'അപമാനഭാരംകൊണ്ട് താണുപോയ പ്രമുഖ നടന്റെ തല പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി കാണുന്നില്ല': കൃഷ്ണകുമാർ

'തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല'
കൃഷ്ണകുമാർ/ചിത്രം: ഫേയ്സ്ബുക്ക്
കൃഷ്ണകുമാർ/ചിത്രം: ഫേയ്സ്ബുക്ക്

ലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. സർക്കാരിനേയും മണിപ്പൂർ സംഭവത്തിൽ പ്രതികരിച്ച സിനിമാതാരങ്ങളേയും വിമർശിച്ചുകൊണ്ടാണ് കുറിപ്പ്. ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കവും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയർത്തുന്നു എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. ഒന്നുരണ്ടാഴ്ചകൾക്കു മുൻപ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ലെന്നും കൃഷ്ണകുമാർ കുറിച്ചു. മദ്യവും മയക്കുമരുന്നും അരാജകത്വവും സ്വജനപക്ഷപാതവും ന്യൂനപക്ഷപ്രീണനവും സമാസമം ചേർത്തുവെച്ചു കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഭരിക്കുമ്പോൾ ആർക്കും അപായഭീതിയില്ലാതെ ജീവിക്കാൻ സാധ്യമല്ല. ഹിന്ദുവായി ജനിച്ചുപോയെങ്കിൽ പ്രത്യേകിച്ചും.- കൃഷ്ണകുമാർ കുറിപ്പിൽ പറയുന്നു. 

കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം

ഇന്നലെ ഉച്ച മുതൽ ഇന്നീ നിമിഷംവരെ, ഉള്ളിൽ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണ്. ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കവും, വീണ്ടും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയർത്തുന്നു. ഒപ്പം, അടക്കാൻ പറ്റാത്തത്രയും നിസ്സഹായതയും രോഷവും.

തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോൾ കാണുന്നില്ല. ഒന്നുരണ്ടാഴ്ചകൾക്കു മുൻപ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ല. 

മദ്യവും മയക്കുമരുന്നും അരാജകത്വവും സ്വജനപക്ഷപാതവും ന്യൂനപക്ഷപ്രീണനവും സമാസമം ചേർത്തുവെച്ചു കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഭരിക്കുമ്പോൾ എനിക്കോ നിങ്ങൾക്കോ, പറക്കമുറ്റാൻ പോലുമാവാത്ത നമ്മുടെയൊക്കെ കൊച്ചുമക്കൾക്കുപോലുമോ ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാൻ സാധ്യമല്ല. ഹിന്ദുവായി ജനിച്ചുപോയെങ്കിൽ പ്രത്യേകിച്ചും. 2016 മുതൽ ഈ വർഷം മെയ് വരെയുള്ള കണക്കുകൾ പ്രകാരം 31364 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽത്തന്നെ  9604 എണ്ണം ലൈംഗികാതിക്രമങ്ങളാണ്. 

214 കുരുന്നുകളാണ് ഈ കാലയളവിൽ നമ്മുടെ കേരളത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. കണക്കിൽപ്പടാത്തവ ഇതിലുമെത്രയോ, എത്രയോ ഏറെയായിരിക്കും? വോട്ടുബാങ്കിൽ മാത്രം കണ്ണുവെച്ച്, ഇവിടെ വന്നടിയുന്ന സകല അന്യസംസഥാന തൊഴിലാളികളെയും അതിഥി, അഭിമാനമെന്നൊക്കെ പേരിട്ടുവിളിച്ച് ആദരിക്കുന്ന സർക്കാരും, ശിങ്കിടികളായ സഖാക്കളും ഒന്നോർത്താൽ നന്ന്. ജനം ഇതുമുഴുവൻ കാണുന്നുണ്ട്. കണക്കുപറയാൻ അവർക്കു കൈതരിക്കുന്നുമുണ്ട്. 

കൂടുതലൊന്നും എഴുതാൻ വയ്യ. പുഴുക്കുത്തുവീണുപോയ ഒരു സമൂഹത്തിലെ, പരാജയപ്പെട്ടുനിൽക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അംഗമെന്നും പ്രതീകമെന്നുമുള്ള നിലയിൽ  ഇത്ര മാത്രം പറയുന്നു ; മാപ്പു തരിക മകളേ. വരും കാലങ്ങളെങ്കിലും നിന്റെ സഹോദരിമാർക്ക് ജീവഭയമില്ലാതെ പുറത്തിറങ്ങാനും പറന്നുയരാനുമുള്ള അവസരം ഇന്നാട്ടിലുണ്ടാകും. അതിലേക്കായി മാത്രമായിരിക്കും എന്റെ എല്ലാ പരിശ്രമങ്ങളും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com