'ഡബ്ബ് ചെയ്തിരുന്നെങ്കില്‍ പ്രാഞ്ചിയേട്ടന്റെ ഗതി എന്തായിരിക്കും, രഞ്ജിത്ത് അയാളുടെ പണി ചെയ്യുന്നതാണ് നല്ലത്': തൂവാനത്തുമ്പികളുടെ നിര്‍മാതാവ്

'ക്ലാരയോട് സംസാരിക്കുമ്പോള്‍ തൃശൂര്‍ ഭാഷ സംസാരിച്ച് വഷളാകേണ്ട കാര്യമുണ്ടോ?'
പി സ്റ്റാൻലി, തൂവാനത്തുമ്പികൾ സിനിമയിൽ നിന്ന്
പി സ്റ്റാൻലി, തൂവാനത്തുമ്പികൾ സിനിമയിൽ നിന്ന്

തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ വളരെ ബോറാണ് എന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചിത്രത്തിന്റെ നിര്‍മാതാവ് പി സ്റ്റാന്‍ലി. രഞ്ജിത്തിന്റെ പരാമര്‍ശം ബാലിശമായിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്. രഞ്ജിത്ത് ഭാഷ ഗവേഷകനാണെന്ന് ഇപ്പോഴാണ് മനസിലായത്. സ്വന്തം പണി ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സ്റ്റാന്‍ലി പറഞ്ഞു.സമകാലിക മലയാളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മാതാവിന്റെ പ്രതികരണം. 

ചിത്രത്തില്‍ നല്ല ഭംഗിയായാണ് മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിച്ചിരിക്കുന്നത്. നമുക്കൊരു നാരങ്ങവെള്ളം കാച്ചിയാലോ എന്നത് തൃശൂര്‍ ഭാഷയാണോ അല്ലയോ എന്നതിന് ഉത്തരം തരേണ്ടത് ഭാഷാ ശാസ്ത്രജ്ഞന്മാരാണ്. രഞ്ജിത്തിന് ആ പണിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ അങ്ങനെ ഒരാളെ കയറൂരി വിട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും സ്റ്റാന്‍ലി പറഞ്ഞു. 

'രഞ്ജിത്ത് ഗവേഷകനൊന്നുമല്ല'

മോഹന്‍ലാല്‍ സംസാരിക്കുന്ന തൃശൂര്‍ ഭാഷയില്‍ അല്ലെന്ന് പറയാന്‍ രഞ്ജിത്ത് ഗവേഷകനൊന്നുമല്ല. അദ്ദേഹം ഭാഷ ഗവേഷകനാണെന്ന് ഇപ്പോഴാണ് മനസിലായത്. ആ ലെവലിലോട്ട് ഒന്നും രഞ്ജിത്ത് പോവാതിരിക്കുന്നതായിരിക്കും നല്ലത്. ഭാഷ ശാസ്ത്രം എന്നു പറയുന്നത് മറ്റൊരു വിഭാഗമാണല്ലോ. നമുക്കൊരു നാരങ്ങവെള്ളം കാച്ചിയാലോ എന്നത് തൃശൂര്‍ ഭാഷയാണോ അല്ലയോ എന്നതിന് ഉത്തരം തരേണ്ടത് ഭാഷാ ശാസ്ത്രജ്ഞന്മാരാണ്. രഞ്ജിത്തിന് ആ പണിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ അങ്ങനെ ഒരാളെ കയറൂരി വിട്ടിട്ട് കാര്യമില്ല. അയാള്‍ അയാളുടെ പണി ചെയ്യുന്നതാണ് നല്ലത്. പത്മരാജന്‍ പത്മരാജന്റെ പണി ചെയ്തു. അതുപോലെ സംവിധായകര്‍ അവരവരുടെ പണിചെയ്യുന്നതാണ് നല്ലത്. ശബ്ദ താരാവലിയും ഭാഷാശാസ്ത്രവുമൊന്നും ചര്‍ച്ച ചെയ്യാതിരിക്കുകയാണ് സിനിമാക്കാര്‍ക്ക് നല്ലത്. സിനിമ മലബാര്‍ ഭാഷയിലുള്ളതാണെന്നോ തൃശൂര്‍ ഭാഷയിലുള്ളതാണെന്നോ തിരുവനന്തപുരം ഭാഷയിലുള്ളതാണെന്നോ പ്രഖ്യാപിച്ചുകൊണ്ടല്ല സിനിമ ചെയ്യുന്നത്. സിനിമ കേരളത്തിലെ മുഴുവന്‍ പ്രേക്ഷകര്‍ക്കു വേണ്ടിയാണ്. അവര്‍ക്കെല്ലാം മനസിലാകുന്ന ഭാഷയില്‍ വേണം സിനിമയെടുക്കാന്‍. അല്ലാതെ സിനിമ എടുത്തിട്ടില്ല ഇവിടെ. അങ്ങനെ സിനിമയെടുത്തിട്ടുണ്ടെങ്കില്‍ രഞ്ജിത്ത് പറയട്ടെ. 

'ജയകൃഷ്ണന് വിദ്യാഭ്യാസമുണ്ട്, പ്രാഞ്ചിയേട്ടന് ഇല്ല'

കഥയൊക്കെ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഭാഷയുടെ പ്രശ്‌നമൊക്കെ നമുക്ക് അറിയാവുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മണ്ണാറത്തുടി ജയകൃഷ്ണന്റെ ജന്മസ്ഥലം തൃശൂരാണെന്ന് സൂചിപ്പിക്കുന്നുണ്ട്. വലിയ വിദ്യാഭ്യാസം നേടിയ ആളാണ്. ഓരോ കഥാപാത്രങ്ങളോടും അദ്ദേഹം സംസാരിക്കുന്നത് കഥാപാത്രങ്ങളുടെ ഭാഷയിലാണ്. സിറ്റിയില്‍ നിന്ന് വരുന്ന ഒരു കഥാപാത്രമാണ് ക്ലാര. ലാലിന് കൂടുതലും സംസാരിക്കേണ്ടത് അവരോടാണ്. അത് തൃശൂര്‍ ഭാഷയില്‍ അല്ല. ക്ലാരയുടെ ഭാഷയിലാണ്. പുസ്തകത്തിലെ മലയാളത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നാല്‍ തൃശൂരിലെ വീട്ടില്‍ പൂര്‍ണമായും ലാല്‍ സംസാരിക്കുന്നത് തൃശൂര്‍ ഭാഷയിലാണ്. അശോകന്റെ കഥാപാത്രത്തോട് തൃശൂര്‍ ഭാഷയില്‍ സംസാരിക്കുമ്പോള്‍ ബാറില്‍ വന്ന് മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അങ്ങനെയല്ല. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും തൃശൂരില്‍ നിന്നുള്ളവരല്ല. ജയകൃഷ്ണന്റേയും രാധയുടേയും കുടുംബവുമാണ് തൃശൂരില്‍ നിന്നുള്ളത്. കുറച്ച് കഥാപാത്രങ്ങളൊഴിച്ച് ബാക്കിയുള്ളവരെല്ലാം പുറത്തുനിന്ന് വരുന്നവരാണ്. തൃശൂര്‍ക്കാരോട് സംസാരിക്കുമ്പോള്‍ വളരെ കൃത്യമായി തൃശൂര്‍ ഭാഷയില്‍ തന്നെ സംസാരിക്കുന്നുണ്ട്. അശോകനോട് സംസാരിക്കുന്നത് നല്ല ഭംഗിയായ തൃശൂര്‍ ഭാഷയില്‍ തന്നെയാണ്. 

പ്രാഞ്ചിയേട്ടന്‍ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് വിദ്യാഭ്യാസമില്ല. അതിന് അപ്പുറത്തേക്ക് അയാള്‍ക്ക് വളരാന്‍ പറ്റില്ല. ആ സിനിമയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമാണ് സംസാരിക്കുന്നത്. അല്ലാതെ പ്രാഞ്ചിയേട്ടന്റെ ഭാഷയില്‍ അല്ല ആ സിനിമ മുഴുവനുള്ളത്. പ്രാഞ്ചിയേട്ടന്‍ മാത്രം തൃശൂര്‍ ഭാഷ സംസാരിക്കുമ്പോള്‍ ബാക്കി കഥാപാത്രങ്ങള്‍ അവര്‍ക്ക് യോജിച്ച ഭാഷയിലാണ് സംസാരിക്കുന്നത്. 

'ലാല്‍ പറഞ്ഞതാണ് ശരിയായ മറുപടി'

എംടിയുടെ സിനിമയാണെങ്കില്‍ പോലും ആരാണ് അതില്‍ മലബാര്‍ ഭാഷ സംസാരിക്കുന്നത്. തറവാട്ടിലുള്ള കുറച്ച് സ്ത്രീകളും കാരണവന്മാരും മാത്രമാണ് മലബാര്‍ ഭാഷ സംസാരിക്കുന്നത്. ബാക്കിയുള്ളവരെല്ലാം ശുദ്ധമലയാളമാണ് സംസാരിക്കുന്നത്. ദീര്‍ഘമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമല്ല അത്. ലാല്‍ പറഞ്ഞതാണ് അതിന്റെ ശരിയായ മറുപടി. ലാല്‍ തൃശൂര്‍ക്കാരനൊന്നുമല്ല. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംസാരിക്കുന്നു. സംവിധായകന്‍ പറഞ്ഞത് അനുസരിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. തൃശൂര്‍ ഭാഷ പഠിക്കാന്‍ വേണ്ടി ഒരു ദിവസം പോയി ലോഡ്ജില്‍ താമസിച്ചാല്‍ മതി. അടുത്ത ദിവസം തൃശൂര്‍ ഭാഷ സംസാരിക്കാന്‍ പറ്റും. തൃശൂര്‍ ഭാഷ എന്നു പറയുന്ന ഭാഷ തന്നെയില്ല. തൃശൂരില്‍ തന്നെ തൃശൂര്‍ ഭാഷയില്ല. മലബാര്‍ ഭാഷ, മുസ്ലീം ഭാഷ എന്നൊക്കെ പറയുന്നതുപോലെ തൃശൂരിന് ഒരു പ്രത്യേക ഭാഷയൊന്നുമില്ല. രഞ്ജിത്തിന്റെ പരാമര്‍ശം വരെ ബാലിശമായിപ്പോയി. 

'തൃശൂര്‍ ഭാഷ സംസാരിച്ച് വഷളാകേണ്ട കാര്യമുണ്ടോ?'

തിരുവനന്തപുരത്ത് ചലച്ചിത്ര മേളയൊക്കെ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പരാമര്‍ശമുണ്ടായത്. ലോക സിനിമകളാണ് അവിടെ പ്രദര്‍ശിപ്പിക്കുന്നത്. മലയാളം പ്രേക്ഷകര്‍ ഇരുന്ന് കൊറിയന്‍ സിനിമ കാണുകയാണ്. ഭാഷകളിലേക്ക് നമ്മള്‍ എത്രമാത്രം വളര്‍ന്നിരിക്കുന്നു. അതിനിടെ ഇതുപോലെയൊരു സങ്കുചിത പ്രസ്താവന നടത്തേണ്ട കാര്യമുണ്ടോ? അതും തൂവാനത്തുമ്പികളിറങ്ങിയിട്ട് 35 വര്‍ഷം കഴിഞ്ഞിട്ട്. ഇക്കാലത്തിനിടയില്‍ ഭാഷ എത്രത്തോളമാണ് പുരോഗമിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇംഗ്ലീഷും മലയാളവും കലര്‍ന്ന ഭാഷയില്‍ അല്ലേ സംസാരിക്കുന്നത്. ഭാഷ ഇനിയും വ്യത്യസ്തമാകും.

മോഹന്‍ലാല്‍ പറഞ്ഞതുപോലെ സംവിധായകന്‍ ആവശ്യപ്പെട്ടത് കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. സിനിമ ആവശ്യപ്പെടുന്ന ഭാഷയാണ് നമ്മള്‍ കൊടുക്കുന്നത്. കുഞ്ഞാലിമരക്കാറില്‍ പ്രിയദര്‍ശന്‍ ആവശ്യപ്പെട്ട ഭാഷ മോഹന്‍ലാല്‍ കൊടുത്തില്ലേ. മോഹന്‍ലാല്‍ എവിടെയെങ്കിലും പോയി പഠിച്ചിട്ടാണോ. സംവിധായകനാണ് ഇതിന്റെ ഉത്തരവാദിത്വം. എന്റെ അഭിപ്രായത്തില്‍ പത്മരാജന്‍ വളരെ നന്നായി അത് കൈകാര്യം ചെയ്തിട്ടുണ്ട്. ക്ലാരയോട് സംസാരിക്കുമ്പോള്‍ തൃശൂര്‍ ഭാഷ സംസാരിച്ച് വഷളാകേണ്ട കാര്യമുണ്ടോ. ഇംഗ്ലീഷ് അറിയാമായിരുന്നെങ്കില്‍ അയാള്‍ ഇംഗ്ലീഷ് സംസാരിക്കുന്നതായിരുന്നു നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. തെലുങ്കിലും തമിഴിലുമൊക്കെ ചിത്രം ഡബ്ബ് ചെയതിട്ടുണ്ട്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കം ഡബ്ബ് ചെയ്താല്‍ എങ്ങനെയിരിക്കും. ഈ പ്രാഞ്ചിയേട്ടന്റെ ഗതി എന്തായിരിക്കും. ആത്മഹത്യ ചെയ്യേണ്ടിവരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com