'കൈ കൊണ്ട് പണിയണമെന്ന് ലിജോ ജോസ് പറഞ്ഞു'; വാലിബന്റെ കമ്മലിന് പിന്നിലെ കഥ

കമ്മൽ നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പമാണ് വിഡിയോ
മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ കമ്മൽ, ശിവാനന്ദൻ കമ്മൽ നിർമിക്കുന്നു/ വിഡിയോ ദൃശ്യം
മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ കമ്മൽ, ശിവാനന്ദൻ കമ്മൽ നിർമിക്കുന്നു/ വിഡിയോ ദൃശ്യം

സിനിമാപ്രേമികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. മോഹൻലാൽ അണിഞ്ഞ കമ്മലിൽ നിന്നാണ് ടീസർ തുടങ്ങുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് വാലിബന്റെ കമ്മലിനു പിന്നിലെ കഥയാണ്. 

സേതു ശിവാനന്ദൻ എന്ന കൺസെപ്റ്റ് ആർട്ടിസ്റ്റ് ആണ് കമ്മൽ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർദേശപ്രകാരം തന്റെ അച്ഛനാണ് സ്വർണ കമ്മൽ നിർമിച്ചത് എന്നാണ് സേതു പറയുന്നത്. റഫ് ഫീൽ വേണമെന്നും കൈകൊണ്ട് പണിയണമെന്നും ലിജോ ജോസ് നിർദേശിച്ചിരുന്നു എന്നും വ്യക്തമാക്കി. 

കമ്മൽ നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പമാണ് വിഡിയോ. 'ഈ കമ്മൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്. അച്ഛന്റെ പേര് ശിവാനന്ദൻ എന്നാണ്. എന്റെ അച്ഛൻ സ്വർണപ്പണിക്കാരനാണ്. കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കിൽ ആണ് അച്ഛൻ വർക്ക് ചെയ്യുന്നത്. ഈ ആഭരണത്തിന് റഫ് ഫീൽ വേണം, കൈകൊണ്ടു നിർമിച്ചതാകണം എന്നാണു ലിജോ സാർ പറഞ്ഞത്. അപ്രകാരം ആണ് ഈ കമ്മൽ ഉണ്ടാക്കിയത്.  ഇന്നലെ സിനിമയുടെ ടീസർ കണ്ടപ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി. ടീസറിന്റെ ആദ്യ ഷോട്ടിൽ തന്നെ ഈ കമ്മൽ കാണിക്കുന്നുണ്ട്.  ഞങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വിഡിയോ ഇടുന്നത്.’- സേതു ശിവാനന്ദൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com