'വിവാഹ മോചനം കുറ്റമല്ല, അവരെ ജീവിക്കാന്‍ വിടൂ: നിഷ രത്‌നമ്മയുടെ 'ഹാപ്പിലി ഡിവോഴ്‌സ്ഡ്'

വിവാഹമോചനത്തിലൂടെ സന്തോഷകരമായ ജീവിതം തിരിച്ചുപിടിച്ച സ്ത്രീകളെക്കുറിച്ചാണ് ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന ഡോക്യുമെന്ററിയില്‍ പറയുന്നത്
നിഷ രത്നമ്മ, ഹാപ്പിലി ഡിവോഴ്സ് പോസ്റ്റർ/ ഫെയ്സ്ബുക്ക്
നിഷ രത്നമ്മ, ഹാപ്പിലി ഡിവോഴ്സ് പോസ്റ്റർ/ ഫെയ്സ്ബുക്ക്

മൂന്ന് സ്ത്രീകള്‍, വിവാഹമോചനത്തിനു ശേഷമുള്ള അവരുടെ മനോഹരമായ ജീവിതം. ഹാപ്പിലി മാരീഡ് എന്ന് മാത്രം കേട്ടിട്ടുള്ള നമ്മുടെ മുന്നിലേക്ക് ഹാപ്പിലി ഡിവോഴ്‌സ്ഡുമായി എത്തുകയാണ് നിഷ രത്‌നമ്മ. വിവാഹമോചനത്തിലൂടെ സന്തോഷകരമായ ജീവിതം തിരിച്ചുപിടിച്ച സ്ത്രീകളെക്കുറിച്ചാണ് ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന ഡോക്യുമെന്ററിയില്‍ പറയുന്നത്. ഏഴ് മാസമെടുത്ത് മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിച്ച ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഹാപ്പിലി ഡിവോഴ്‌സ്ഡ് സംവിധായിക നിഷ രത്‌നമ്മ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.

ഹാപ്പിലി ഡിവോഴ്‌സ്ഡ്​

ഏഴ് മാസം മുന്‍പാണ് ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന ഡോക്യുമെന്ററിയേക്കുറിച്ച് ആലോചിക്കുന്നത്. എനിക്ക് വ്യക്തിപരമായി പരിചയമുള്ള മൂന്ന് മലയാളി സ്ത്രീകളാണ് ഈ ഡോക്യുമെന്ററിയില്‍ വരുന്നത്. ഷൂട്ടിങ്ങിന് ചെന്ന സമയത്ത് ഞാന്‍ അവരോട് പറഞ്ഞത്, 'നിങ്ങളുടെ കദനകഥയല്ല എനിക്ക് കേള്‍ക്കേണ്ടത്, നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് സന്തോഷം കൊണ്ടുവന്നു എന്നതാണ്'. യഥാര്‍ത്ഥത്തില്‍ അവരുടെ കഥ എന്റെയും കഥയായിരുന്നു. പേരും സ്ഥലങ്ങളും മാത്രമാണ് മാറ്റമുണ്ടായിരുന്നത്. കടന്നുപോയ ജീവിതം എല്ലാവരുടേയും ഒരുപോലെയാണ്. 

നിഷയുടെ ജീവിതം നിരവധി പേര്‍ക്ക് പ്രോത്സാഹനമാണെന്ന് പലരും എന്നോട് പറയാറുണ്ട്. എങ്ങനെ ഇത് സാധിച്ചു എന്ന് ചോദിക്കുന്നവരുണ്ട്. എന്റെ കഥ ഭയങ്കര സംഭവമായിട്ട് എനിക്ക് തോന്നിയിട്ടില്ല. എന്നേക്കാള്‍ മിടുക്കികളായ നിരവധി സ്ത്രീകള്‍ ഒരുപാടുണ്ട്. ഞാന്‍ തെരഞ്ഞെടുത്ത മൂന്ന് സ്ത്രീകള്‍ മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വന്നവരാണ്. സാമ്പത്തികമോ വിദ്യാഭ്യാസമോ ഇല്ലാതിരുന്നിട്ടും സമൂഹത്തോട് പടവെട്ടി ജീവിതം പിടിച്ചവരും രണ്ട് വിവാഹമോചനത്തിലൂടെ കടന്നുപോയവരുമെല്ലാം കൂട്ടത്തിലുണ്ട്. വ്യത്യസ്തമായ കഥകള്‍ പറയണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. വിവാഹമോചനം നേടിയ പുരുഷന്മാരെയും ഇതില്‍ ഉള്‍പ്പെടുത്തണം എന്ന് എനിക്കുണ്ടായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഫെമിനിസം കൊണ്ടുവരുകയോ തുല്യത ഉറപ്പാക്കുകയോ അല്ല എന്റെ ലക്ഷ്യം. വിവാഹമോചനത്തെ സാധാരണവല്‍ക്കരിക്കുക എന്നതു മാത്രമാണ്. അതില്‍ പുരുഷനോ സ്ത്രീയോ എന്നില്ല. 

ഞാനും വിവാഹമോചിത

അഞ്ച് വര്‍ഷം മുന്‍പാണ് ഞാന്‍ വിവാഹ മോചനം നേടുന്നത്. ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടമായിരുന്നു അത്. ബാക്കിയുള്ളവരുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകുമ്പോള്‍ നരകത്തില്‍ ജീവിക്കുന്നതുപോലെയായിരുന്നു എനിക്ക്. ഇഷ്ടപ്പെട്ടതെല്ലാം എനിക്ക് നഷ്ടമായി. കുടുംബത്തില്‍ നിന്ന് എനിക്ക് പിന്തുണ ലഭിച്ചില്ല. വിവാഹമോചനത്തെക്കുറിച്ച് പറയുമ്പോള്‍ കുടുംബത്തിന്റെ മാനം പോകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന സ്വാര്‍ത്ഥരാണ് ചുറ്റുമുള്ളത് എന്ന് ഞാന്‍ മനസിലാക്കി. വിവാഹമോചനം നേടിയതിനു പിന്നാലെ നാടും ജോലിയും വിട്ട് യുഎഇയിലേക്ക് വന്ന് പുതിയ ജീവിതം ആരംഭിച്ചു. ദുബായില്‍ സംരംഭകയാണ് ഇപ്പോള്‍. ഹാപ്പിലി ഡിവോഴ്‌സ്ഡായി ഞാന്‍ ജീവിക്കുന്നു. 

പുരുഷന്മാരുടെ വിവാഹമോചനം വ്യത്യസ്തം

നമ്മുടെ സമൂഹത്തില്‍ പുരുഷന്മാര്‍ പ്രിവിലേജ്ഡ് ആണ്. വിവാഹമോചനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. വിവാഹമോചനം നേടിയ പുരുഷന്മാര്‍ അടുത്ത ദിവസം മുതല്‍ ബാച്ചിലര്‍മാരായി മാറും. അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാനോ പുതിയ പങ്കാളിയെ കണ്ടെത്താനോ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഡിവോഴ്‌സ് നേടിയ സ്ത്രീകളുടെ മേലെ സമൂഹം സര്‍വൈലന്‍സ് കാമറ തിരിച്ചുവയ്ക്കും. സദാചാരത്തിന്റേയും കാമത്തിന്റേയും കണ്ണുകളായിരിക്കും അവരുടെ മേലെ. ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ അവര്‍ക്കാവില്ല. വിവാഹമോചനത്തിനുശേഷം നാട്ടില്‍ നില്‍ക്കാനാവാതെ നാടുവിട്ട ആളാണ് ഞാന്‍. വിവാഹമോചനത്തിന് ഒരുങ്ങുന്ന പല സ്ത്രീകളും എന്നോട് ചോദിക്കാറുണ്ട് ഇവിടെ ജോലികിട്ടാന്‍ വഴിയുണ്ടോ എന്ന്. മറ്റൊരു രാജ്യത്ത് ചെന്നാല്‍ ചോദ്യങ്ങളെ പേടിക്കാതെ സമാധാനത്തോടെ ജീവിക്കാനാവുമെന്ന് അവര്‍ കരുതുന്നു. 

മാറ്റങ്ങളുണ്ടായേ മതിയാകൂ

ഇന്നത്തെ സമൂഹത്തില്‍ വലിയ മാറ്റത്തിന്റെ പാതയിലാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ വന്ന ഒരു സര്‍വേ. ഭൂരിഭാഗം പെണ്‍കുട്ടികളും പറഞ്ഞത്, വിവാഹത്തിന് തയാറല്ല എന്നാണ്. വിവാഹം എന്ന സങ്കല്‍പം തന്നെ മാറി. തന്നെ സംരക്ഷിക്കാന്‍ ഒരാളെ അല്ല അവര്‍ തേടുന്നത്. തനിക്കൊപ്പം നില്‍ക്കുന്ന ഒരു പങ്കാളിയെ ആണ്. മുതലാളി തൊഴിലാളി ബന്ധം എന്ന അവസ്ഥയൊക്കെ മാറി. പുരുഷന് ഭക്ഷണം പാകം ചെയ്യാന്‍ വസ്ത്രം അലക്കാനും വീടു വൃത്തിയാക്കാനും വേണ്ടിയുള്ളതല്ല തങ്ങളുടെ ജീവിതം എന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു. കുടുംബം എന്ന സങ്കല്‍പ്പത്തെ തന്നെ പൊളിക്കുകയാണ് അവര്‍. 

ഇഷ്ടമല്ലാത്ത ബന്ധത്തില്‍ നിന്ന് പുറത്തുകടന്നാല്‍ കുടുംബത്തിന്റെ മാനം പോകും എന്ന ചിന്തയാണ് മാറേണ്ടത്. വിസ്മയയുടെ മരണം ഉണ്ടായതിനു പിന്നാലെ ഞാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ് എടുക്കുന്നതിനു മുന്‍പായി ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണം എന്നാണ്. 21കാരിയായ പെണ്‍കുട്ടി സംരക്ഷണം ചോദിച്ച് വീട്ടിലേക്ക് അല്ലാതെ എവിടേക്കാണ് പോകേണ്ടത്. ഞാനും ഇങ്ങനെ തിരിച്ചുവന്നിട്ടുള്ള ആളാണ്. എന്നാല്‍ സ്വന്തം വീടിനേക്കാള്‍ ഭേദമാണ് ഭര്‍തൃവീട് എന്ന് തോന്നി തിരിച്ചുപോവുകയാണ് ചെയ്തിട്ടുള്ളത്. വീട്ടില്‍ നിന്ന് പിന്തുണ ലഭിക്കില്ലെന്ന് മനസിലാവുന്നതോടെയാണ് പലരും മറ്റ് വഴികള്‍ ആലോചിക്കുന്നത്. പെണ്‍കുട്ടികളോട് വീട്ടിലേക്ക് തിരിച്ചുവരൂ എന്ന് വീട്ടുകാര്‍ പറയുകയാണെങ്കില്‍ വിവാഹമോചനം ഇപ്പോഴത്തേക്കാള്‍ ഇരട്ടിയാവും. വിവാഹമോചനം ഒരു കുറ്റമല്ല, സന്തോഷകരമായ ജീവിതം തിരഞ്ഞെടുത്തവരെ അവരുടെ വഴിക്ക് വിട്ടൂ എന്നാണ് ഹാപ്പിലി ഡിവോഴ്‌സ്ഡിലൂടെ എനിക്ക് പറയാനുള്ളത്. 

വിമര്‍ശനം പ്രതീക്ഷിക്കുന്നു

ഈ ഡോക്യുമെന്ററി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയാകും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്. ഞാന്‍ ഉള്‍പ്പടെയുള്ള നാല് സ്ത്രീകള്‍ക്കും ഇതേക്കുറിച്ച് ധാരണയുണ്ട്. ഇതിന്റെ പോസ്റ്റര്‍ പുറത്തുവന്നതുമുതല്‍ വിമര്‍ശനം ആരംഭിച്ചു. സ്വന്തമായി വിവാഹമോചനം നേടിയതും പോര മറ്റുള്ളവരുടെ ജീവിതം തകര്‍ക്കണോ എന്ന ചോദ്യവുമായി പലരും എത്തുന്നുണ്ട്. 

നവംബര്‍ 25ന് ഷാര്‍ജയില്‍ വച്ചാണ് ഹാപ്പിലി ഡിവോഴ്‌സ്ഡിന്റെ
ആദ്യ പ്രദര്‍ശനം നടക്കുക. ചിത്രം ഫിലിം ഫെസ്റ്റിവലുകളിലേക്ക് അയക്കാന്‍ താല്‍പ്പര്യമുണ്ട്. പല സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ ചിത്രം പ്രദര്‍ശിപ്പിക്കണം എന്നാവശ്യവുമായി ബന്ധപ്പെട്ടിരുന്നു. കേരളത്തില്‍ പ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com