'നിങ്ങൾ കണ്ട ​'ഗോൾഡ്' എന്റെ ​ഗോൾഡ് അല്ല, ഇനി അത് ചോദിക്കരുത്'; അൽഫോൺസ് പുത്രൻ 

പാട്ടിന്റെ ചിത്രീകരണത്തിനായി സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടിട്ട് നടന്നില്ലെന്നും അൽഫോൺസ് കുറിച്ചു
അൽഫോൻസ് പുത്രൻ
അൽഫോൻസ് പുത്രൻ


പ്രേക്ഷകർ കണ്ട ​'ഗോൾഡ്' തന്റെ ​ഗോൾഡ് അല്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരംഭ
ത്തിലേക്ക് തന്റെ ലോ​ഗോ ചേർത്തതാണ് ആ സിനിമ. ചിത്രത്തിന് വേണ്ടി കൈതപ്രം എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് തനിക്ക് ചിത്രീകരിക്കാനായില്ലെന്നും ​ഗോൾഡ് ചെയ്യുന്ന സമയത്ത് തനിക്ക് ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചിരുന്നുവെന്നും അൽഫോൺസ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ 'പ്രേമ'ത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിടാമോയെന്ന ആരാധകന്റെ കമെന്റിന് മറുപടിയായാണ് അൽഫോൺസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഞാൻ എഴുതിയ ജോർജ്ജ് എന്ന കഥാപാത്രവുമായി ആ രം​ഗങ്ങൾ യോജിക്കാത്തതിനാൽ ഞാനത് ഡിലീറ്റ് ചെയ്തു. തിരക്കഥയുമായി ജോർജ്ജ് യോജിച്ചില്ലെങ്കിൽ മലരും യോജിക്കില്ല. ഇക്കാര്യം ഇനിയെന്നോട് ചോ​ദിക്കരുത്, കാരണം ഞാൻ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡ് അല്ല. കോവിഡ് സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരംഭത്തിലേക്ക് എന്റെ ലോഗോ ഞാൻ ചേർത്തതാണ്. കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ചിത്രീകരണത്തിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നടന്നില്ല. അതുപോലെതന്നെ പല ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതൽ ഞാൻ മെഡിറ്റേഷനിലായിരുന്നു. തിരക്കഥ എഴുതാനും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും ചെയ്യാനും മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അതുകൊണ്ട് ഇപ്പോൾ 'ഗോൾഡ്' മറന്നേക്കൂ'- അൽഫോൺസ് കുറിച്ചു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ​ഗോൾഡ് നിർമിച്ചത്. ബാബുരാജ്, ലാലു അലക്സ്, ചെമ്പൻ വിനോദ്, അജ്മൽ അമീർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. ഈ അടുത്താണ് തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയതായി അൽഫോൺസ് പുത്രൻ അറിയിച്ചത്. അതുകൊണ്ട് തന്റെ സിനിമ കരിയർ അവസാനിപ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആർക്കും ഒരു ഭാരമാകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൺസ് പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com