പരമ കള്ളനായി സത്യന്‍, ഒറ്റക്കയറില്‍ തൂങ്ങിയ കമിതാക്കളായി നസീറും ഷീലയും; വൈറലായ ചിത്രത്തിന് പിന്നിലെ കഥ

പിജെ ആന്റണി എഴുതിയ നാടകത്തിൽ, പ്രേം നസീർ, സത്യൻ, മധു, ഷീല, തിക്കുറിശ്ശി തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്
1960ലെ താരങ്ങൾ ഒന്നിച്ച ചിത്രം/ ഫെയ്സ്ബുക്ക്
1960ലെ താരങ്ങൾ ഒന്നിച്ച ചിത്രം/ ഫെയ്സ്ബുക്ക്

1960കളിലെ മലയാള സിനിമയിലെ മിന്നും താരങ്ങളെല്ലാം ഒന്നിച്ച ഒരു ചിത്രം അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അക്കാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന അഭിനേതാക്കളും ​ഗായകരുമെല്ലാം ചിത്രത്തിലുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിനു പിന്നിലെ കഥ പങ്കുവച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ ബൈജു ചന്ദ്രൻ. 1966ൽ കേരളത്തിലെ പ്രധാന ന​ഗരങ്ങളിൽ അവതരിപ്പിച്ച കുറ്റവും ശിക്ഷയും എന്ന നാടകത്തിൽ പ്രവർത്തിച്ച താരങ്ങളായിരുന്നു ഇവർ. യുദ്ധഫണ്ടിലേക്കുളള പണസമാഹരണത്തിന്റെ ഭാ​ഗമായാണ് നാടകം അവതരിപ്പിക്കപ്പെട്ടത്. പിജെ ആന്റണി എഴുതിയ നാടകത്തിൽ, പ്രേം നസീർ, സത്യൻ, മധു, ഷീല, തിക്കുറിശ്ശി തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. 

ബൈജു ചന്ദ്രന്റെ കുറിപ്പ് വായിക്കാം

1960 കളിൽ മലയാളസിനിമയിൽ മിന്നി ത്തിളങ്ങി നിന്ന നക്ഷത്രങ്ങളെല്ലാവരും കൂടി ഒരുമിച്ച് അണിനിരക്കുന്ന ഒരു ചിത്രം കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. ആ ചിത്രത്തിൽ കാണുന്ന താരങ്ങളെ കുറിച്ചും അതെടുക്കാൻ ഇടയായ സന്ദർഭത്തെ കുറിച്ചുമൊക്കെയുള്ള പല കുറിപ്പുകളും കണ്ടു. ഇതു സംബന്ധിച്ച എനിക്കറിയാവുന്ന ഒരു സംഗതി പങ്കുവെച്ചോട്ടെ.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം നടന്ന 1965.യുദ്ധഫണ്ടിലേക്ക് പണം സമാഹരിക്കുന്നതിന് വേണ്ടി ഹിന്ദിയിലും തമിഴി ലുമൊക്കെയുള്ള താരങ്ങളെപ്പോലെ  വിവിധ കലാപരിപാടികളുമായി മലയാളസിനിമാലോകത്തെ അതിപ്രശസ്ത നടീനടന്മാരുംഗായകരും ഇതാദ്യമായി അരങ്ങത്തെത്തി.1966 ന്റെ ആദ്യനാളുകളിൽ കേരളത്തിലെ പ്രധാന നഗരങ്ങളിൽ അവതരിപ്പിച്ച പരിപാടിയിലെ പ്രധാന ഇനങ്ങൾ ഹാസ്യരസപ്രധാനമായ ഒരു നാടകവും ഗാനമേളയുമായിരുന്നു.
1960 കളിലെ മലയാളസിനിമയിൽ തിരക്കേറിയ നടനാ യിരുന്നെങ്കിലും നാടകത്തോട് ആത്മ ബന്ധം സൂക്ഷിച്ചിരുന്ന പി ജെ ആന്റണിയാണ് ഇതിനുവേണ്ടി നാടകമെഴുതിയത്.1964 ൽ മലയാളസിനിമയുടെ രജതജൂബിലി കൊച്ചിയിലാഘോഷിച്ചപ്പോൾ പ്രേം നസീർ ഉൾപ്പെടെയുള്ള പ്രശസ്ത താരങ്ങൾ അഭിനയിച്ച ആന്റണിയുടെ 'കല്യാണച്ചിട്ടി' എന്ന ഹാസ്യനാടകം ആസ്വാദകർ സഹർഷം സ്വീകരിച്ചതുകൊണ്ടാകണം ഇത്തവണയും ആന്റണിയെ തന്നെ ആ ചുമതലയേൽപ്പിച്ചത്.
     ആക്ഷേപ ഹാസ്യത്തിന്റെ നിറക്കൂട്ടിൽ ചാലിച്ച് ആന്റണിയെഴുതിയ 'കുറ്റവും ശിക്ഷയും'എന്ന നാടകമാണ് ഇത്തവണ താരങ്ങൾ അവതരിപ്പിച്ചത്.അരങ്ങൊ രുക്കങ്ങളുടെ ചുക്കാൻ പിടിച്ചത് സംവിധായകനും ഗാനരചയിതാവുമായ പി ഭാസ്‌ക്കരനായിരുന്നു.
കഥ നടക്കുന്നത് യമധർമ്മന്റെ കോടതിയിലാണ്. മരിച്ച ശേഷം നരകത്തിലെ ത്തിച്ചേരുന്ന കുറേപ്പേരെ  യമധർമ്മനും കൂട്ടരും ചേർന്ന് വിചാരണ  ചെയ്യുന്നതും കുറ്റം കണ്ടെത്തി അതി ക്രൂരമായ ശിക്ഷകൾ വിധിക്കുന്നതുമൊക്കെ യായി വളരെ രസകരമായി നാടകം മുന്നോട്ടുപോകുന്നു. ഓരോ കുറ്റവാളികളുടെയും സ്വഭാവ സവിശേഷതകളും സംഭാഷണങ്ങളുമൊക്കെയായിരുന്നു നാടകത്തിന്റെ ഹൈ ലൈറ്റ്. അവരെ അവതരിപ്പിച്ച പ്രഗത്ഭ നടീ നടന്മാരുടെ ഗംഭീരൻ പെർഫോമൻസും!
യമധർമ്മന്റെ വേഷത്തിൽ നാടകത്തിൽ ആദ്യന്തം പ്രത്യക്ഷപ്പെടുന്നത് കൊട്ടാരക്കര ശ്രീധരൻ നായരാണ്.യമന്റെ കണക്കപ്പിള്ളയായ ചിത്രഗുപ്തനും (മുതുകുളം രാഘവൻ പിള്ള) ഗുമസ്തനായ ചണ്ഡികേശ്വരനും (ബഹദൂർ) നാടകത്തിലുട നീളമുണ്ട്.നരകത്തിലേക്ക് വന്നെത്തുന്നവരെ ഓരോരുത്തരെയായി സഭയി ലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് യമ ദൂതന്മാരായ ഘണ്ഡാകർണ്ണനും (എസ് പി പിള്ള )മരണകണ്ഠനും ( ജോസ് പ്രകാശ് ) ചേർന്നാണ്.
കള്ളക്കടത്തും കള്ളനോട്ടടിയും നടത്തുന്ന ബിസിനസ് കാരനായ മത്തായി(മുത്തയ്യ) യാണ് ആദ്യം വരുന്നത്. തിക്കുറിശ്ശി വേഷമിടുന്ന അഴിമതിക്കാരനായ എം എൽ എ, പാലിൽ വെള്ളം ചേർക്കാൻ വേണ്ടി  ഒരു കുളം മുഴുവനും വറ്റിച്ചുകളഞ്ഞ ഭഗവതിയമ്മ എന്ന പാൽ ക്കച്ചവടക്കാരി (അടൂർ പങ്കജം ), കള്ളച്ചാരായം വാറ്റുന്ന രാം കുമാർ (കോട്ടയം ചെല്ലപ്പൻ ), കൈക്കൂലിക്കാരിയും അത്യാഗ്രഹിയുമായ ലേഡി ഡോക്ടർ (അംബിക), ചാൻസ് കൊടുക്കാമെന്നു പറഞ്ഞ് പെൺകുട്ടികളെ പീഡിപ്പിക്കുന്ന സിനിമാ പ്രൊഡ്യൂസർ (കെ പി ഉമ്മർ ) എന്നിവരാണ് തുടർന്ന് വിചാരണ ചെയ്യപ്പെടുന്നവർ.
സാമൂഹ്യ പ്രവർത്തനത്തിന്റെ പേരിൽ ആളുകളെ പറ്റിക്കുന്ന ലക്ഷ്മിക്കുട്ടിയായി സുകുമാരിയും ആട്ടിറച്ചിയ്ക്ക് പകരം പട്ടിയിറച്ചി വിൽക്കുന്ന ഹോട്ടൽനടത്തിപ്പുകാരനായി പി എ തോമസുമാണ് അഭിനയിച്ചത്.അന്നത്തെ ഏറ്റവും വലിയ നായകനടനായിരുന്ന സത്യൻ അഭിനയിച്ച റോളിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. യമധർമ്മന്റെ സാന്നിധ്യത്തിൽ പോലും താനറിയാതെ പോക്കറ്റടിച്ചു പോകുന്ന  ഒരു പരമ കള്ളൻ! അന്നാളുകളിലെ  സ്ഥിരം പ്രണയ ജോഡിയായ പ്രേം നസീറിനും ഷീല യ്ക്കും വേണ്ടി ആന്റണിയൊരുക്കിയത് ഏറ്റവും അനുയോജ്യമായ വേഷങ്ങളാണ്. പ്രേമനൈരാശ്യം മൂലം ഒറ്റക്കയറിൽ തൂങ്ങി മരിച്ച കാമുകി കാമുകന്മാരായ സുശീലയും ഹരീന്ദ്രനും.കഥാപ്രസംഗം നടത്തി ആളുകളെ ദ്രോഹിക്കുന്ന പപ്പു എന്ന പെരുവഴിയുടെ റോളിൽ പാട്ടും കഥാപ്രസംഗവുമൊക്കെയായി സിനിമയിലെപ്പോലെ നാടകത്തിലും അടൂർ ഭാസി അരങ്ങു തകർത്തു .
 ഇവർക്കെല്ലാം പിന്നാലെ സഭ യിലേക്ക് പിടിച്ചു കൊണ്ടുവരുന്ന ചൈനീസ് പട്ടാള ഉദ്യോഗസ്ഥനെ (ജി കെ പിള്ള )വിചാരണയൊന്നും കൂടാതെ നാലായി മുറിച്ച് നരകത്തിന്റെ നാലുഭാഗങ്ങളിലും കെട്ടിത്തൂക്കാനായിരുന്നു യമധർമ്മന്റെ കല്പന. ഏറ്റവും ഒടുവിൽ യമസന്നിധി യിലെത്തുന്നത് യുദ്ധത്തിൽ കൊല്ലപ്പെട്ട അബ്ദു റഹ്‌മാൻ എന്ന ഇന്ത്യൻ പട്ടാളക്കാരനാണ്.  ആ വേഷത്തിലഭിനയിച്ചത് അന്നത്തെ യുവ നായകനായ മധുവാണ്.അബദ്ധവശാൽ എങ്ങനെയോ നരകത്തിൽ എത്തിപ്പെട്ടുപോയ ആ വീര ജവാനെ, യമധർമ്മൻ സർവ ബഹുമതികളോടും ആഡംബരത്തോടും കൂടി പുഷ്പക വിമാനത്തിൽ കയറ്റി സ്വർഗത്തിലേക്ക് അയക്കാൻ കല്പന നൽകുന്നിടത്താണ് 'കുറ്റവും ശിക്ഷയും' അവസാനിക്കുന്നത്.
ഇന്നത്തെ പോലെ ടിവി ചാനലുകളും സിനിമാ താരങ്ങളുടെ സംഘടനകളും സ്റ്റേജ് ഷോ കളുമൊന്നുമില്ലാത്ത കാലമായിരുന്നല്ലോ അത്.സിനിമാതാരങ്ങൾ അഭിനയിക്കുന്ന നാടകമെ ന്നൊക്കെ പറയുന്നതാകട്ടെ  അപൂർവങ്ങളിൽ വെച്ച് അപൂർവമായ സംഭവവും.അക്കാരണം കൊണ്ടുതന്നെ നാടകം കാണാനുള്ള പാസ്സിന് വേണ്ടി ഉന്നത തലങ്ങളിൽ നിന്നു വരെ ഭയങ്കര ഡിമാൻഡായിരുന്നുവത്രെ.
1966 ജനുവരി യിൽ കൊല്ലത്ത് നാടകം നടന്നപ്പോൾ,അച്ഛനോടൊപ്പം നാടകം കാണാൻ പോകാനുള്ള നറുക്ക് വീണത് എന്റെ എട്ടു വയസ്സുകാരിയായ ചേച്ചി ബീനയ്ക്കും  അമ്മയുടെ അനുജത്തിയും അന്നത്തെ പ്രീഡിഗ്രി ക്കാരിയുമായ രാജേശ്വരി( രാജി ശ്രീകുമാരൻ തമ്പി)യ്ക്കുമാണ്. ചെറിയ കുട്ടികളായ എന്നെയും അനിയനെയും കൊണ്ട് അമ്മ വീട്ടിലിരുന്നു.നാടകത്തിലെ രസകരമായ ഓരോ കഥാപാത്രത്തെയും സന്ദർഭങ്ങളെയും കുറിച്ച്,സത്യനെയും നസീറിനെയും ഷീലയെയുമൊക്കെ 'ജീവനോടെ' കണ്ടതിനെ കുറിച്ച്.... 'ബി' എന്നു ഞാൻ വിളിക്കുന്ന എന്റെ ചേച്ചി എത്രയെത്ര തവണയാണ് ഈ കഥകളൊക്കെ വിസ്തരിച്ചു പറഞ്ഞ് എന്നെ അസൂയപ്പെടുത്തിയിരിക്കുന്നത്!
ഫേസ് ബുക്കിൽ ഈ ചിത്രം കണ്ടയുടൻ തന്നെ എന്നെ വിളിച്ച രാജിച്ചേച്ചി ആ ദിവസത്തിന്റെ വിശേഷങ്ങളൊക്കെ ഒന്നുകൂടി ഓർമ്മിച്ചെടുത്തു.
'കുറ്റവും ശിക്ഷയും'  നാടകം കണ്ട ഓർമ്മകളുമായി, എന്റെ അറിവിൽ മറ്റൊരാൾ കൂടി  ജീവിച്ചിരിപ്പുണ്ട്.അന്ന് ഒരു കോളേജ് വിദ്യാർത്ഥിയായിരുന്ന സി ആർ ഓമനക്കുട്ടൻ.അടുത്ത ബന്ധുവായ നടൻ കോട്ടയം ചെല്ലപ്പൻ കൊടുത്ത പാസുമായി നാടകം കാണാൻ പോയതും അതിനുശേഷം  കോട്ടയം ടി ബിയിൽ വെച്ച് കൊട്ടാരക്കരയെയും അടൂർ ഭാസിയെയും മറ്റും കണ്ടതുമൊക്കെ ഓമനക്കുട്ടൻചേട്ടൻ തന്റെ അനുഭവസ്മരണകളിൽ രസകരമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
ഈ അപൂർവ ചിത്രം വലിയൊരു ചർച്ചാവിശേഷമായപ്പോൾ, ഇതെടുത്ത ചരിത്രസന്ദർഭത്തെക്കുറിച്ചുള്ള എന്റെ ഈ അനുമാനം ആരുടെയോ 'വാളി'ൽ ഞാൻ കുറിച്ചിട്ടിരുന്നു.
ഇനി ഒരു പ്രാവശ്യം കൂടി ചിത്രമൊന്നു സൂക്ഷിച്ചു നോക്കിയിട്ട് പറയൂ,മുകളിൽ പറഞ്ഞ നാടകത്തിലെ പല കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ട ആ മഹാ പ്രതിഭകൾ തന്നെയല്ലേ,അന്നു ഗാനമേള നടത്താനെത്തിയ യേശുദാസിനും എസ് ജാനകിയ്ക്കും പിന്നെ ഭാസ്‌ക്കരൻ മാഷിനുമൊപ്പം ചിത്രത്തിൽ,( അങ്ങനെ ചരിത്രത്തിലും) നിരന്നു നിൽക്കുന്നത്?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com