'ഉപ്പ മരിച്ച് 40 തികയും മുൻപേ മമ്മൂക്കയെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒൻപതാം ക്ലാസുകാരൻ'

'അന്നത്തെ എന്റെ ഭ്രാന്തുകളിൽ ഒന്നാമതാണ് മമ്മൂക്ക. ഫാനെന്നൊന്നും പറഞ്ഞാൽ പോര, മമ്മൂട്ടി എന്റെ രക്തത്തിൽ അലിഞ്ഞ കാലമാണത്'
മമ്മൂട്ടിയും ഇർഷാദും/ ഫെയ്സ്ബുക്ക്
മമ്മൂട്ടിയും ഇർഷാദും/ ഫെയ്സ്ബുക്ക്


മ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് നടൻ ഇർഷാദ്. ഉപ്പ മരിച്ച് 40 തികയും മുൻപ് മമ്മൂട്ടിയുടെ നിറക്കൂട്ട് കാണാൻ പോയതിനെക്കുറിച്ചാണ് ഇർഷാദ് കുറിച്ചത്. ഒൻപതാം ക്ലാസിലായിരുന്നു ഇർഷാദ്. അന്നത്തെ തന്റെ ഭ്രാന്തുകളിൽ ഒന്നാമതായിരുന്നു മമ്മൂക്ക എന്നാണ് ഇർഷാദ് പറയുന്നത്. ഉപ്പയുടെ 40 വിളിക്കാൻ പോകുന്നു എന്നു പറഞ്ഞാണ് നിറക്കൂട്ട് കാണാൻ പോയത്. വർഷങ്ങൾക്കിപ്പുറം തന്റെ ഉമ്മ മരിച്ചപ്പോൾ മമ്മൂക്ക വീട്ടിൽ എത്തിയെന്നും താരം കുറിച്ചു. 

ഇർഷാദിന്റെ കുറിപ്പ് വായിക്കാം

ഉപ്പ മരിച്ച ഓർമ്മ പോലും ഒരു സിനിമാക്കഥയായാണ് എപ്പോഴും തികട്ടി വരിക.   പൂവച്ചൽ ഖാദറിന്റെ ‘പൂമാനമേ ഒരു രാഗമേഘം താ’ എന്ന പാട്ട് കേൾക്കുമ്പോൾ എനിക്കതോർമ്മ വരും. അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റ്‌ പടമായിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷിയെടുത്ത മമ്മൂക്കയുടെ ‘നിറക്കൂട്ട് ’. 

അന്നത്തെ എന്റെ ഭ്രാന്തുകളിൽ ഒന്നാമതാണ് മമ്മൂക്ക. ഫാനെന്നൊന്നും പറഞ്ഞാൽ പോര, മമ്മൂട്ടി എന്റെ രക്തത്തിൽ അലിഞ്ഞ കാലമാണത്. 
ഉപ്പ മരിച്ചതൊന്നും ജൂബിലി പ്രോഡക്ഷൻസിനു അറിഞ്ഞു കൂടല്ലോ. നിറക്കൂട്ട് റിലീസായി,  നാൽപ്പത് കഴിയാതെ എങ്ങോട്ടും തിരിയാൻ പറ്റില്ല. മകനാണ്,  നാൽപ്പത് വലിയ ചടങ്ങാണ്.  എത്ര സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും മമ്മൂക്ക ഉള്ളിൽ നിന്ന് വിളിച്ചുകൊണ്ടേയിരുന്നു, ‘ നിനക്കെന്നെ കാണണ്ടേ? ഒന്ന് വന്നേച്ചും പോടാ.  ഉപ്പയ്ക് അതൊക്കെ മനസിലാവും ’. നാൽപ്പത് വിളിക്കാൻ കുടുംബ വീടുകളിൽ പോകണം.  മുതിർന്നവർ ഉണ്ടെങ്കിലും, ചില സ്ഥലങ്ങളിൽ പറയാനുള്ള ജോലി വാശിപിടിച്ചു വാങ്ങി പുറത്ത് ചാടി.  അങ്ങനെ പോയാണ് നിറക്കൂട്ട് കാണുന്നത്.  ഒരുപാടുകൊല്ലങ്ങൾക്കിപ്പുറം ഉമ്മ മരിച്ച ദിവസം ഞാനതൊക്കെ വീണ്ടുമോർത്തു.  ഉമ്മയ്ക് കാൻസറായിരുന്നു.  അത് തിരിച്ചറിഞ്ഞ ദിവസം ഞാനെടുത്ത ഒരു പടമുണ്ട്.  ഇപ്പോഴും എപ്പോഴും എന്നേക്കും എന്നെ കരയിക്കുന്ന പടം.  

ഉമ്മ പോയി,  നാലു മണിക്കാണ് മയ്യത്തെടുത്തത്.  കബറടക്കം കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് മമ്മൂക്ക വന്നത്. ആന്റോ ജോസഫും മമ്മൂക്കയും. സിനിമാക്കാർ പലരും അന്നവിടെ ഉണ്ട്.  പക്ഷെ മമ്മൂക്കയുടെ വരവ് അങ്ങനെയല്ല.  അതൊരു ചരിത്ര ദൗത്യമാണ്.  എനിക്ക് പറയണമെന്നുണ്ടായിരുന്നു, “മമ്മൂക്കാ,  ഉപ്പ മരിച്ചു നൽപ്പത് തികയും മുൻപ് നിങ്ങളെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒരൊമ്പതാം ക്ലാസുകാരനുണ്ട്.  അവന്റെയുമ്മയുടെ മയ്യത്തടക്കിയ നേരത്ത് നിങ്ങൾ വരാതെങ്ങനെയാണ് !‘ എന്ന്.
പ്രിയപ്പെട്ട മമ്മുക്കാക്ക് ഒരായിരം ജന്മദിനാശംസകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com