'ആ കൊച്ചു മോളുടെ ചിരിച്ച മുഖം മറക്കണ്ട, അവൾ നേരിട്ട ക്രൂരത നടുക്കുന്നു, കണ്ണീറനാക്കുന്നു': ജി വേണു​ഗോപാൽ

ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തത്, ഭരണത്തിലും പോലീസിലും ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിന്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും
ജി വേണു​ഗോപാൽ/ഫോട്ടോ: ഫെയ്സ്ബുക്ക്
ജി വേണു​ഗോപാൽ/ഫോട്ടോ: ഫെയ്സ്ബുക്ക്

ലുവയിൽ അ‍ഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭത്തിൽ പ്രതികരണവുമായി ​ഗായകൻ ജി വേണു​ഗോപാൽ. താങ്ങാവുന്നതിലും വലിയ ക്രൂരതയാണ് നടന്നത് എന്നാണ് വേണു​ഗോപാൽ കുറിച്ചത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തത്, ഭരണത്തിലും പോലീസിലും ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിന്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും.  മറുനാടൻ തൊഴിലാളികളെ "അതിഥി''കളായി സ്വീകരിക്കുന്ന മലയാളികളുടെ അലിവും സഹനശക്തിയും നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെയെന്നും ​വേണു​ഗോപാൽ പറഞ്ഞു. 

ജി വേണു​ഗോപാലിന്റെ കുറിപ്പ്

ഒരു അച്ഛന്, രക്ഷിതാവിന്, അമ്മയ്ക്ക്, ഒരു പൊതു സമൂഹത്തിന് താങ്ങാവുന്നതിലും വലിയ ക്രൂരത. പത്രങ്ങളും ടിവിയും തുറക്കാൻ ഭയമായിത്തുടങ്ങിയിരിക്കുന്നു. കാട്ടു ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണെന്ന സ്വാഭാവിക നീതി എടുത്തു മാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി. മുങ്ങി മുങ്ങി താഴുന്ന നീതി വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തത്, ഭരണത്തിലും പോലീസിലും ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിന്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലെ എക്സ്ട്രാ ജുഡീഷ്യൽ പൊലീസ് കൊലപാതകങ്ങളെ നമ്മളും വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. മറുനാടൻ തൊഴിലാളികളെ "അതിഥി''കളായി സ്വീകരിക്കുന്നവരാണ് മലയാളികൾ. നമ്മുടെ അലിവും സഹനശക്തിയുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസ്സുകളെന്നും അന്യരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ. ഏത് ദുരിതത്തിനിടയിലും നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ. അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട. ആ കൊച്ചു മോളുടെ ചിരിച്ച മുഖം, അവൾ നേരിട്ട ക്രൂരത നടുക്കുന്നു, കണ്ണീറനാക്കുന്നു. കണ്ണു നിറയുമ്പോഴും, കാതുണരട്ടെ. നന്മ നമ്മൾക്ക് കാവലാകട്ടെ!

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com