'നിലവാരമില്ലാത്ത സിനിമകൾ ഇനി തിയറ്റർ കാണില്ല, അനുമതി കിട്ടാത്തവ പ്രദർശിപ്പിക്കാൻ വാടക നൽകണം'; ഫിയോക്

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കേണ്ട എന്നാണ് ഫിയോക്കിന്റെ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി സിനിമകൾ തിയറ്ററിൽ എത്തുന്നുണ്ടെങ്കിലും അതിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് വിജയവഴിയിലേക്ക് എത്തുന്നത്. ഇത് നിർമാതാക്കളേയും നിർമാതാക്കളേയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇപ്പോൾ കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കേണ്ട എന്നാണ് ഫിയോക്കിന്റെ തീരുമാനം.  

തിയറ്ററുകൾ വലിയ നഷ്ടത്തിലാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു. ഇത്തരത്തിൽ അനുമതി ലഭിക്കാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ വാടക നൽകേണ്ടിവരും. 'ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്ക് ബോധ്യമുണ്ട്. ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചിക്കുന്നത്.'- വിജയകുമാർ പറഞ്ഞു. 

ഇന്നുവരെ സിനിമാലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് സിനിമാ തിയറ്ററുകൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. തിയറ്ററുകളുടെയും ഉടമകളുടെയും അവസ്ഥ വളരെ ദയനീയമാണ്. 90 ശതമാനം തിയറ്ററുകളും കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാർക്ക് കൊടുത്തിട്ടില്ല, വൈദ്യുതി ബില്ല് കൊടുത്തിട്ടില്ല, എന്നിട്ടും കിട്ടുന്ന റെവന്യൂവിൽനിന്നു 30 ശതമാനം സർക്കാർ പിടിച്ചു പറിക്കുന്നുണ്ട്. ഈ അവസ്ഥ മുൻപോട്ട് പോയാൽ ഇപ്പോൾ കേരളത്തിലുള്ളതിൽ അമ്പതു ശതമാനം സ്‌ക്രീനുകളെങ്കിലും അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും വിജയകുമാർ വ്യക്തമാക്കി. 

കേരളത്തിലെ ഏകദേശം അഞ്ചു ശതമാനം തിയറ്ററുകൾ ജപ്തി ഭീഷണി നേരിടുകയാണ്. ഏകദേശം 20 ശതമാനം തിയറ്ററുകൾ അടുത്ത മൂന്നുമാസത്തിനകം ജപ്തി ചെയ്യപ്പെടും എന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ ഓൺലൈൻ റിലീസ് നീട്ടുക എന്ന നിർദേശം ഫിയോക്ക് മുന്നോട്ട് വച്ചിട്ടുണ്ടെന്നും അതിൽ തീരുമാനം എടുത്തില്ലെങ്കിൽ ജൂൺ ആദ്യവാരത്തോടെ കേരളത്തിലെ തിയറ്ററുകളെല്ലാം അടച്ചിട്ട് സമരം ചെയ്യുമെന്നും വിജയകുമാർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com