'മോഹൻജൊ ദാരോയിൽ പ്രവേശനം നിഷേധിക്കപ്പെട്ടു'; പാകിസ്ഥാൻ സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പറഞ്ഞ് രാജമൗലി

ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റിന് മറുപടി പറയവേയാണ് രാജമൗലി തന്റെ പാകിസ്താൻ യാത്രയേക്കുറിച്ച് പറഞ്ഞത്
രാജമൗലി/ചിത്രം; ഫേയ്സ്ബുക്ക്
രാജമൗലി/ചിത്രം; ഫേയ്സ്ബുക്ക്

പാകിസ്ഥാൻ സന്ദർശനത്തിനിടെ മോഹൻജൊ ദാരോ സന്ദർശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടുവെന്ന് സംവിധായകൻ എസ്എസ് രാജമൗലി. മ​ഗധീര സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റിന് മറുപടി പറയവേയാണ് രാജമൗലി തന്റെ പാകിസ്താൻ യാത്രയേക്കുറിച്ച് പറഞ്ഞത്.

ഹാരപ്പ, മോഹൻജോ​ ദാരോ, ലോത്തല്‍ മുതലായ സംസ്കാരങ്ങളേക്കുറിച്ച് ഒരു സിനിമ ചെയ്തുകൂടേ എന്നായിരുന്നു ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര ചോദിച്ചത്. ഇതിനു മറുപടിയാണ് പഴയ ഓർമ സംവിധായകൻ ഓർത്തെടുത്തത്. 

"ധോലാവിര എന്ന സ്ഥലത്ത് മ​ഗധീര ചിത്രീകരിക്കുമ്പോൾ പുരാതനമായ ഒരു വൃക്ഷം കണ്ടു. ഏതാണ്ട് ഫോസില്‍രൂപത്തിലേക്ക് മാറിയ ഒന്ന്. ആ വൃക്ഷം ആഖ്യാനം ചെയ്യുന്ന വിധത്തില്‍ സിന്ധുനദീതട സംസ്കാരത്തിന്റെ ഉയർച്ചയും പതനവും പറയുന്ന ഒരു ചിത്രത്തേക്കുറിച്ച് ആലോചിച്ചിരുന്നു. ഈ സംഭവത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം പാകിസ്താനിൽ പോയപ്പോൾ മോഹൻജോ ദാരോയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു"- രാജമൗലി പറഞ്ഞു. 

2009-ലാണ് രാജമൗലി സംവിധാനം ചെയ്ത മ​ഗധീര പുറത്തിറങ്ങിയത്. പുനർജന്മം പ്രമേയമായെത്തിയ ചിത്രത്തിൽ രാംചരൺ തേജ, കാജൽ അ​ഗർവാൾ, ദേവ് ​ഗിൽ, ശ്രീഹരി എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com