'തെരഞ്ഞെടുപ്പില്‍ സിനിമാക്കാര്‍ മത്സരിക്കാത്തതാണ് നല്ലത്, ഞാനൊരു കരുണാകര ഭക്തന്‍'; സലിംകുമാര്‍

താന്‍ ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സലിംകുമാര്‍ വ്യക്തമാക്കി
സലിംകുമാര്‍/ ചിത്രം; ടിപി സൂരജ്
സലിംകുമാര്‍/ ചിത്രം; ടിപി സൂരജ്

തെരഞ്ഞെടുപ്പില്‍ സിനിമാക്കാര്‍ മത്സരിക്കാത്തതാണ് നല്ലതെന്ന് നടന്‍ സലിംകുമാര്‍. അമിതാഭ് ബച്ചന്‍ പോലും പരാജയമായിരുന്നെന്നും താരം പറഞ്ഞു. താന്‍ ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സലിംകുമാര്‍ വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു താരം. 

ഞാന്‍ ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഞാന്‍ അതിന് ചേര്‍ന്ന ആളല്ല. തെരഞ്ഞെടുപ്പില്‍ സിനിമാക്കാര്‍ നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. അമിതാഭ് ബച്ചന്‍ പോലും പരാജയമായിരുന്നു. എംജിആര്‍ ഒന്നും ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തില്‍ വന്നവരല്ല. അവരുടെ സിനിമയില്‍ തന്നെ രാഷ്ട്രീയമുണ്ടായിരുന്നു. എല്ലാത്തവണയും താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വരും. പക്ഷേ എനിക്കത് പറ്റാത്ത കാര്യമാണ്. രാവന്തിയോളം ആ മണ്ഡലത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. എന്താനാണ് വെറുതെ നാട്ടുകാരുടെ ശാപം വാങ്ങുന്നത്.- സലിംകുമാര്‍ പറഞ്ഞു.

എന്റെ അച്ഛന്‍ കോണ്‍ഗ്രസ്സുകാരനായതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസ്സുകാരനായത്. അച്ഛനൊപ്പം പാര്‍ട്ടി സമ്മേളനത്തിനൊക്കെ പോകുമായിരുന്നു. എനിക്ക് കരുണാകരനോട് വലിയ ആരാധനയുണ്ട്. രാജന്‍ കേസിന്റെ വിസ്താരം നടക്കുന്ന സമയത്ത് എന്റെ നാട്ടില്‍ കരുണാകരന്‍ എത്തി. കേസിന്റെ ഭാഗമായുള്ള ധനസമാഹരണത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.  അന്ന് ഞാന്‍ അദ്ദേഹത്തിന് നോട്ടുമാല ഇട്ടു. അന്നെന്റെ കവിളില്‍ അദ്ദേഹം പിടിച്ചു. അന്ന് മുതല്‍ ഞാന്‍ കരുണാകര ഭക്തനായി മാറി.- താരം വ്യക്തമാക്കി. 

രമേശ് ചെന്നിത്തല ഇഷ്ട നേതാക്കളില്‍ ഒരാളാണെന്ന് സലിം കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസുകാരനാണെന്നും ഐ ഗ്രൂപ്പുകാരനാണെന്നും എവിടെയും പറയുന്ന ആളാണ് ഞാന്‍. അതിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. സിനിമയിലെ അവസരങ്ങളില്‍ മാത്രമല്ല ഒരുപാട് കാര്യങ്ങളില്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് വന്ന് ചേരാത്തതൊന്നും നഷ്ടമായി കണക്കാക്കിയിട്ടില്ലെന്നും താരം പറഞ്ഞു.

പിണറായി വിജയനോട് ആരാധന തോന്നിയിട്ടുണ്ടെന്നും സലിം കുമാര്‍ പറഞ്ഞു. തനിക്ക് ഇല്ലാത്ത കഴിവുകള്‍ ഒരുപാടുള്ള വ്യക്തിയാണ് അദ്ദേഹം. ദൃഢനിശ്ചയവും നയിക്കാനുള്ള കഴിവും ആകര്‍ഷിച്ചിട്ടുണ്ട്. തീരുമാനങ്ങളെടുക്കാനുള്ള പ്രാതിയുണ്ട്, അത് നടപ്പാക്കുകയും ചെയ്യും. തെറ്റുചൂണ്ടിക്കാട്ടാനാണെങ്കില്‍ അതില്ലാത്തവര്‍ ആരാണെന്നും സലിം കുമാര്‍ ചോദിച്ചു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com