കേര നിരകളാടുന്ന നാടിന്റെ സൗന്ദര്യം പറഞ്ഞ്, പ്രണയം നിറച്ച് മഴത്തുള്ളികൾ...: കുട്ടനാട്ടുകാരന്റെ പാട്ടുവഴി

രണ്ടു പതിറ്റാണ്ടു കാലത്തിനിടെ അറുപതോളം സിനിമകളിലായി 200ഓളം ​ഗാനങ്ങളാണ് ബീയാർ പ്രസാദ് എഴുതിയത്
ബീയാർ പ്രസാദ്/ചിത്രം; ഫെയ്സ്ബുക്ക്
ബീയാർ പ്രസാദ്/ചിത്രം; ഫെയ്സ്ബുക്ക്

"കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്..."

കണ്ണും മനസും നിറയ്ക്കുന്ന കുട്ടനാടിന്റെ സൗന്ദര്യം എത്ര മനോഹരമായാണ് ബീയാർ പ്രസാദ് തന്റെ വരികളിലൂടെ വരച്ചിട്ടിരിക്കുന്നത്. താൻ ജനിച്ചു വളർന്ന നാടിന്റെ സൗന്ദര്യം മുഴുവൻ ഈ പാട്ടിൽ നിറയ്ക്കാൻ അദ്ദേഹത്തിനായി. മലയാളികൾ നെഞ്ചോടു ചേർത്ത മലയാളത്തനിമയുള്ള ​ഗാനമായി ഇത് മാറി. വെട്ടം എന്ന സി‌നിമയിലെ ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ എന്ന ​ഗാനം നമുക്ക് തരുന്ന കുളിർമയുണ്ട്. പ്രണയിക്കുന്നവരെ പ്രണയത്തിന്റെ ആഴത്തിലേക്ക് വീഴ്ത്തുകയും നഷ്ടപ്രണയത്തിന്റെ വേദനയിലും ഒന്നിച്ചുണ്ടായ മനോഹര നിമിഷങ്ങൾ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ​ഗാനം. ഈ ​ഗാനങ്ങൾക്കെല്ലാം കരുത്താകുന്നത് ഇതിലെ മനോഹരമായ വരികളാണ്. ബീയാർ പ്രസാദിന്റെ വേർപാടിലൂടെ മലയാളികൾക്ക് നഷ്ടമാകുന്നതും ഇത്തരം ​ഗാനങ്ങളാണ്.

രണ്ടു പതിറ്റാണ്ടു കാലത്തിനിടെ അറുപതോളം സിനിമകളിലായി 200ഓളം ​ഗാനങ്ങളാണ് ബീയാർ പ്രസാദ് എഴുതിയത്. അവയിൽ പലതും വൻ ഹിറ്റുകളായിരുന്നു. ആലപ്പുഴയിലെ മങ്കൊമ്പ് സ്വദേശിയായ ബി രാജേന്ദ്രപ്രസാദ് കഥ എഴുതിയാണ് ബീയാർ പ്രസാദ് ആകുന്നത്. ചെറുപ്പംമുതൽ എഴുത്തിനോട് കമ്പമുണ്ടായിരുന്ന അദ്ദേഹം കഥ എഴുതാൻ തുടങ്ങിയതോടെ ബി.ആർ. പ്രസാദ് എന്നു പേരുമാറ്റി. എന്നാൽ ഇതേ പേരിൽ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് അറിഞ്ഞതോടെയാണ് ബീയാർ പ്രസാദ് എന്നാക്കുന്നത്. 

സംഗീതവും താളവാദ്യവുമായിരുന്നു ആദ്യത്തെ ഇഷ്ടം. കൂടാതെ കവിതകളോടും കമ്പമുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി അവതരിപ്പിച്ചു തുടങ്ങി. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയിട്ടുണ്ട്. പിന്നീട് ‘ഷഡ്‌കാല ഗോവിന്ദമാരാർ’ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമൽസരത്തിൽ മികച്ച രചനയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചു. സിനിമയിലേക്ക് അദ്ദേഹം എത്തുന്നത് സംവിധായക സ്വപ്നങ്ങളോടെയായിരുന്നു. ഷഡ്‌കാല ഗോവിന്ദമാരാർ സിനിമയാക്കണമെന്നായിരുന്നു ആ​ഗ്രഹം. എന്നാൽ ഇത് നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തിൽ അദ്ദേഹത്തിന്റെ ‘ചമയം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തിൽ ജോൺ പോളിന്റെ സഹായിയുമായി. 

​ഗാനരചനയിതാവുന്നത് പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലൂടെയാണ്. ‘ഒന്നാംകിളി പൊന്നാൺകിളി... ’ എന്ന ​ഗാനം ഉൾപ്പടെ ആറ് ​ഗാനങ്ങൾക്കാണ് അദ്ദേഹം വരി എഴുതിയത്. ഇത് ശ്രദ്ധേയമായതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വെട്ടം, ജലാത്സവം എന്ന സിനിമകളിലെ അദ്ദേഹത്തിന്റെ ​ഗാനങ്ങളാണ് പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റിയത്. 2019ൽ പുറത്തിറങ്ങിയ തട്ടിൻപുറത്തെ അച്യുതൻ എന്ന സിനിമയിലാണ് അവസാനം ​ഗാനമെഴുതിയത്. 

ബീയാർ പ്രസാദ് ​ഗാനരചയിതാവ് എന്ന നിലയിൽ മാത്രമല്ല നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 15 വർഷത്തോളം ചാനൽ അവതാരകനായിരുന്നു.  ചന്ദ്രോൽസവം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സനിത പ്രസാദ്. ഒരു മകനും മകളുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com