അന്ന് ഡയലോ​ഗ് പഠിപ്പിച്ചത് ഇക്കയെന്ന് ജോജു, ബാക്കി കഥ മമ്മൂട്ടി പറഞ്ഞു; പൊട്ടിച്ചിരിച്ച് ടൊവിനോ

ജോജുവിന് സർപ്രൈസ് നൽകി മമ്മൂട്ടി
ടൊവിനോ, മമ്മൂട്ടി, ജോജു അവാർഡ് വേദിയിൽ/ യൂട്യൂബ് വിഡിയോ സ്ക്രീൻഷോട്ട്
ടൊവിനോ, മമ്മൂട്ടി, ജോജു അവാർഡ് വേദിയിൽ/ യൂട്യൂബ് വിഡിയോ സ്ക്രീൻഷോട്ട്

യുകെ മാഞ്ചെസ്റ്ററിൽ നടന്ന ആനന്ദ് ടിവി അവാർഡിനിടെ നടൻ ജോജുവിന് സർപ്രൈസ് നൽകി മമ്മൂട്ടി. വേദിയിൽ മമ്മൂട്ടി എന്ന മഹാനടൻ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു മമ്മൂക്കയുടെ പിന്നിൽ നിന്നുള്ള സർപ്രൈസ്. മികച്ച ബഹുമുഖ നടനുള്ള അവാർഡ് നടൻ ടൊവിനോയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം വേദിയിൽ താൻ അവാർഡ് വാങ്ങുമ്പോൾ മമ്മൂക്കയും വേണമെന്ന് ആ​ഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞു.  

മമ്മൂക്കയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാണികളെയും ജോജുവിനെയും ഞെട്ടിച്ചു കൊണ്ട് മമ്മൂട്ടി വേദിയിലേക്ക് കയറി വന്നത്. മമ്മൂട്ടിയെ കണ്ടതിന് പിന്നാലെ ജോജുവിന്റെ ശബ്‌ദം ഇടറി. ജോജുവിന് നാണം വന്നോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ജോജു മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ. 

'ഇന്ന് ഏറ്റവും വലിയ ഭാഗ്യവാന്മാരായി എനിക്ക് തോന്നിയത് സുരാജ് വെഞ്ഞാറമ്മൂടിനെയും ടൊവിനോയെയുമാണ്. കുട്ടിക്കാലം മുതലുള്ള നമ്മുടെയൊക്കെ സൂപ്പർതാരമായ മമ്മൂക്കയുടെ കയ്യിൽ നിന്നാണ് ഇവർ അവാർഡ് വാങ്ങിയത്. എനിക്കും ഒരാഗ്രഹമായിരുന്നു, അദ്ദേഹം ഇവിടെ വേണമെന്ന്. അതിനൊരുപാട് കാരണങ്ങളുണ്ട്. ഞാൻ ആദ്യമായി ഡയലോഗ് പറയുന്നത് 1999ലാണ്, അത് മമ്മൂക്കയുടെ പടമായിരുന്നു. അത് കഴിഞ്ഞ്, ‘നീ അഭിനയിച്ചാൽ ശരിയാകില്ലെന്നും നീ ഗതിപിടിക്കില്ലെന്നും പറഞ്ഞ് പോയി, 2010 ൽ ‘നീ കുഴപ്പമില്ലടാ’ എന്നു പറഞ്ഞത് ബെസ്റ്റ് ആക്ടറിൽ അതും മമ്മൂക്കയോടൊപ്പമായിരുന്നു.

അതിനുശേഷം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമ. എന്റെ ജീവിതത്തിൽ അതുവരെ ലഭിച്ച വലിയ വേഷങ്ങളിലൊന്നായിരുന്നു അത്. 2013ലാണ് ആ പടം റിലീസ് ചെയ്തത്. അതുകഴിഞ്ഞ് ഒരു വർഷം എനിക്കു സിനിമയേ കിട്ടിയില്ല. ചെറിയ വേഷങ്ങളിൽ ഇവനെ വിളിക്കണ്ട, ഇവൻ വലിയ വേഷം ചെയ്തുവെന്നു പറഞ്ഞു.

അങ്ങനെ ഒരു വർഷത്തെ ഗ്യാപ്പിനുശേഷം എനിക്കൊരു സിനിമ കിട്ടി. ആ ലോട്ടറിയടിച്ച പടമായിരുന്നു ‘രാജാധിരാജ’. ആ സിനിമയിൽ ഞാൻ അഭിനയിക്കാൻ ചെന്നു. പൊള്ളാച്ചിയിൽ ഒരു വീട്ടിൽ ഷൂട്ട് നടക്കുന്ന സമയത്ത്, ആദ്യത്തെ ദിവസത്തെ പൂജ നടക്കുകയാണ്. പൂജയ്ക്ക് തിരി കത്തിക്കാൻ നേരത്ത് ഞാനിങ്ങനെ മാറി നിൽക്കുകയായിരുന്നു. അപ്പോൾ മമ്മൂക്ക പറഞ്ഞു, ‘അവനെ വിളിക്ക്’. എന്നിട്ട് എന്നെക്കൊണ്ട് ആ തിരി കത്തിച്ചു. ഞാനിങ്ങനെ മുഖം കുനിച്ചുപിടിച്ചുപോയാണ് ആ തിരി കത്തിച്ചത്. കാരണം ആ സമയത്ത് ഞാൻ കരയുകയായിരുന്നു.

അതിനു ശേഷം ആ സിനിമയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടർ എന്നെപ്പറ്റി പറയുന്നത് എന്റെ കൂടെ വന്ന ഒരാൾ കേട്ടു. ''ഇവനെയൊക്കെ വച്ച് ഇത്ര വലിയൊരു വേഷം അഭിനയിപ്പിക്കാമോ? ഇവൻ ഇപ്പോൾ അഭിനയിക്കും. അഭിനയം ശരിയായില്ലെങ്കിൽ അപ്പോൾ തന്നെ പറഞ്ഞുവിടുമെന്നു'' പറഞ്ഞു. ഇത് എന്റെ കൂട്ടുകാരൻ വന്ന് എന്നോടു പറഞ്ഞു. ''എടാ നീ ഇന്ന് അഭിനയിച്ച് ശരിയായില്ലെങ്കിൽ നിന്നെ പറഞ്ഞുവിടും. അതുകൊണ്ട് നന്നായി ചെയ്യണമെന്ന്.''

ഇതുകേട്ടപ്പോൾ എന്റെ കിളിപോയി. ഇവിടെ നിന്ന് ഇന്ന് എന്നെ പറഞ്ഞുവിട്ടുകഴിഞ്ഞാൽ ആ നാണക്കേട് എല്ലാകാലത്തും ഉണ്ടാകും എന്നായിരുന്നു എന്റെ പ്രശ്നം. അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയും. അങ്ങനെ ഷൂട്ടിങ് തുടങ്ങി. ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെ. നാല് തവണ ഡയലോഗ് തെറ്റി. പണി പാളിയെന്ന് തന്നെ വിചാരിച്ചു. ഞാൻ ചുറ്റും നോക്കുന്നു, ഇവരൊക്കെ നിന്ന് 'ഇവനെ കൊണ്ടൊക്കെ ഇത് വല്ലതും നടക്കുമോ' എന്നൊക്കെയാണ് പറയുന്നത്. ആ സമയത്ത് മമ്മൂക്ക എന്റെ തോളിൽ കൈവച്ചു. എന്നിട്ട് എന്നെ കുറച്ച് മാറ്റി വിളിച്ചുകൊണ്ടുപോയി പറഞ്ഞു, ''നീ ആ ഡയലോഗ് ഒന്ന് നീട്ടി പറഞ്ഞേടാ, നിനക്കെന്താ ഇത്രപേടി''.

എന്റെ അടുത്ത് മമ്മൂക്കയാണ് നിൽക്കുന്നത്. എനിക്ക് പറയാൻ പറ്റിയില്ല. ഇതുപോലെ വലിച്ച് പറയാൻ പറഞ്ഞ് എനിക്ക് അത് എങ്ങനെയെന്ന് കാണിച്ചു തന്നു. ഞാൻ ആ ഡയലോഗ് പറഞ്ഞു. ആ ഇത്രയേ ഉള്ളൂയെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഷൂട്ടി ചെയ്യുന്നിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി. മമ്മൂക്ക ഇത് ഓർക്കുന്നുണ്ടാകില്ല. എന്നെപ്പോലെ ഒരുപാട് പേർ ഉണ്ടാകും. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമായിരുന്നു അത്. ഇന്നേ വരെ എനിക്ക് ഇങ്ങനെയൊരു സ്റ്റേജ് പങ്കിടാൻ അവസരം ലഭിച്ചിട്ടില്ല. ഇത് വലിയൊരു ദിവസമാണ്.'–ജോജു ജോർജ് പറഞ്ഞു.

ജോജു സംസാരിച്ചു നിർത്തിയപ്പോൾ ബാക്കി നടന്ന കഥ വിവരിച്ചത് മമ്മൂട്ടിയാണ്. 'എനിക്ക് മീൻ ഇഷ്‌‌ടമാണെന്ന് ജോജുവിന് അറിയാം. ഇതിന്റെ പിറ്റേ ദിവസം ഒരു ലോറി മീനാണ് കൊണ്ടു വന്നത്. ജീവനുള്ള പെടയ്‌ക്കുന്ന മീൻ. ഒരോ ചെമ്പ് നിറയെ മീൻ. ഓരോ ദിവസവും ഓരോ മീൻ പൊരിച്ചു തിന്നാമെന്നായിരുന്നു ജോജു പറഞ്ഞത്.'

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com