'കുടൽ പുറത്തു വരുന്ന തരത്തിൽ ചോര ഛർദിക്കുകയാണ്, മകൻ വിളിച്ചിട്ടും ആ വൈദ്യൻ ഫോണെടുത്തില്ല': തുറന്നു പറഞ്ഞ് സലിം കുമാർ

'കരൾ മാറ്റ ശസ്ത്രക്രിയയെ ഭയന്നാണ് ഒരു സുഹൃത്തുവഴി വൈദ്യന്മാരെ കാണാനായി പോകുന്നത്'
സലിംകുമാര്‍/ ചിത്രം; ടിപി സൂരജ്
സലിംകുമാര്‍/ ചിത്രം; ടിപി സൂരജ്

രമ്പരാ​ഗത വൈദ്യം എന്നു പറഞ്ഞ് തട്ടിപ്പു നടത്തുന്നവർക്കെതിരെ നടൻ സലിം കുമാർ രം​ഗത്ത്. തനിക്ക് കരൾ രോ​ഗം സ്ഥിരീകരിച്ചതിനു പിന്നാലെ ചികിത്സയ്ക്കായി പോയ വൈദ്യന്മാരിൽ നിന്നുമുണ്ടായ അനുഭവമാണ് താരം പറഞ്ഞത്. കരൾ മാറ്റ ശസ്ത്രക്രിയയെ ഭയന്നാണ് ഒരു സുഹൃത്തുവഴി വൈദ്യന്മാരെ കാണാനായി പോകുന്നത്. അവർ തന്ന മരുന്ന് കഴിച്ച് രക്തം ഛർദിക്കുന്ന അവസ്ഥയിലെത്തി. ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സയും കരൾ മാറ്റിവയ്ക്കലിനും വിധേയനായതുകൊണ്ടാണ് താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നും സലിംകുമാർ പറഞ്ഞു. 

മരണം തൊട്ടുമുന്നിൽ കാണുന്ന സമയത്താണ് ബാല ആയാലും നമ്മളായാലും ആശുപത്രിയിൽ എത്തുന്നത് എന്നാണ് താരം പറയുന്നത്. കരളിന് അസുഖമാണെന്ന് അറിഞ്ഞപ്പോൾ താൻ ​ഗൂ​ഗിളിൽ നോക്കിയപ്പോൽ കരൾ മാറ്റിവയ്ക്കൽ മാത്രമേ ഒരു പ്രതിവിധി ഉള്ളൂ എന്ന് അറിഞ്ഞു. അത് ഞാൻ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. വേറെ മാർ​ഗങ്ങൾ അന്വേഷിച്ചു. കാൻസർ വരെ മാറ്റുന്ന ഒരു വൈദ്യൻ ഒറ്റപ്പാലത്തുണ്ടെന്ന് പറയുന്നത്  എറണാകുളത്തുള്ള എന്റെ സുഹൃത്തായ ഡിവൈഎസ്പിയാണ്. 51 ദിവസത്തിൽ ലിവർ സിറോസിസ് മാറ്റിത്തരുമെന്നാണ് പറഞ്ഞത്. 501 ദിവസം കഴിച്ചിട്ടും മാറാതായപ്പോൾ താൻ വൈദ്യനെ വിളിച്ചു. തനിക്ക് ഫോർത്ത് സ്റ്റേജ് കാൻസറാണെന്നും വെല്ലൂരിൽ ചികിത്സയിലാണെന്നുമാണ് വൈദ്യൻ പറഞ്ഞത്. - താരം വ്യക്തമാക്കി. 

പിന്നീട് സലിംകുമാർ പോയത് ചേർത്തലയുള്ള മോഹനൻ വൈദ്യരെ കണാനാണ്. തട്ടിപ്പാണെന്ന് അന്നേ മനസിലായെന്നാണ് സലിം കുമാർ പറയുന്നത്.  പുള്ളി എന്നോട് പറഞ്ഞു ഇംഗ്ലിഷിൽ ഇതിനു മരുന്നില്ല. അയാൾ കുറെ മരുന്ന് കുറിച്ച് തന്നു. തൊട്ടപ്പുറത്ത് ഇയാൾ ജൈവ വളം കൊണ്ട് ഉൽപാദിപ്പിച്ച നെല്ല്, ചേന, കാച്ചിൽ ഒക്കെ ഇരിപ്പുണ്ട് ഇതും വാങ്ങണം നമ്മൾ.  ഭയങ്കര വിലയാണ്.  ഇതല്ലാതെ വേറൊന്നും കഴിക്കരുത് എന്ന് പറഞ്ഞിട്ട് ഒരു പശു കഴിക്കുന്ന പുല്ല് പറിച്ചു തന്നു.  ബാക്കി ഉള്ളത് ഭാര്യ വീട്ടിൽ നിന്ന് പറിക്കണം.  ഞാൻ ഈ സാധനം കഴിച്ചു തുടങ്ങി.  എനിക്ക് ഛർദിൽ തുടങ്ങി.  ചോര ആണ് ഛർദിക്കുന്നത്. എന്റെ മകൻ വൈദ്യരെ വിളിച്ചു ചോദിച്ചു എന്താണ് ഇങ്ങനെ.  വൈദ്യർ പറയുകയാണ് അകത്ത് കുറച്ച് ബ്ലഡ് കിടപ്പുണ്ട് അത് പുറത്തുകളയാൻ ഞാൻ ഒരു മരുന്ന് കൊടുത്തിട്ടുണ്ട് അത് ഛർദിച്ച് പോകട്ടെ എന്ന്. അകത്തു കിടന്നതും പോയി പിന്നെ കുടൽ കൂടി പുറത്തു വരുന്ന തരത്തിൽ ചോര ഛർദിക്കുകയാണ്.  ഞാൻ മകനോട് പറഞ്ഞു ഒന്നുകൂടി വിളിച്ച് ചോദിക്ക്. അവൻ വിളിച്ചിട്ട് പറഞ്ഞു അച്ഛാ അയാൾ ഫോൺ എടുക്കുന്നില്ല. അതെങ്ങനെ ശരിയാവും ഞാൻ അയാളെ വിശ്വസിച്ചാണ് മരുന്നു കഴിക്കുന്നത്. പിന്നീട് ഞാൻ വിളിച്ചു അപ്പോഴും എടുത്തില്ല അങ്ങനെ കുറെ പ്രാവശ്യം വിളിച്ചപ്പോൾ അയാൾ എടുത്തു, എന്നിട്ട് പറഞ്ഞു, ‘‘വേഗം ആശുപത്രിയിൽ കൊണ്ടുപോയി കൊള്ളൂ’’ എന്ന്.- സലിം കുമാർ പറഞ്ഞു. 

ഈ വൈദ്യൻ കള്ളനാണെന്ന് ഡിവൈഎസ്പിയെ വിളിച്ചുപറഞ്ഞപ്പോൾ മലയാറ്റൂർ ഒരു വൈദ്യൻ ഉണ്ടെന്ന് പറഞ്ഞു. ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം അവിടെ പോയി. 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെ ആക്കി വേറെ എന്തോ സാധനവും കൂടി അതിൽ ഇട്ട് കഴിക്കാനാണ് പറഞ്ഞത്. രാവിലെ മുതൽ എന്റെ ഭാര്യ 500 തേങ്ങയുടെ വെള്ളമെടുത്ത് രാത്രി വരെ ഇരുന്ന് ഇത് വറ്റിച്ച് വറ്റിച്ച് തളർന്നു.  ഒടുവിൽ ലേഹ്യം റെഡിയായപ്പോൾ ഭാര്യയ്ക്ക് സന്തോഷമായി, ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്ന് ഉണ്ടാക്കാൻ പറ്റിയല്ലോ. ഇത് ഞാൻ കഴിച്ചതും ഛർദി കൂടി എന്റെ ശരീരം ഇതൊന്നും താങ്ങുന്നില്ല. ഭാര്യ വൈദ്യരെ വിളിച്ചു കാര്യം പറഞ്ഞു.  അപ്പോൾ അയാൾ പറഞ്ഞു ശരീരം റിജക്ട് ചെയ്യുകയാണ് നിങ്ങൾ ഒരു കാര്യം ചെയ്യൂ, ഈ മരുന്ന് കളയണ്ട ദേഹം പൊള്ളുമ്പോൾ പുരട്ടാം വച്ചേക്കു. ശരീരം പൊള്ളുമ്പോൾ ലിവർ സിറോസിസിന്റെ മരുന്ന് പുരട്ടാം എന്ന് പറയുകയാണ് വൈദ്യര്. ഭാര്യ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് അടുപ്പിൽ നിന്ന് എന്തെങ്കിലും പൊള്ളൽ ഉണ്ടായാൽ ഉടനെ ലിവർ സിറോസിസിന്റെ മരുന്നെടുത്ത് അതിൽ പുരട്ടും. ഇതുപോലെ എത്രയോ  വൈദ്യന്മാർ ഉണ്ട്. 

കിഡ്നി എന്ന് പറഞ്ഞാൽ വൃഷണം ആണെന്ന്  വിചാരിക്കുന്ന വൈദ്യന്മാർ ഉണ്ടെന്നും സലിംകുമാർ പറയുന്നു.. എന്നോട് ഒരു വൈദ്യൻ പറഞ്ഞു ഒരാൾ അയാളുടെ രണ്ട് കിഡ്നിയും ഞെരിച്ചിട്ടാണ് വന്നിരിക്കുന്നത്.  അപ്പോൾ ഞാൻ ചോദിച്ചു കിഡ്നി ഞെരിക്കാൻ പറ്റുമോ.  വൃഷണത്തിനെയാണ് പുള്ളി കിഡ്നി എന്ന് പറയുന്നത്.  ഇവന്റെ അടുത്ത് പോയിട്ടാണ് ലിവർ സിറോസിസിനുള്ള മരുന്ന് വാങ്ങുന്നത്. ഇവരൊക്കെ അന്തം വിട്ട പ്രതികളാണ് ഇവരൊക്കെ എന്തിനും ചികിത്സിക്കും.  ക്രൂരമാണ് ഇവരൊക്കെ ചെയ്യുന്നതെന്നും സലിംകുമാർ പറഞ്ഞു. തന്നെ ചികിത്സിച്ച് ഭേദമാക്കി എന്ന് കള്ളം പറഞ്ഞ്  ചികിത്സ നടത്തുന്നവരുണ്ടെന്നും സലിം കുമാർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com