാണ് കരിയർ ആരംഭിച്ചത്. രാജ്യതലസ്ഥാനത്തെ പത്രങ്ങളിലും മാസികകളിലും ജോലിചെയ്തു.  പ്രശസ്ത കോളമിസ്റ്റും പത്രപ്രവർത്തകനും മലയാളിയുമായ സി.പി. രാമചന്ദ്രനെ വിവാഹംചെയ്തെങ്കിലും ആ ബന്ധം ഏറെനാൾ നീണ്ടുനിന്നില്ല. നാടകകൃത്തും കവിയുമായ ഗോപാൽ ശർമനെ വിവാഹംകഴിച്ചശേഷമാണ് ജലബാല കലാരം​ഗത്തേക്ക് എത്തുന്നത്. 

1968-ലെ ‘ഫുൾ സർക്കിളി’ലൂടെയാണ് അരങ്ങിലെത്തുന്നത്. ഇത് വന്‍ വിജയമായി മാറിയതോടെ ഗോപാല്‍ ശര്‍മന് റോയല്‍ ഷേക്‌സ്പിയര്‍ തീയറ്ററിന്റെ വേള്‍ഡ് തിയറ്റര്‍ സീസണില്‍ രാമായണത്തെക്കുറിച്ച് ഒരു നാടകം ചെയ്യാന്‍ ക്ഷണം എത്തി. 25 അഭിനേതാക്കളെവെച്ചാണ് അദ്ദേഹം നാടകം എഴുതിയത്. എന്നാല്‍ എല്ലാ കഥകളിലും ജലബാല വൈദ്യ തന്നെ എത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടുകയായിരുന്നു. പിന്നീടാണ് ശര്‍മനുമായി ചേര്‍ന്ന് അക്ഷര നാഷണല്‍ ക്ലാസിക്കല്‍ തിയറ്റര്‍ ആരംഭിക്കുന്നത്.

ദി ഭഗവദ്ഗീത, ദി രാമായണ, ദി കാബൂളിവാല, ഗീതാഞ്ജലി, ബില്ലി ബിശ്വാസിന്റെ വിചിത്രമായ കേസ് എന്നീ നാടകങ്ങളുടെ ഭാഗമായി. ബി, ദിസ് ഈസ് ഫുൾ, ലൈഫ് ഈസ് ബട്ട് എ ഡ്രീം, ദി അക്ഷര ആക്‌റ്റിങ് മെത്തേഡ് എന്നീ പുസ്തകങ്ങൾ രചിച്ചു. സംഗീത നാടക അക്കാദമിയുടെ ടാഗോർ അവാർഡ്, ഡൽഹി നാട്യസംഘ അവാർഡ്, ആന്ധ്രാപ്രദേശ് നാട്യ അക്കാദമി ബഹുമതി, ബാൾട്ടിമോർ, യു.എസ്.എ. എന്നിവിടങ്ങളിലെ ഓണററി പൗരത്വം, ഡൽഹി സർക്കാരിൽനിന്ന് വാരിഷ് സമ്മാൻ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹയായി. ഗായികയും അഭിനേത്രിയുമായ നിസ ഷെട്ടി, നടൻ ധ്രുവ് ഷെട്ടി, എഴുത്തുകാരി യഷ്ന ഷെട്ടി എന്നിവർ ചെറുമക്കളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com