ഒരു ലക്ഷത്തോളം രൂപ തരാനുണ്ട്, അവാർഡ് കിട്ടിയപ്പോൾ അവരാകെ മാറി; എലിഫന്റ് വിസ്പറേഴ്സ് സംവിധായികയ്‌ക്കെതിരെ ബൊമ്മനും ബെല്ലിയും

സംവിധായികയ്‌ക്കെതിരെ ആരോപണവുമായി ബൊമ്മനും ബെല്ലിയും
ബൊമ്മനും ബെല്ലിയും, കാർത്തികി ഗോൺസാൽവസ്/  ട്വിറ്റർ
ബൊമ്മനും ബെല്ലിയും, കാർത്തികി ഗോൺസാൽവസ്/ ട്വിറ്റർ

മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ച 'ദി എലിഫന്റ് വിസ്പറേഴ്സി'ന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനെതിരെ​ ഗുരുതര ആരോപണങ്ങളുമായി ഈ ചിത്രത്തിലൂടെ പ്രശസ്തരായ ബൊമ്മനും ബെല്ലിയും. തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്‌തുവെന്നും ചിത്രീകരണത്തിന് വേണ്ടി മുടക്കിയ പണം മടക്കിത്തരാതെ വഞ്ചിച്ചെന്നും ബൊമ്മനും ബെല്ലിയും ആരോപിച്ചു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. 

തങ്ങൾക്ക് കാർ വാങ്ങി തന്നു, അക്കൗണ്ടിൽ പണം ഇട്ടു തന്നു എന്നൊക്കെ അവർ പറഞ്ഞത് കളവാണെന്നും തങ്ങളെ ഓസ്കർ പ്രതിമയിൽ തൊടാൻ പോലും സമ്മതിച്ചില്ലെന്ന് ദമ്പതികൾ ആരോപിച്ചു. ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത് എന്നാൽ ചിത്രത്തിന് ഓസ്കർ ലഭിച്ചതിനു ശേഷം തങ്ങളുമായി അവർക്കുണ്ടായിരുന്ന ആശയവിനിമയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായെന്നും ദമ്പതികൾ പറഞ്ഞു. 

ഡോക്യുമെന്ററിയിലെ വിവാഹ രം​ഗം ചിത്രീകരിക്കാൻ സ്വന്തം കയ്യിൽ നിന്നാണ് പണം ചിലവാക്കിയത്. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് അതിനു വേണ്ടി മുടക്കിയതെന്ന് ദമ്പതിമാർ ആരോപിക്കുന്നു. 'സിനിമയിലെ വിവാഹരം​ഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാർതികി ​ഗോൺസാൽവസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാൽ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഒരു ലക്ഷം രൂപയ്ക്കടുത്ത് വരും. ചിത്രീകരണം കഴിഞ്ഞാൽ തിരികെ തരാമെന്ന് പറഞ്ഞിട്ടാണ് അത്രയും സംഖ്യ കൊടുത്തതെങ്കിലും ഇതുവരെ ആ പണം അവർ തിരികെ തന്നിട്ടില്ല. അവരെ വിളിക്കുമ്പോൾ തിരക്കാണെന്നും തിരികെ വിളിക്കാമെന്നുമാണ് പറയുന്നത്. പക്ഷേ ഇതുവരെയും വിളിച്ചിട്ടില്ല.' ബൊമ്മനും ബെല്ലിയും ആരോപിച്ചു. സിനിമയുടെ വിജയത്തിനു ശേഷം നിർമാതാക്കൾ തങ്ങളോട് പെരുമാറിയ വിധത്തിലുള്ള അതൃപ്തിയും ഇരുവരും പ്രകടിപ്പിച്ചു.

തുടർന്ന് പ്രസ്താവനയുമായി നിർമാതാക്കളും രം​ഗത്തെത്തി. സിനിമയെടുക്കുമ്പോൾ തങ്ങൾ പ്രാധാന്യം നൽകിയത് ആനകളുടെ സംരക്ഷണം, ഇതിനായി വനംവകുപ്പും ബൊമ്മൻ-ബെല്ലി ദമ്പതിമാർ എന്നിവർ നടത്തുന്ന പ്രയത്നങ്ങളേക്കുറിച്ചുമാണെന്നാണ് ഇതിൽ പറയുന്നത്. എന്നാൽ ബൊമ്മനും ബെല്ലിയും ഉയർത്തിയ ആരോപണങ്ങളേക്കുറിച്ച് ഇവർ കൂടുതൽ വിശദീകരണമോ വ്യക്തതയോ നൽകിയിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com