'ആകപ്പാടെ ഒരു കൃത്രിമത്വം; അങ്ങേയറ്റം ഫ്‌ളക്‌സിബിള്‍ എന്നു വാഴ്ത്തിയ നടനെ ഇങ്ങനെ കാണുമ്പോള്‍ സങ്കടം തോന്നും'; കുറിപ്പ് 

മോഹന്‍ലാല്‍ ഉടനീളം അണ്‍കംഫര്‍ട്ടബ്ള്‍ ആയിരുന്നു. അങ്ങേയറ്റം ഫ്‌ലെക്‌സിബിള്‍ എന്നു നമ്മള്‍ വാഴ്ത്തിയ നടനെ ഇങ്ങനെ കാണുമ്പോള്‍ സങ്കടം തോന്നും
അഷ്ടമൂര്‍ത്തി/ഫെയ്‌സ്ബുക്ക്, നേരില്‍ മോഹന്‍ലാല്‍
അഷ്ടമൂര്‍ത്തി/ഫെയ്‌സ്ബുക്ക്, നേരില്‍ മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫ് ചിത്രം നേര് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരില്‍നിന്നു പൊതുവേ മികച്ച അഭിപ്രായം നേടി വിജയത്തിലേക്കു കുതിക്കുന്ന ചിത്രത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവയ്ക്കുകയാണ്, എഴുത്തുകാരന്‍ അഷ്ടമുര്‍ത്തി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍. ആകപ്പാടെ കൃത്രിമത്വം തോന്നുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം സങ്കടം തോന്നുന്നതാണെന്ന് അഷ്ടമൂര്‍ത്തി പറയുന്നു.

കുറിപ്പ് ഇങ്ങനെ: 

നേരു പറഞ്ഞാല്‍ അതത്ര മികച്ച സിനിമയൊന്നുമല്ല.
ആകപ്പാടെ ഒരു കൃത്രിമത്വമുണ്ട്. ബലാല്‍സംഗത്തിനു വിധേയയാകുന്ന പെണ്‍കുട്ടി അവന്റെ മുഖത്തു തപ്പിനോക്കി പ്രതിയുടെ രൂപം ഗണിച്ചെടുക്കുന്നതും പിന്നീട് അത് പ്രതിമയാക്കുന്നതും മുതല്‍ തുടങ്ങുന്നു അത്. വക്കീല്‍പ്പണി ഉപേക്ഷിച്ച നായകനെ നിര്‍ബ്ബന്ധപൂര്‍വം പി പിയാക്കുന്നത് പോട്ടെ എന്നു വെയ്ക്കാം. പക്ഷേ തികച്ചും അപരിചിതയായ ഒരുവളെ ആ വീട്ടില്‍ ഒരു നിശ്ചിതസമയത്ത് മറ്റാരുമുണ്ടാവില്ല എന്ന് യാദൃച്ഛികമായി അറിവു കിട്ടി ബലാല്‍സംഗത്തിന് എത്തുന്നത് വല്ലാതെ കൃത്രിമമായി. ഗുണ്ടകളെ കൂട്ടി വന്ന് അവരേക്കൊണ്ട് അച്ഛനമ്മമാരുടെ വായ പൊത്തിപ്പിടിപ്പിച്ച് (കൈകളൊന്നും പിന്നിലേയ്ക്കു പിടിച്ചു കെട്ടാതിരുന്നിട്ടും ഗുണ്ടകളുടെ കൈകളില്‍ നിന്നു കുതറി മാറാന്‍ എന്തുകൊണ്ടാണാവോ അവര്‍ ശ്രമിക്കാതിരുന്നത്!) പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതൊക്കെ ഇപ്പോഴും സിനിമയില്‍ ഉണ്ടല്ലോ എന്ന് അത്ഭുതപ്പെട്ടു പോയി.
കോടതി രംഗങ്ങള്‍ വിശേഷമാണെന്ന് പറഞ്ഞു കേട്ടുവെങ്കിലും അതെല്ലാം സിനിമാക്കോടതിരംഗങ്ങള്‍ തന്നെ! പിന്നെ ടിവി സ്‌ക്രീന്‍ വാര്‍ത്തകളും മൈക്ക് കയ്യില്‍പ്പിടിച്ച് പരക്കംപായുന്ന മാ. പ്രവര്‍ത്തകരുമില്ലാത്ത ഒരു സിനിമ ഇപ്പോള്‍ മലയാളത്തില്‍ പതിവില്ലല്ലോ!
മോഹന്‍ലാല്‍ ഉടനീളം അണ്‍കംഫര്‍ട്ടബ്ള്‍ ആയിരുന്നു. അങ്ങേയറ്റം ഫ്‌ലെക്‌സിബിള്‍ എന്നു നമ്മള്‍ വാഴ്ത്തിയ നടനെ ഇങ്ങനെ കാണുമ്പോള്‍ സങ്കടം തോന്നും. ഒപ്പമുള്ള സിദ്ദിക്കിന്റെ പ്രകടനവുമായി ആരെങ്കിലും ആ മഹാനടനെ താരതമ്യപ്പെടുത്തിപ്പോയാല്‍ അതില്‍ അസാംഗത്യമൊന്നുമില്ല.
 പി പി ക്ക് സഹായിയായി വരുന്ന ജൂനിയര്‍ എത്രമാത്രം അണ്‍ഇന്റലിജന്റാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ നടിയുടെ ഭാവഹാവാദികള്‍. അതുകൊണ്ടു തന്നെ ആ വക്കീലില്‍ നിന്ന് ഒരിടപെടലും പ്രതീക്ഷിച്ചതുമില്ല. തിരക്കഥയെഴുത്തുകാരിയാവട്ടെ ആകെ പരിഭ്രമിച്ചുവശായതു പോലെയായിരുന്നു തിരശ്ശീലയില്‍ ഓടിനടന്നത്. ആശ്വാസം തോന്നിയത് മാത്യു വര്‍ഗീസിന്റെ ജഡ്ജിയുടെ അഭിനയം കണ്ടപ്പോഴാണ്.
അനശ്വര രാജനെ അത്ഭുതത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നിന്നും സൂപ്പര്‍ ശരണ്യയില്‍ നിന്നുമൊക്കെ ആ നടി എത്രമാത്രം വളര്‍ന്നുപോയി!
അവസാനം 'ഒരു ജിത്തു ജോസഫ് ഫിലിം' എന്ന് എഴുതിക്കാണിക്കുന്നുണ്ട്. അതെ; അതാണ് ആകെയുള്ള നേര്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com