'മഴവില്‍ക്കാവടിയില്‍ നിങ്ങളെന്നെ ചിരിപ്പിച്ചില്ല;  ഒടുക്കത്തെ കലിപ്പ് തോന്നി'

തികഞ്ഞ മമ്മൂട്ടി ഫാനായിരുന്ന ഞാന്‍ മിഥുനം കണ്ടത് നിങ്ങള്‍ക്കുവേണ്ടിയും കൂടിയായിരുന്നു
ഇന്നസെന്റ്/ഫയല്‍, ബിപിന്‍ ചന്ദ്രന്‍/ഫെയ്‌സ്ബുക്ക്‌
ഇന്നസെന്റ്/ഫയല്‍, ബിപിന്‍ ചന്ദ്രന്‍/ഫെയ്‌സ്ബുക്ക്‌

ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യരെ ചിരിപ്പിച്ചതിന്റെയും മരിക്കുമ്പോള്‍ മനുഷ്യരെ വിഷമിപ്പിക്കുന്നതിന്റെയും അളവ് ഒരു മനുഷ്യന്റെ മൂല്യത്തെ മനസ്സിലാക്കിത്തരുന്ന കാര്യങ്ങളാണെന്ന്, ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എഴുത്തുകാരന്‍ ബിപിന്‍ ചന്ദ്രന്‍. നിങ്ങള്‍ മരിക്കുമ്പോള്‍ ആരാണ് കരയുകയെന്ന, മില്യന്‍ ഡോളര്‍ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നസെന്റിന്റെ ജീവിതത്തിന്റെ വിലയെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബിപിന്‍ ചന്ദ്രന്‍.

കുറിപ്പു വായിക്കാം: 

ചിരികളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കിടയില്‍ നിങ്ങളുടെ വരികളെക്കുറിച്ചുള്ള ഓര്‍മ്മകളുമുണ്ട്.
മുണ്ട്.
മത്തായിച്ചേട്ടാ മുണ്ട്... മുണ്ട്..
ഗോപാലകൃഷ്ണന്റെയും ബാലകൃഷ്ണന്റെയും നടുവില്‍ അന്നേരം നിങ്ങളുടെ ഒരു നില്‍പ്പുണ്ട്.
കോട്ടയത്തെ ഒരു നാട്ടിന്‍പുറത്തു നിന്ന്, തേവര കോളേജില്‍ പഠിക്കുന്ന ചേട്ടന്റെ കൂടെ എറണാകുളത്തുവന്ന് റാംജിറാവു കണ്ടയന്ന് കരളില്‍ കയറിയിരുന്നതാണ് നിങ്ങള്.
മഴവില്‍ക്കാവടിയില്‍ നിങ്ങളെന്നെ ചിരിപ്പിച്ചില്ല.
ഒടുക്കത്തെ കലിപ്പ് തോന്നി.
തൂവല്‍സ്പര്‍ശം കാണുമ്പോള്‍ ശിശുപാലന്റെ വിക്രിയകള്‍ കണ്ട് അന്നത്തെ എട്ടാം ക്ലാസുകാരന്‍ തലകുത്തിനിന്നുചിരിച്ചു.
കിലുക്കത്തിലെ കിട്ടുണ്ണിയുടെ പൂന്തുവിളയാടല്‍ നടക്കുന്നതും ആ കാലത്താണ്. 
ഗോഡ്ഫാദറിലെ സാമിയേട്ടന്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍.
വിയറ്റ്‌നാം കോളനിയിലെ കെ കെ ജോസഫ് പത്തില്‍ പഠിക്കുമ്പോള്‍.
ജീവിതത്തില്‍ വീണപ്പോഴെല്ലാം ഞാന്‍ കെ കെ ജോസഫിന്റെ ഡയലോഗ് സ്വയം പറഞ്ഞ് എഴുന്നേറ്റുനിന്നു.
എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞയന്ന് വീട്ടില്‍പറയാതെ മുണ്ടക്കയം ഗ്യാലക്‌സിയില്‍ പോയി ഇഞ്ചക്കാടന്‍ മത്തായി & സണ്‍സ് കനത്ത റിസ്‌കെടുത്തുകണ്ടത് നിങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു.
അതിന്റെ പിറ്റേന്ന് വീട്ടുകാരൊന്നുമില്ലാതെ കൂട്ടുകാരുടെ കൂടെ പാലായില്‍ പോയി യൂണിവേഴ്‌സലില്‍ നിന്ന് തികഞ്ഞ മമ്മൂട്ടി ഫാനായിരുന്ന ഞാന്‍ മിഥുനം കണ്ടത് നിങ്ങള്‍ക്കുവേണ്ടിയും കൂടിയായിരുന്നു.
മോന്തയ്‌ക്കൊരെണ്ണം കൊടുത്തിട്ടു കണ്ണാടിയെടുത്ത് കാണിച്ച് കൊടുക്കെടാ, അപ്പോ കാണും മാര്‍ക്ക്. 
കാഞ്ഞിരമരച്ചു കലക്കിയ പുച്ഛത്തോടെ, അരകല്ലിന് കാറ്റുപിടിച്ചപോലെ കുലുക്കമില്ലാമട്ടില്‍ മേലാപ്പീസറോട് ലൈന്‍മാന്‍ കുറുപ്പ് പറയുന്ന ഡയലോഗ് യൂട്യൂബില്‍ കാക്കത്തൊള്ളായിരം തവണ കണ്ടിട്ടുണ്ടാവും.
മിഥുനം പരാജയപ്പെട്ടതും ഹേരാ ഫേരി വിജയിച്ചതും മനസ്സിതുവരെ അംഗീകരിച്ചിട്ടില്ല.
ആകപ്പാടെ ആ ഹിന്ദിപ്പടത്തില്‍ ഇഷ്ടപ്പെട്ടത് പരേഷ് റാവലിനെയാണ്.
ആ മഹാനടന്‍ പോലും നിങ്ങള്‍ ചെയ്ത റോളിനു മുന്നില്‍ മുക്കിത്തൂറി മുക്രകുത്തി പ്പോയി.
തമ്പിയളിയോ എന്ന വിളിയുമായി മണിച്ചിത്രത്താഴിലെ ഭാസുരയുടെ ഭര്‍ത്താവ് ഉണ്ണിത്താന്‍ പ്രീഡിഗ്രി കാലത്ത്.
അഴകിയ രാവണനിലെ അരി പെറുക്കിയ പഞ്ചായത്ത് പ്രസിഡന്റ് ഒന്നാം വര്‍ഷ ഡിഗ്രിക്കാലത്ത്.
വരവേല്‍പ്പിലെ െ്രെഡവര്‍, കാതോട് കാതോരത്തിലെ വില്ലന്‍ കപ്യാര്‍, ദേവാസുരത്തിലെ വാര്യര്‍........ അങ്ങനെ ഓര്‍ത്തിരിക്കാനെത്രയെത്ര കഥാപാത്രങ്ങള്‍.
ഒരു പേഴ്‌സണല്‍ കുളിര് പറയാം.
ഒരു സീനിലല്ലെങ്കിലും ഒരു സിനിമയില്‍ ഒരുമിച്ചഭിനയിക്കാന്‍ കഴിഞ്ഞെന്നൊരു സന്തോഷമുണ്ട്.
സുനാമി സിനിമയിലെ പാട്ടിനിടയില്‍  ചൊറിയന്‍ ചോദ്യം ചോദിച്ചതിന് നിങ്ങള്‍ ബസ്സില്‍നിന്ന് ഇറക്കിവിടുന്നൊരു കഥാപാത്രമില്ലേ.
ആ ചൊറിയന്‍ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് ഈയുള്ളവനാണ്.
ഫേസ്ബുക്കിലും മറ്റും വളരെ പേഴ്‌സണലായി സംസാരിക്കുന്നതിനടിയില്‍വന്നു മിടുക്കനാകാന്‍ ചൊറിയന്‍ കമന്റിടുന്നവരെ എങ്ങനെ ഡീലുചെയ്യണമെന്ന് ഇപ്പോഴെനിക്ക് നന്നായറിയാം.
ഒരു ബസ്സില്‍ വച്ചാണ് അവസാനം നിങ്ങളെ കാണുന്നതും.
ഷൂട്ടിംഗ്‌സെറ്റിലെ ക്യാരവനില്‍ വച്ച്.
അഭിനയംകഴിഞ്ഞ് വേഷം മാറി മിടുക്കനായപ്പോള്‍ ഒരു കോ ആര്‍ട്ടിസ്റ്റിനോടുള്ള പരിഗണനയോടെ ഒരു തിരക്കഥാകൃത്തിനോടുള്ള സ്‌നേഹത്തോടെ നിങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു.
അന്ന് യാത്ര പറയാതെയാണ് ഞാനിറങ്ങിയത്.
ഇന്ന് നിങ്ങള്‍ യാത്രയാകുമ്പോള്‍
എല്ലാ മലയാളികള്‍ക്കുമൊപ്പം സങ്കടത്തോടെ ഞാനും പറയുന്നു.
ഇന്നസെന്റേട്ടാ വിട.
ലൈന്‍മാന്‍ കുറുപ്പ് പറഞ്ഞതുപോലെ എല്ലാവരുടെയും അന്ത്യം മരണമായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം.
പക്ഷേ , ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യരെ ചിരിപ്പിച്ചതിന്റെയും മരിക്കുമ്പോള്‍ മനുഷ്യരെ വിഷമിപ്പിക്കുന്നതിന്റെയും അളവ് ഒരു മനുഷ്യന്റെ മൂല്യത്തെ മനസ്സിലാക്കിത്തരുന്ന കാര്യങ്ങളാണ്.
Who will cry when you die ? 
ആ മില്യണ്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് ഇന്നസെന്റേട്ടാ 
നിങ്ങളുടെ ജീവിതത്തിന്റെ വില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com